2024 ലോക സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ വിതരണം ആരംഭിച്ചു.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന വിവിപാറ്റ് മെഷീനുകള്‍ കൈമാറിയത്. ഇവിഎം ഉള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 6 ന് നടക്കും. ജില്ലയിലെ 1077 പോളിംഗ് സ്റ്റേഷനുകളിലേക്കായുള്ള ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് വിതരണം ചെയ്യുന്നത്. ആകെ 1397 വിവിപാറ്റുകളും 1290 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുമാണുള്ളത്.
മണ്ഡലം തിരിച്ച് വിവിപാറ്റ്, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളുടെ എണ്ണം.
തിരുവല്ല – 270, 249, 249
റാന്നി – 262, 242, 242
ആറന്മുള – 319, 295, 295
കോന്നി – 275, 254, 254
അടൂര്‍ – 271, 250, 250
കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍) എന്നിവയാണ് ജില്ലയിലെ വിതരണ കേന്ദ്രങ്ങള്‍. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് സാമഗ്രികളുടെ വിതരണ – സ്വീകരണകേന്ദ്രങ്ങള്‍ അതാത് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രം ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയമാണ്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു, ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ വഹിച്ച വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം), വിവിപാറ്റ് എന്നിവ വഹിച്ച വാഹനങ്ങള്‍ വരാണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ കളക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇവിഎം, വിവിപാറ്റ് മെഷീനുകള്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് കൈമാറിയത്. 16 ന് ഇവിഎമുകളുടെ രണ്ടാം ഘട്ട റാന്റമൈസേഷന്‍ നടന്ന ശേഷം 17 ന് ഇവിഎമുകള്‍ കമ്മീഷന്‍ ചെയ്യും. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ്, അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍, എഡിഎം ജി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
17 നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു; ഏഴെണ്ണം തള്ളി ഇനി എട്ട് സ്ഥാനാര്‍ഥികള്‍
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സമര്‍പ്പിക്കപ്പെട്ട 24 പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 17 എണ്ണം ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അംഗീകരിച്ചു.
എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി എന്നിവരുടെ നാല് സെറ്റ് പത്രികകളും സ്വീകരിച്ചു. എല്‍ഡിഎഫിന്റെ ഡമ്മി സ്ഥാനാര്‍ഥി രാജു എബ്രഹാം (രണ്ട് സെറ്റ്), ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥി എസ് ജയശങ്കര്‍ എന്നിവരുടെ പത്രികകള്‍ തള്ളി. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച സാഹചര്യത്തിലാണ് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത്.
ബിഎസ്പിയുടെ ഗീതാകൃഷ്ണന്റെ മൂന്ന് പത്രികകള്‍ തള്ളിയപ്പോള്‍ ഒരെണ്ണം സ്വീകരിച്ചു. അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ഥി എം കെ ഹരികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരുടെ പത്രികകളും സ്വീകരിച്ചു. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ജോയ് പി മാത്യു നല്‍കിയ രണ്ടു പത്രികകളില്‍ ഒന്ന് സ്വീകരിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ (5) രാവിലെ 11 ന് പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പു പൊതുനിരീക്ഷകന്‍ അരുണ്‍ കുമാര്‍ കേംഭവി ഐഎഎസ്, ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സൂക്ഷ്മപരിശോധന പൂര്‍ത്തിയായത്. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ജില്ലാ ലോ ഓഫീസര്‍ കെ സോണിഷ്, രാഷ്ട്രീയകകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സൂക്ഷ്പരിശോധനയില്‍ സന്നിഹിതരായിരുന്നു.
ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാം. എട്ടിനാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുന്നത്. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാക്കല്‍: അപേക്ഷ തീയതി അവസാനിച്ചു
ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 ല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരോഗ്യപരവും മറ്റുമുള്ള കാരണങ്ങളാല്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഏപ്രില്‍ നാലിന് അവസാനിച്ചു. ലഭ്യമായ അപേക്ഷകളുടെ പരിശോധന നടപടികള്‍ പുരോഗമിക്കുകയാണ്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി ലിസ്റ്റ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അതത് ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 4 വരെ ലഭ്യമായ എല്ലാ അപേക്ഷകളിലേയും പരിശോധനകള്‍ പൂര്‍ത്തിയാക്കി ഡ്യൂട്ടി ഒഴിവാക്കുന്നതിന് അര്‍ഹരായവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എസ്.എം.എസ്., ശബ്ദസന്ദേശ പരസ്യം:എം.സി.എം.സി. സര്‍ട്ടിഫൈ ചെയ്യണം
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് വരണാധികാരികൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യവാചകങ്ങള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമര്‍പ്പിച്ച് സര്‍ട്ടിഫൈ ചെയ്യണം. പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്, റെക്കോഡഡ് വോയ്സ് മെസേജുകള്‍ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങള്‍, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നല്‍കണം. സര്‍ട്ടിഫിക്കേഷനുള്ള പരസ്യങ്ങളേ സേവനദാതാക്കളും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും കമ്പനികളും നല്‍കാവൂവെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം ഏപ്രില്‍ 6 നും തുടരും
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം ഏപ്രില്‍ 6 നും തുടരും. രാവിലെ എട്ടിന് വിതരണം ആരംഭിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെഷിനുകള്‍ കൈമാറും.
മാധ്യമ നിരീക്ഷണ സമിതി പ്രഥമ യോഗം ചേര്‍ന്നു
ലോക്സഭ തിരഞ്ഞെടുപ്പ് 2024-ന്റെ ഭാഗമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.)യുടെ പ്രഥമയോഗം ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. മാധ്യമ വാര്‍ത്തകളുടെയും പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസുകളുടെയും സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികളും നടപടികളും ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ എന്നിവയുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന് ജനങ്ങളെ സജ്ജമാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പത്തനംതിട്ട എഡിഎം ജി. സുരേഷ് ബാബു, പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍, സെക്രട്ടറി എ. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പ്: പരിശോധന ഊര്‍ജിതമാക്കി എക്സൈസ് സ്പെഷല്‍ ഡ്രൈവ്
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ഡ്രൈവ് പരിശോധന ഊര്‍ജിതമാക്കി. വ്യാജവാറ്റ്, വ്യാജ മദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, ചാരായം നിര്‍മാണം, കള്ളിന്റെ വീര്യം-അളവ് വര്‍ദ്ധിപ്പിച്ച് മായം ചേര്‍ക്കല്‍ എന്നിവ തടയുന്നതിന് ഫെബ്രുവരി മുതല്‍ സ്പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് പരിശോധന ആരംഭിച്ചിരുന്നു. വ്യാജമദ്യം, ലഹരി മരുന്ന്, തുടങ്ങിയവയുടെ കള്ളക്കടത്ത് തടയാന്‍ വാഹന പരിശോധനയും കര്‍ശനമായി നടക്കുന്നു. പച്ചക്കറി, മത്സ്യം എന്നിവ കയറ്റിവരുന്ന വാഹനങ്ങള്‍, ചരക്ക് ഇല്ലാതെ വരുന്ന വാണിജ്യ വാഹനങ്ങള്‍, ടാങ്കര്‍ ലോറി തുടങ്ങിയവ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കോളനികള്‍ കേന്ദ്രീകരിച്ചും പരിശോധന ഊര്‍ജിതമാണ്.
ജില്ലയില്‍ മാര്‍ച്ച് 16 മുതല്‍ ആരംഭിച്ച പരിശോധനയില്‍ നടത്തിയ റെയ്ഡുകളില്‍ 92 അബ്കാരി കേസുകളും 25 എന്‍.ഡി.പി.എസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷല്‍ ഡ്രൈവില്‍ 264.035 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 42 ലിറ്റര്‍ ചാരായം, 21.6 ലിറ്റര്‍ അരിഷ്ടം, 1626 ലിറ്റര്‍ വാഷ്,1.313 കിലോ കഞ്ചാവ്, 2.180 കിലോ പുകയില ഉതപന്നങ്ങള്‍, ഒരു വാഹനം എന്നിവ പിടികൂടി. കോട്പ പിഴ ഇനത്തില്‍ 32200 രൂപ ഈടാക്കി. അബ്ക്കാരി കേസുകളില്‍ 80 പ്രതികളെയും എന്‍.ഡി.പി.എസ് കേസുകളില്‍ 25 പ്രതികളെയും അറസ്റ്റ് ചെയ്തു. 1215 വാഹനങ്ങള്‍ പരിശോധിച്ചു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് താലൂക്ക്തല എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഹൈവേകളില്‍ 24 മണിക്കൂര്‍ പട്രോളിങ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായും ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ സലീം പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍- 0468- 2222873.
ലോക്സഭാതെരഞ്ഞെടുപ്പ് : ഹരിതചട്ട പ്രവര്‍ത്തനങ്ങളുമായി ശുചിത്വമിഷന്‍
ലോക്സഭാതെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് വിവിധ നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളുമായി ജില്ലാ ശുചിത്വമിഷന്‍. മനുഷ്യനും പരിസ്ഥിതിക്കും ആപത്കരമായ നിരോധിത പിവിസി, പ്ലാസ്റ്റിക് – ഡിസ്പോസിബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കി പുന:രുപയോഗിക്കാന്‍ കഴിയുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലൂടെ മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.
പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ്ങുള്ളതുണി, പാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതും നൂറു ശതമാനം കോട്ടണ്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍, റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍ എന്നിവയില്‍ പിവിസി ഫ്രീ റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പരും, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ക്യൂ.ആര്‍ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രമേ ഉപയോഗിക്കാവു.
ഓരോ നിയോജകമണ്ഡാലാടിസ്ഥാനത്തിനും വിവിധരാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള ഹരിത തെരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസ്സുകള്‍ അസിസ്റ്റന്റ്റിട്ടേണിംഗ് ഓഫീസര്‍മാരുടെ അധ്യക്ഷതയില്‍ നടന്നു വരുന്നു.
ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തില്‍ ഹരിത തെരഞ്ഞെടുപ്പ് സംബന്ധിച്ച ബോധവത്കരണവും നിര്‍ദ്ദേശങ്ങളും കൈപ്പുസ്തകങ്ങളും നല്‍കി. ജില്ലയിലെ പരസ്യ പ്രചാരണ മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് അംഗീകൃത പരസ്യ ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം സംഘടിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടത്തുന്നതിനായി നാമനിര്‍ദേശപത്രിക നല്‍കിയ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലാ കളക്ടറുടെകത്ത്, സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍, ഹരിതചട്ടപാലന കൈപ്പുസ്തകം, എന്നിവ നല്‍കി. ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ-ബ്ലോക്കുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ-നഗരസഭാ-ബ്ലോക്കുതലഗ്രീന്‍ പ്രോട്ടോകോള്‍ സെല്‍ രൂപീകരിച്ചു.
കളക്ട്രേറ്റില്‍ ഹരിതതെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് മാതൃകാ പോളിംഗ് ബൂത്ത് സ്ഥാപിക്കും. പൊതുജനങ്ങള്‍ക്ക് മാതൃകാ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യവും ഹരിതചട്ട പാലനത്തെക്കുറിച്ചുള്ള ബോധവത്കരണവും ഉണ്ടായിരിക്കും.
വെബ് കാസ്റ്റിംഗിലൂടെയും അതിജാഗ്രത : ജില്ലാ കലക്ടര്‍
സുരക്ഷിതവും സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതില്‍ വെബ് കാസ്റ്റിംഗ് സംവിധാനം വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. തിരഞ്ഞെടുപ്പ് പരിശോധനാ സംവിധാനങ്ങളിലെല്ലാം വെബ്കാസ്റ്റിംഗ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചുമതലയുള്ള നോമിനേഷന്‍ സെന്ററുകളില്‍ റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി 10 ഓണ്‍ലൈന്‍ ക്യാമറകള്‍ വെബ്കാസ്റ്റിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉപവരണാധിമാരുടെ സ്ട്രോങ്ങ് റൂമിനു ചുറ്റും നാല് ക്യാമറകള്‍ വീതമുണ്ട്. ജില്ലയിലെ 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വാഹനങ്ങളിലും ഫ്ളയിങ് സ്‌ക്വാഡ് ആന്റ് സര്‍വൈലന്‍സ് ടീമുകളുടെ 15 വാഹനങ്ങളിലും ചെലവ് നിരീക്ഷകരുടെ അഞ്ച് വാഹനങ്ങളിലും സംവിധാനമുണ്ട്. ഇവിഎം വാഹനങ്ങളില്‍ രണ്ട് ക്യാമറകള്‍ വീതവും ജിപിഎസ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ട്രെയിനിങ് സെന്ററുകളുടെ നിരീക്ഷണത്തിനായി 15 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ 10 ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അഞ്ചെണ്ണം ക്രമീകരിച്ചു കഴിഞ്ഞു. പുളിക്കീഴ് ഡിസ്റ്റിലറിയില്‍ നാല് ക്യാമറകള്‍ സ്ഥാപിച്ചു. പോളിംഗ് ബൂത്തുകള്‍, വോട്ടര്‍മാരുടെ ദൃശ്യങ്ങള്‍ എന്നിവയുടെ തത്സമയ നിരീക്ഷണമാണ് ലൈവ് വെബ്കാസ്റ്റിംഗിലൂടെ നടത്തുന്നതെന്നും വരണാധികാരി വ്യക്തമാക്കി.
അച്ചടക്ക നടപടി സ്വീകരിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന ക്ലാസുകളില്‍ പങ്കെടുക്കാതിരുന്ന ഓഫീസര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നല്‍കുമെന്നും വരണാധികാരി അറിയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് ഏപ്രില്‍ രണ്ടു മുതല്‍ നാലു വരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിയത്