Saturday, October 19, 2024
Homeഅമേരിക്കറെയിൽ സ്തംഭനം എട്ടുലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ചു ഒളിമ്പിക്സില്‍ അട്ടിമറി നീക്കം ; റെയിൽ ലൈനുകളില്‍ ആസൂത്രിത...

റെയിൽ സ്തംഭനം എട്ടുലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ചു ഒളിമ്പിക്സില്‍ അട്ടിമറി നീക്കം ; റെയിൽ ലൈനുകളില്‍ ആസൂത്രിത ആക്രമണം.

പാരിസ്‌ ഒളിമ്പിക്സ്‌ ഉദ്‌ഘാടനത്തിന്‌ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ആതിഥേയ രാഷ്ട്രമായ ഫ്രാൻസിനെ നിശ്ചലമാക്കി റെയിൽ ലൈനുകളില്‍ ആസൂത്രിത ആക്രമണം. ദേശീയ റെയിൽ കമ്പനിയായ എസ്‌എൻസിഎഫിന്റെ അതിവേഗ റെയിൽ ശൃംഖല തീയിട്ട്‌ നശിപ്പിക്കാനാണ്‌ വ്യാഴം രാത്രി നീക്കമുണ്ടായത്‌. അറ്റ്‌ലാന്റിക്‌, നോർഡ്‌, എസ്റ്റ്‌ എന്നിവിടങ്ങളില്‍ ഒരേസമയം തീപടര്‍ന്ന് പാളത്തില്‍ കേടുപാടുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലും ഇതേസമയം തീവയ്പ്‌ ശ്രമമുണ്ടായി. റെയിൽ സ്തംഭനം എട്ടുലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ചു. ഗതാഗതം വെള്ളി വൈകിട്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. പൂർവസ്ഥിതിയിലെത്താൻ ദിവസങ്ങളെടുക്കും. രാജ്യാന്തര സർവീസായ യൂറോസ്‌റ്റാറിന്റെ നാലിലൊന്ന്‌ സർവീസുകളും നിർത്തി.

ഒളിമ്പിക്സിനെത്തിയ അത്‌ലീറ്റുകളുടെയടക്കം യാത്ര തടസ്സപ്പെട്ടു. അത്‌ലീറ്റുകൾക്കായി ഏർപ്പെടുത്തിയ നാല്‌ അതിവേഗ ട്രെയിനിൽ രണ്ടെണ്ണം അറ്റ്‌ലാന്റിക്‌ സ്‌റ്റേഷനിലൂടെ കടന്നുപോകേണ്ടിയിരുന്നു. ജർമനിയിൽനിന്ന്‌ ട്രെയിനിൽ വരികയായിരുന്ന രണ്ട്‌ അത്‌ലീറ്റുകളുടെ യാത്ര ബെൽജിയത്തിൽ എത്തിയപ്പോഴേക്കും മുടങ്ങി. ഇവർക്ക്‌ മത്സരത്തിൽ പങ്കെടുക്കാനായേക്കില്ല.

ഒളിമ്പിക്സ്‌ ഉദ്‌ഘാടനത്തിനായി പാരിസ്‌ കനത്ത സുരക്ഷാവലയത്തിലിരിക്കെയുള്ള ആക്രമണം പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണിനെ പ്രതിരോധത്തിലാക്കി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ ഉദ്‌ഘാടനം സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ നഗരത്തിലാകമാനം പടരുംവിധമുള്ള സംഘടാനം ഒരുക്കിയിരിക്കവെയാണ്‌ ലോകത്തെയാകെ ആശങ്കയിലാക്കിയ ആക്രമണം. വിവിധ രാജ്യങ്ങളിൽനിന്നായി 10,714 അത്‌ലീറ്റുകളാണ് ന​ഗരത്തിലുള്ളത്.സംഭവത്തെ തുടർന്ന്‌ ഒളിമ്പിക്സ്‌ ഉദ്‌ഘാടന വേദിയിലടക്കം സുരക്ഷ ശക്തമാക്കി.

വടക്ക്‌, വടക്കുപടിഞ്ഞാറ്‌, കിഴക്ക്‌ മേഖലകളിൽനിന്ന്‌ പാരിസിലേക്കുള്ള റെയിൽ ഗതാഗതം സ്തംഭിപ്പിക്കാനാണ് നീക്കമുണ്ടായെന്ന് എസ്‌എൻസിഎഫ്‌ അറിയിച്ചു. അതിവേഗ റെയിൽ ശൃംഖല ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമാണ്‌ ഉണ്ടായതെന്ന്‌ ഫ്രാൻസ്‌ ഗതാഗത മന്ത്രി പാട്രിസ്‌ വെർഗ്രീറ്റ്‌ പറഞ്ഞു. ഒളിമ്പിക്സ്‌ ഒരുക്കം അട്ടിമറിക്കാൻ നേരത്തേയും ശ്രമങ്ങളുണ്ടായെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സുരക്ഷയ്ക്കായി ജർമനി, സ്വിറ്റ്‌സർലാൻഡ്‌ അതിർത്തിയിലുള്ള ബേസൽ മുൽഹൗസ്‌ വിമാനത്താവളം ഒഴിപ്പിച്ചു. യൂറോപ്പിലെതന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്‌റ്റേഷനായ പാരിസിലെ നോർഡിലടക്കം വലിയ ജനക്കൂട്ടമുണ്ടായി. അതിനിടെ, ഉദ്‌ഘാടന ചടങ്ങില്‍ അതിഥിയായി എത്തിയ ബ്രസീൽ മുൻഫുട്‌ബോൾ താരത്തെ കൊള്ളയടിച്ചതായി റിപ്പോർട്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments