Monday, December 23, 2024
Homeകേരളം*ലോകത്ത് സ്തനാർബുദം ക്രമാതീതമായി വർദ്ധിക്കുന്നതായി ലാൻസെറ്റ് കമ്മീഷൻ*

*ലോകത്ത് സ്തനാർബുദം ക്രമാതീതമായി വർദ്ധിക്കുന്നതായി ലാൻസെറ്റ് കമ്മീഷൻ*

സ്തനാർബുദം ലോകത്തിന് ഭീഷണിയാവുന്ന മാരകരോഗമായി മാറുന്നുവെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഗുരുതരമായ രോഗമായി സ്തനാർബുദം മാറുകയാണ്. 2040 ആവുമ്പോഴേക്കും ലോകത്ത് പ്രതിവർഷം ഒരു മില്യൺ അഥവാ പത്ത് ലക്ഷം മരണങ്ങൾക്ക് വരെ സ്തനാർബുദം കാരണമാകാമെന്ന് ലാൻസെറ്റ് കമ്മീഷൻ പുറത്തിറക്കിയ പഠനറിപ്പോർട്ട് പറയുന്നു.

2020 അവസാനം നടത്തിയ കണക്കുകൾ പ്രകാരം അതിന് മുൻപത്തെ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 7.8 ദശലക്ഷം പേർക്ക് സ്തനാർബുദമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 685000 സ്ത്രീകളാണ് ഈ കാലഘട്ടത്തിനിടയിൽ അസുഖം ബാധിച്ച് മരിച്ചത്. ആഗോളതലത്തിൽ സ്തനാർബുദ രോഗികളുടെ എണ്ണം 2040 ആവുമ്പോഴേക്ക് 3 ദശലക്ഷമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ലോകത്ത് 3 ദശലക്ഷം സ്തനാർബുദ രോഗികളാണ് ഉള്ളത്.

ദരിദ്രരാജ്യങ്ങളെയും വരുമാനം താരതമ്യേനെ കുറവുള്ള രാജ്യങ്ങളെയുമാവും രോഗത്തിൻെറ എണ്ണത്തിലുള്ള വർധനവ് കാര്യമായി ബാധിക്കുക. 2040 അവസാനം ആവുമ്പോഴേക്കും രോഗം കാരണം മരണപ്പെടാൻ സാധ്യതയുള്ളവരുടെ എണ്ണം പ്രതിവർഷം ഒരു ദശലക്ഷം വരെയായി മാറുമെന്നും കണക്കുകൾ പറയുന്നുണ്ട്. സ്തനാർബുദമുണ്ടെന്ന് മനസ്സിലാക്കിയിട്ടും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കൃത്യമായി ചികിത്സ കിട്ടാതെ പോവുന്ന നിരവധി പേരുണ്ട്.

രോഗലക്ഷണങ്ങളുണ്ടായിട്ടും കൃത്യമായി അസുഖത്തിന് ചികിത്സയെടുക്കാതെ പോവുന്നവരുമുണ്ട്. സമൂഹത്തിലെ അസ്ഥിരതയും സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകളുമെല്ലാം രോഗികൾക്ക് വലിയ ബാധ്യതയാവുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ പുതിയ പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. സ്തനാർബുദത്തെ കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണമാണ് പ്രധാനമായും വേണ്ടത്. ആരോഗ്യപ്രവർത്തകർ തന്നെ

ജനങ്ങളെ ബോധവൽക്കരിക്കണം. ചികിത്സ തേടേണ്ടതിൻെറ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ രോഗബാധിതരുടെ ആരോഗ്യത്തിൽ തന്നെ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും. രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് ആഗോളതലത്തിൽ ഉണ്ടാകേണ്ടത്. അതിനുള്ള ഇടപെടൽ എല്ലാ തലങ്ങളിലും വേണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

“അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളിൽ തന്നെ സ്ത്രീകൾ ചരിത്രപരമായി പുരുഷൻമാർക്ക് പിന്നിലാണ്. ഈ വിവേചനം അവസാനിപ്പിക്കണം. രോഗത്തിൻെറയും ചികിത്സയുടെയും കാര്യത്തിലും വിവേചനം ഇല്ലാതാകണം,” അമേരിക്കയിലെ എമറി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ രേഷ്മ ജഗ്സി പറഞ്ഞു. “ആരോഗ്യ പ്രവർത്തകർക്ക് ജനങ്ങളുമായി ഇടപടുന്നതിന് ആവശ്യമായ പരിശീലനം ലഭിക്കേണ്ടതുണ്ട്. രോഗികളോടുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. ആരോഗ്യപ്രവർത്തകരും രോഗികളും തമ്മിലുള്ള ആശയവിനിമയം നന്നായാൽ തന്നെ രോഗപരിചരണ മേഖലയിൽ വലിയ മാറ്റം ഉണ്ടാവും.

രോഗികളിൽ ശുഭാപ്തി വിശ്വാസം ഉണ്ടാക്കാൻ ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും സാധിക്കണം. സ്തനാർബുദത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റ് രോഗങ്ങളുടെ കാര്യത്തിലും ഈ മാറ്റം അനിവാര്യമായ കാലമാണിത്,” ഡോക്ടർ വ്യക്തമാക്കി.

രോഗികൾക്ക് ഡോക്ടർമാരോട് കാര്യങ്ങൾ വിശദീകരിക്കാനും കൂടുതൽ ആത്മ വിശ്വാസം ഉണ്ടാകണം. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ ഈ മാറ്റം ഉണ്ടാക്കാൻ സാധിക്കും. ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ ഈ മാറ്റമാണ് ഉണ്ടാകേണ്ടത്. വിവേചനമുള്ള ആരോഗ്യമേഖലയ്ക്ക് പ്രതീക്ഷിക്കുന്ന തരത്തിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിച്ചെന്ന് വരില്ലെന്നും പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments