കൂറ്റന്‍ ജയത്തോടെ അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 435 റണ്‍സ് നേടിയ ടീം, റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവും സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ തുടക്കം മുതല്‍ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പ്രതിക റാവലും ചേര്‍ന്ന് നേടിയത് 233 റണ്‍സാണ്. 135 റണ്‍സോടെ ഏകദിനത്തിലെ പത്താം സെഞ്ച്വറി കുറിച്ച സ്മൃതി അന്താരാഷ്ട്ര സെഞ്ചുറി വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി. ഒരു ഇന്ത്യക്കാരിയുടെ ഏകദിനത്തിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡും ഈ മത്സരത്തില്‍ സ്മൃതിക്ക് സ്വന്തമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വപ്നതുല്യമായ യാത്ര തുടരുന്ന പ്രതിക റാവല്‍ നേടിയത് 154 റണ്‍സാണ്. അര്‍ദ്ധ സെഞ്ചുറിയോടെ റിച്ചാ ഘോഷും കൂടി തിളങ്ങിയതോടെ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സിലെത്തി. ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡ് പൊരുതുക പോലും ചെയ്യാതെ 131 റണ്‍സില്‍ ഓള്‍ഔട്ടായി. ദീപ്തി ശര്‍മ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തനുജ കന്‍വാര്‍ രണ്ട് വിക്കറ്റ് നേടി. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും ഉയര്‍ന്ന ജയമാണിത്. പ്രതിക റാവല്‍ ആണ് മത്സരത്തിലെയും പരമ്പരയുടെയും താരം/ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരുകയും ചെയ്തു.