Friday, September 20, 2024
Homeകേരളംനിപ :- പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിൽ അധിക നിയന്ത്രണങ്ങൾ ജില്ല കളക്ടർ വിആർ വിനോദ്...

നിപ :- പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിൽ അധിക നിയന്ത്രണങ്ങൾ ജില്ല കളക്ടർ വിആർ വിനോദ് ഉത്തരവിട്ടു

മലപ്പുറം: നിപ വ്യാപിക്കുന്നതിനാൽ പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളിൽ നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമേ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയും ജില്ലാ കളക്ടർ വിആർ വിനോദ് ഉത്തരവിട്ടു.

നിപ രോഗ വ്യാപനം തടയുന്നതിന്റെയും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നടപടി.വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും പ്രവൃത്തിസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയായി നിജപ്പെടുത്തിയ ഉത്തരവിൽ ഇളവ് വരുത്തിയിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചുവരെ പുതിയ ഉത്തരവുപ്രകാരം പ്രവർത്തിക്കാം.

  • പൊതുജനങ്ങൾ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം.
  • ജില്ലയിൽ പൊതു പരിപാടികളിലും സമ്മേളനങ്ങളിലും വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയിലും, ഒത്തുചേരലുകളിലും, കലാകായിക പരിപാടികളിലും, മേളകളിലും, ഉദ്ഘാടന പരിപാടികളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. ഇപ്രകാരം സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും N95 മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പങ്കെടുക്കുന്ന ആളുകളുടെ മേൽ വിലാസം, ഫോൺ നമ്പർ എന്നിവ സംഘാടകർ രേഖപ്പെടുത്തി സൂക്ഷിക്കുകയും ഇത് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുകയും വേണം
  •  പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പെൻഷൻ മസ്റ്ററിങ് നടത്തുന്നതിന് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കേണ്ടതില്ല. നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിനനുസരിച്ച് പഞ്ചായത്തുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പുറത്തുവന്ന 11 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും തിരുവനന്തപുരത്തെ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതിൽ ഉൾപ്പെടും

നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 194 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെട്ടവരിൽ 139 പേർ ആരോഗ്യപ്രവർത്തകരാണ്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങൾ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാർജ് ചെയ്യും. ഇവർ പ്രോട്ടോകോൾ പ്രകാരമുള്ള ഐസൊലേഷനിൽ തുടരണം.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച 6642 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 3702 വീടുകളും ആനക്കയത്ത് 2940 വീടുകളും സന്ദർശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പാണ്ടിക്കാട്ടെ നാലു കേസുകൾ മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദർശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ ക്ലാസ് പിടിഎ ചേർന്നിരുന്നു. കുട്ടികൾക്ക് കൗൺസലിങ് ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായത്തോടെ നൽകും. അധ്യാപകർക്കും സംശയ നിവാരണം നൽകും.

വവ്വാലുകളിൽനിന്ന് സാംപിൾ ശേഖരിക്കുന്നതിനായി പൂനെ എൻഐവിയിൽ നിന്നുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച ജില്ലയിൽ എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകൾ സന്ദർശിച്ച് ഇവർ വൈറസിന്റെ ജീനോമിക് സർവേ നടത്തും. സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലിൽ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവർ വവ്വാലുകൾക്കായി മാപ്പിങ് നടത്തും.

രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ചേർന്നിരുന്നു. നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.
നിപ സ്രവ പരിശോധയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈൽ ലബോറട്ടറി ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും. ലബോറട്ടറി സ്ഥാപിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധർ ജില്ലയിലെത്തി മഞ്ചേരി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയിട്ടുണ്ട്. മൊബൈൽ ലബോറട്ടറി വരുന്നതോടെ കൂടുതൽ സാംപിളുകൾ പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ്‍ വൺ സപ്ലിമെന്ററി അലോട്ട്മെന്റ് നിപ പ്രോട്ടോകോൾ പാലിച്ച് തിങ്കളാഴ്ച ജില്ലയിൽ നടത്തി. ഇതേ നിയന്ത്രണങ്ങളോടെ അടുത്ത ദിവസവും അലോട്ട്മെന്റ് തുടരും. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ കർശനമായി പാലിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പോളിടെക്നിക് അലോട്ട്മെന്റും ഇപ്രകാരം നടത്തുമെന്നും മന്ത്രി അറിയിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments