മലയാള സാഹിത്യലോകത്ത് എക്കാലവും ജ്വലിച്ചു നിൽക്കുന്ന നമ്മുടെ ബേപ്പൂർ സുൽത്താൻ എന്ന കഥാകാരൻ!
ഇന്ന് ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ സ്മൃതി ദിനം.
1908 ജനവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു.
കായിഅബ്ദുറഹ്മാൻ, കുഞ്ഞാത്തുമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്തയാളായിരുന്നു ബഷീർ.
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീർ.
സ്വതസിദ്ധമായ രചനാ ശൈലികൊണ്ട് മലയാളി മനസ്സുകളിൽ നക്ഷത്രശോഭയോടെ ജ്വലിച്ചു നിൽക്കുന്ന സാധാരണക്കാരായ വായനക്കാരുടെ കഥാകാരൻ ! വൈക്കം മുഹമ്മദ് ബഷീർ.
സർവ്വാദരണീയനായ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടാണ് ബഷീറിന്റെ രചനകളെല്ലാം തന്നെ ജനപ്രീതി നേടിയത്.
ഒരേ സമയം വായനക്കാരനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരിയിപ്പിക്കാനും കഴിയുന്ന ലളിതമായ ഭാഷ, ഹൃദ്യമായ ആഖ്യാന ശൈലി.
ഹാസ്യത്തിലൊളിപ്പിച്ച വിമർശനാത്മകമായ ചോദ്യങ്ങൾ സമൂഹത്തിന് നേരെ ഉയർത്താൻ തന്റെ രചനകളിലൂടെ അദ്ദേഹം ശ്രമിച്ചു.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീവ്രതയാകാം അദ്ദേഹത്തിന്റെ രചനകളെയും അദ്ദേഹത്തേയും അനശ്വരമാക്കുന്നത്.
ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ വായനക്കാരന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. കേശവൻ നായരേയും സാറാമ്മയേയും മറക്കാനാവില്ല പ്രേമലേഖനം എന്ന കൃതിയുടെ വായനക്കാർക്ക് .
സമുദായ സൗഹാർദ്ദത്തിനോ, സന്മാർഗ്ഗചിന്തയ്ക്കോ കോട്ടംതട്ടാത്ത വിധത്തിൽ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിച്ച ബഷീറിന്റെ പ്രേമലേഖനം വായിക്കാത്തവർ ചുരുക്കമായിരിക്കും.
പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമ ലേഖനം . അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ എഴുതിയത്. രാജ്യദ്രോഹപരമായി ഈ രചനയിൽ ഒന്നും ഇല്ലെങ്കിലും 1944 ൽ ഇത് നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു.
വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായി മാറിയത് അദ്ദേഹത്തിന്റെ രചനാപാടവം തന്നെയാണ്.
സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ , അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി.
സ്നേഹദാരിദ്ര്യം കൊണ്ട് വീടുപോലും ജയിലായി മാറിപ്പോകുമ്പോൾ, ജയിലിനെപ്പോലും സ്നേഹത്തിൻ്റെ പൂങ്കാവനമാക്കിത്തീർത്തു ബഷീർ.
ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം.
വൈവിധ്യമാർന്ന മനുഷ്യ കഥാപാത്രങ്ങളെപ്പോലെത്തന്നെ പ്രകൃതിയും അതിലെ അസംഖ്യം ജീവജാലങ്ങളും ബഷീർ കൃതികളിൽ സജീവമായി നിലനില്ക്കുന്നു.
പുഴുവിനും പൂമ്പാറ്റയ്ക്കും പുല്ലിനും വൗവ്വാലിനും മീനിനും മാനിനും കാക്കയ്ക്കും പൂച്ചയ്ക്കും കീരിക്കും കുറുക്കനും കുരങ്ങനുമെല്ലാം ബഷീർ തൻ്റെ സർഗ്ഗാത്മക മണ്ണിലിടം കൊടുത്തു.
ഭൂമിയുടെ അവകാശികളും, തേന്മാവും വായിക്കുമ്പോൾ നമ്മൾ നാമറിയാതെ പാരിസ്ഥിതിക വിവേകത്തിൻ്റെ സൗന്ദര്യബോധത്തിലേക്ക് എത്തിച്ചേരുന്നു.
ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ, വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല.
സമൂഹത്തിനുനേരെയുള്ള വിമർശനാത്മക ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വെച്ചു.
അതീവലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ രചനകൾ മലയാളവായനക്കാർക്കു പാരായണസുഗമങ്ങളായിരുന്നെങ്കിലും പരിഭാഷകർക്കു ബുദ്ധിമുട്ടുണ്ടാക്കി.
എന്നിരുന്നാലും ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ൻ്റുപ്പാപ്പക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജ്ജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബാല്യകാലസഖി, മതിലുകൾ, ഭാർഗ്ഗവി നിലയം തുടങ്ങിയ നോവലുകൾ സിനിമയാക്കിയിട്ടുണ്ട്.
1970 ൽ സാഹിത്യ അക്കാദമി അവാർഡിനർഹനായി. 1982 ൽ പത്മശ്രീ പുരസ്ക്കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അതേ വർഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.
മലയാള സാഹിത്യ ലോകത്തെ പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ് അക്ഷര സുൽത്താനായ വൈക്കം മുഹമ്മദ് ബഷീർ.
ഭാഷയിൽ സ്വന്തമായൊരു ഇരിപ്പിടം സൃഷ്ടിക്കുകയും തന്റേതായ ഭാഷാശൈലി കൊണ്ട് മലയാളിയുടെ ഭാഷാലാവണ്യബോധത്തെ അട്ടിമറിക്കുകയും ചെയ്ത് കൊണ്ട് അദ്ദേഹം സമ്പന്നമാക്കിയ ഭാഷാസാഹിത്യം ഇതിഹാസത്തിന്റെ ഭാഗം തന്നെയാണ്.
മലയാള സാഹിത്യത്തിന്റെ ഉമ്മറക്കോലായിൽ ബഷീറിന്റെ ചാരുകസേര ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.
……….പ്രേമലേഖനത്തിലെ സാറാമ്മ, മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബ,
ഭാര്‍ഗവീനിലയത്തിലെ ഭാര്‍ഗവിക്കുട്ടി, ബാല്യകാലസഖിയിലെ സുഹ്റ, ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നുവിലെ കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, പൂവന്‍പഴത്തിലെ ജമീലാബീബി, കാമുകന്റെ ഡയറിയിലെ ദേവി, മതിലുകളിലെ നാരായണി തുടങ്ങി എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മലയാളത്തിൻ്റെ സ്വന്തം സുൽത്താൻ ….!
തന്റെ എല്ലാ രചനകളിലും ജാതിക്കും മതത്തിനുമപ്പുറം മനുഷ്യമനസ്സിന്റെ നന്മയും സൗന്ദര്യവും കാണാൻ ശ്രമിച്ച സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്…. ഇമ്മിണി ബല്യ ഒന്നിന്….
ഓർമ്മയുടെ ഒരായിരം സ്നേഹപ്പൂക്കൾ …