ന്യൂഡൽഹി: 2024 ലോക് സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ശശി തരൂരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദാണ് ശശി തരൂർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നത് ഞാൻ നേരിട്ട് കണ്ടു എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
കരൺ ഥാപ്പറിനെതിരെ പബ്ലിഷ് ചെയ്ത ഒരു പോസ്റ്റിലാണ് ശശി തരൂരിൽ നിന്നും ഒരു സ്ത്രീക്ക് ഉണ്ടായ ദുരനുഭവം താൻ നേരിട്ട് കണ്ട കാഴ്ച ജയ് ആനന്ദ് വെളിപ്പെടുത്തിയത്.
2022 ഒക്ടോബര്‍ 11ന് ദല്‍ഹിയിലെ ഹോട്ടലിൽ വച്ചാണ് പ്രസ്തുത സംഭവം നടന്നതെന്ന് ജയ് ആനന്ദ് വെളിപ്പെടുത്തി. കരണ്‍ ഥാപ്പര്‍ ഇതുമായി ബന്ധപ്പെട്ട് അയച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ജയ് ആനന്ദ് സമൂഹ മാദ്ധ്യമമായ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നതിന് പകരം വൃത്തികെട്ട, ശശിയെ പിന്തുണച്ച രാക്ഷസനാണ് കരൺ ഥാപ്പർ എന്നാണ് അഭിഭാഷകന്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.
അതെ സമയം ശശി തരൂരും കരണ്‍ ഥാപ്പറും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച, കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയിയായ ശശി തരൂരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഭാര്യയുടെ ദുരൂഹമായ മരണത്തില്‍ അദ്ദേഹം സംശയത്തിന്റെ നിഴലിലായിരുന്നു. അതിന്റെ കൂടെയാണ് ഇതും കൂടി പുറത്തുവന്നത്. ഇരയുടെ നിശബ്ദത മനസിലാക്കാവുന്നതേയുള്ളൂവെന്നും അമിത് മാളവ്യ കുറിച്ചു. ജയ് ആനന്ദ് എക്സില്‍ പങ്കുവെച്ച കുറിപ്പും സ്‌ക്രീന്‍ ഷോട്ടും സഹിതമാണ് അമിത് മാളവ്യയുടെ പോസ്റ്റ്.