Monday, December 23, 2024
Homeകേരളംനേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി

മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം നേടിയത് 50 പേറ്റന്റുകള്‍

പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതികവിദ്യാ കൈമാറ്റ വിശദാംശങ്ങള്‍ പങ്കുവെച്ച് ഗവേഷകര്‍

ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും മികവിന്റെ തിളക്കവുമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി. രാജ്യത്തെ മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം 50 പേറ്റന്റുകള്‍ നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. പി ആര്‍ ഹരികൃഷ്ണ വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതിക വിദ്യാ കൈമാറ്റ വിശദാംശങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അണുബാധയേറ്റ എല്ലുകളിലേക്ക് ബീഡുകള്‍ മുഖേന ആന്റീബയോട്ടിക് എത്തിക്കുന്ന വിദ്യയിലെ മുന്നേറ്റമാണ് ആദ്യത്തേത്. നേരത്തേ ആന്റീബയോട്ടിക് എത്തിക്കുന്ന ബീഡുകള്‍ നീക്കം ചെയ്യാന്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നെങ്കില്‍ അസ്ഥിയുമായി സംയോജിച്ച് ചേരുന്ന ബയോ ആക്ടീവ് എച്ച് എ-ടി സി പി സെറാമിക് ബീഡുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ചിട്ടുള്ളത്.

ഹൃദയ വാല്‍വുകളിലെ തടസങ്ങള്‍ കണ്ടെത്താനായി ആന്‍ജിയോഗ്രാഫിക് കോണ്‍ട്രാസ്റ്റ് ഹൃദയധമനികളിലേക്ക് കുത്തിവെക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് കോണ്‍ട്രാസ്റ്റ് ഇന്‍ജക്ടര്‍റാണ് മറ്റൊന്ന്. 3 ഡി ബയോപ്രിന്റിംഗ് വിദ്യയിലൂടെ സജീവ ശരീര കലകള്‍ സൃഷ്ടിക്കുന്നതിനായി ജലാറ്റിനെ രാസപരമായി പരിഷ്‌ക്കരിച്ച ബയോ ഇങ്കാണ് മറ്റൊരു പേറ്റന്റ് നേട്ടം കൈവരിച്ചത്.

അവയവമാറ്റ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന രീതിയില്‍ കരള്‍ പോലെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുളള സജീവ ശരീര കലകള്‍ ഇതിലൂടെ സൃഷ്ടിക്കാമെന്ന് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ‘ചിത്ര ജെല്‍മ യു വി എസ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ബയോ ഇങ്ക് ഉപയോഗിച്ച് ത്രിമാന പ്രിന്റിംഗ് വഴിയാണ് ശരീര കലകള്‍ സൃഷ്ടിച്ചെടുക്കുക.

ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളജുമായി സഹകരിച്ച്, രോഗികളുടെ ഗതാഗതത്തിനായി വികസിപ്പിച്ചിട്ടുള്ള യന്ത്രവത്കൃത ട്രോളി ഇ ഡ്രൈവാണ് പേറ്റന്റ് ലഭിച്ച മറ്റൊരു കണ്ടുപിടിത്തം. മൂന്ന് ചക്രങ്ങളുളള ഇ ഡ്രൈവ് ഏതു തരത്തിലുള്ള സ്ട്രച്ചറുകളുമായും അനായാസമായി ഘടിപ്പിക്കാനാകും വിധമാണ് വികസിപ്പിച്ചിട്ടുള്ളത്. കുത്തനേയുളള ചരിവുകളിലൂടെ സ്്ട്രച്ചറുകളുടെ സുഗമമായ സഞ്ചാരം ഉറപ്പിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. വിവിധ രോഗങ്ങള്‍ക്കുളള ശസ്ത്രക്രിയക്ക് മുമ്പ് രോഗാവസ്ഥ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും വിധം രോഗിയുടെ സി ടി, എം ആര്‍ ചിത്രങ്ങള്‍ 3ഡിയായി കാണാന്‍ സഹായിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി സംവിധാനമാണ് മറ്റൊന്ന്. ഇതിലൂടെ സി ടിയിലെ ദ്വിമാന ചിത്രങ്ങള്‍ അവയവങ്ങളുടെ വലിപ്പം വ്യക്തമാകുന്ന തരത്തില്‍ ത്രിമാനമായി കാണാന്‍ കഴിയും. എം ബി ബി എസ് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവയവ പഠനത്തിനും പുതിയ സങ്കേതിക വിദ്യ സഹായകമാകും.

മസ്തിഷ്‌ക ശസ്ത്രക്രിയാ വേളയില്‍ ശസ്ത്രക്രിയ ചെയ്യുന്ന മേഖല കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന ‘ചിത്ര പീക്കോക്ക് റിയാക്ടര്‍’ എന്നതാണ് പേറ്റന്റ് ലഭിച്ച് മറ്റൊരു കണ്ടെത്തല്‍. ആഴത്തിലുളള മുഴകള്‍ നീക്കം ചെയ്യാന്‍ കഴിയും വിധം ചെറുതില്‍ നിന്ന് വലുതിലേക്ക് വികസിപ്പിക്കാന്‍ കഴിയും വിധമാണ് ‘ചിത്ര പീക്കോക്ക് റിയാക്ടര്‍’ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മേല്‍പ്പറഞ്ഞ കണ്ടെത്തലുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments