ഞങ്ങളുടെ ടീമിൽത്തന്നെയുള്ള ഒരാൾ, കൈലാസ് നാഥൻ, തന്റെ സുഹൃത്ത് വഴി,ബലിയിടാൻ മോഹമുള്ളവർക്ക് സൗകര്യം ഒരുക്കാം എന്നു പറഞ്ഞിരുന്നു.ഏതായാലുംയാത്രയുടെ ഈ ഏഴാം നാൾ ഞങ്ങൾക്കതിനു ഭാഗ്യമുണ്ടായി. നേരം പുലരുന്നതിനുമുമ്പേ ഞാനടക്കം ടീമിലെ കുറച്ചുപേർ ബലിതർപ്പണത്തിനു റെഡിയായി നിന്നു. തലേന്ന് ആരതി കണ്ട സ്ഥലത്തുനിന്നു കുറെ ദൂരം ബോട്ടിൽ പോയാലേ തർപ്പണംചെയ്യുന്ന ദിക്കിലെത്തൂ. നടന്നു ഗംഗാതീരത്തെത്തിയപ്പോഴേക്കും നേരം പരപരാ വെളുത്തുതുടങ്ങി. സൂര്യഗോളം കടുംചെമപ്പുനിറത്തിൽ,ഇളകുന്ന ഓളങ്ങളിൽ പ്രതിബിംബിക്കുന്നത് ദിവ്യമായൊരു അനുഭൂതിയായി. ആർഷഭാരതത്തിലെ മഹർഷീശ്വരൻമാർ ഗായത്രീമന്ത്രം ജപിച്ച് തർപ്പണം ചെയ്തത് ഈ സൂര്യദേവനെ സാക്ഷിനിറുത്തിയാണ്. ഇതേ ദിനകരശോഭകണ്ട് ആകൃഷ്ടയായാണ് ബാലികയായ പൃഥ ദുർവാസാവ് ഉപദേശിച്ച മന്ത്രം ജപിച്ചത്. ഒടുവിൽ ആ മന്ത്രപ്രഭാവത്താലുണ്ടായ കുഞ്ഞിനെ ചർമ്മണ്വതിയും യമുനയും പിന്നെ ഗംഗയും ഏറ്റുവാങ്ങുന്നതിനും ഈ സൂര്യൻതന്നെ സാക്ഷി! എന്റെ മനസ്സിൽ ഭക്തിയോ, പ്രേമമോ, അതോ ആസ്വാദനമോ എന്നു തിരിച്ചറിയാനാവാത്ത ഒരു വികാരം നിറഞ്ഞു. തൊഴുകൈകളാൽ ആ കർമ്മസാക്ഷിയെ വണങ്ങി, ആ തേജസ്സിലലിഞ്ഞുനിൽക്കുമ്പോഴേക്കും ഞങ്ങളെ കൊണ്ടുപോകാനുള്ള ബോട്ട് റെഡിയായിക്കഴിഞ്ഞിരുന്നു. പുലർവേളയിലെ കുളിർകാറ്റേറ്റ് ഭാഗീരഥിയുടെ മാറിലൂടെ ഒരു യാത്ര.. ഇതു പിതൃപുണ്യത്തിനാണ്. ജന്മം നൽകിയ അച്ഛനമ്മമാരുടെയും, പൂർവ്വീകരുടെയും ആത്മാക്കളെ ശിവപാദത്തിൽ (അതോ വിഷ്ണുപാദത്തിലോ ) ചേർക്കാനുള്ള യാത്ര!നിമിഷങ്ങൾക്കുള്ളിൽ ബോട്ട് ലക്ഷ്യസ്ഥാനത്തെത്തി. അവിടെ ദർഭയും പൂവും അരിയുമൊക്കെ ഒരുക്കി ശാസ്ത്രികൾ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു.
ഞങ്ങൾ 22പേരോളമുണ്ട് തർപ്പണത്തിന്! എല്ലാവരോടും ഗംഗയിൽ ആഴ്ന്നുമുങ്ങി വരാൻ ശാസ്ത്രികൾ ആജ്ഞാപിച്ചു.. കാറ്റിനു തണുപ്പുണ്ടെങ്കിലും വെള്ളത്തിനു ഇളംചൂട്! അമ്മയുടെ മാറിൽച്ചേർന്നു കിടക്കുംപോലെ..ആ വെള്ളത്തിൽ ആഴ്ന്നുനിൽക്കാൻതോന്നി. അപ്പോഴേക്കും കർമ്മികൾ ഞങ്ങളെ കരയിലേക്ക് വിളിച്ചു. പലകയിൽ ഇരുന്ന അദ്ദേഹത്തിനു മുമ്പിൽ ഞങ്ങൾ 22പേരും പടിഞ്ഞിരുന്നു. അദ്ദേഹം എല്ലാവർക്കും ദർഭയിൽതീർത്ത പവിത്രമോതിരം സമ്മാനിച്ചു. വന്ദനം ചൊല്ലി സ്ഥലശുദ്ധി വരുത്തി അദ്ദേഹം മന്ത്രങ്ങൾ ഉരുക്കഴിക്കാൻ തുടങ്ങി.ഞങ്ങൾ ഏറ്റുചൊല്ലാനും. ചിലതൊക്കെ മനസ്സിലായി. പലതും വ്യക്തമായില്ല. എങ്കിലും മനസ്സിൽ അച്ഛനമ്മമാരുടെ രൂപമുണ്ടായിരുന്നു. എള്ളും പൂവും അർച്ചിച്ച ശേഷം തർപ്പണത്തിനായി വീണ്ടും ഇറങ്ങി മുങ്ങി.. പിന്നെ വെള്ളത്തിൽ നിന്നാണ് ബാക്കിയെല്ലാകർമ്മങ്ങളും . അമ്മ, അച്ഛൻ അവരുടെ മാതാപിതാക്കൾ, മാതുലന്മാർ ഇങ്ങനെ ഓരോരുത്തരെയും മനസ്സിൽ ധ്യാനിച്ച് പേരുചൊല്ലി തർപ്പണം ചെയ്യണം. രണ്ടുതലമുറകൾക്കപ്പുറത്ത് ജീവിച്ചിരുന്ന നമ്മുടെ സ്വന്തം പൂർവീകരുടെ പേരുകൾ പോലും നമുക്കറിയില്ലല്ലോ എന്ന സ്വയം വിലയിരുത്തലിലേക്ക് എത്തിപ്പെടുന്ന അപൂർവ്വനിമിഷം! എന്നാൽ നമ്മുടെ ആരോരുമല്ലാത്ത ചരിത്രപുരുഷന്മാരുടെ പേരുകൾ ക്രോണോളജിക്കൽ ഓർഡറിൽ നമുക്കറിയാം അല്ലേ? ബാബർ, ഹ്യൂമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ്.. എല്ലാം കിറുകൃത്യമായി ഓർക്കുന്നു. എന്തൊരു വിധിവൈപരീത്യം!
മുഖങ്ങളോ പേരുകൾ പോലുമോ ഇല്ലാത്ത ആ ആത്മാക്കൾക്കെല്ലാം തർപ്പണം ചെയ്തതിന്റെ ആശ്വാസത്തിൽ ഞങ്ങൾ ഇക്കരയിലേക്ക്!
അന്ന് ബാക്കിയുള്ള സമയം മുഴുവൻ ഷോപ്പിംഗിന് നീക്കിവച്ചു അടുത്തദിവസം ഞങ്ങൾ തിരിച്ചു കേരളത്തിലേക്കു മടങ്ങുകയാണ് .. രാവിലെത്തന്നെ ഇറങ്ങണം എന്നു ഗൈഡ് പറഞ്ഞു.. അന്ന് യു. പി. അസംമ്പ്ളി ഇലക്ഷൻ റിസൾട്ട് വരുന്ന ദിവസമായതുകൊണ്ട്,റിസൾട്ട് അറിയുന്നതിനുമുമ്പേ ഞങ്ങളെ എയർപോർട്ടിൽ എത്തിക്കണം അവർക്ക്. എന്തെങ്കിലും ട്രാഫിക് പ്രശ്നം വന്നാലോ എന്ന ഭയം.ഞങ്ങളും സമ്മതിച്ചു.എന്നാൽ കേരളത്തിലെപ്പോലെ അത്ര ബഹളമോ, ഉത്സാഹമോ ഒന്നും അവിടെ തെരുവിൽ കണ്ടില്ല. ഒരു സാധാരണദിവസം പോലെത്തന്നെ. കൂട്ടുകൂടിനിന്ന് ന്യൂസ് കേൾക്കാലോ ആവേശമോ ഒന്നുംഇല്ല . ഇനി ഞങ്ങൾ കാണാത്തതാകുമോ?
ഏതായാലും ഷോപ്പിങ് ഞങ്ങൾ കുശാലാക്കി. തിരിച്ചു വരുമ്പോൾ എല്ലാവരുടെയും ലഗ്ഗേജിനു ഭാരം കൂടിയിരുന്നു. ഞാനും വാങ്ങി നാലു ബനറാസി സ്‌പെഷ്യൽ സാരി. കൂട്ടത്തിൽ ആത്മീയപരിവേഷം ചേർക്കാൻ ശിവലിംഗവും അന്നേപൂർണ്ണേശ്വരി പ്രതിമയും!
ഞങ്ങൾക്കു ബനാറസ്സിനോട് വിടപറയാനുള്ള സമയമായി.. എയർപോർട്ടിലേക്ക് പോകുന്ന വഴിക്കാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി. ഇതുപണ്ട് ബനാറസ് ഹിന്ദു കോളേജ് ആയിരുന്നത്രേ. ഏക്കർ കണക്കിൽ വ്യാപിച്ചു കിടക്കുന്ന ഈ യൂണിവേസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ യൂണിവേഴ്‌സിറ്റി ആണ്. ഇതു സ്ഥാപിച്ച മദൻ മോഹൻ മാളവ്യ നാലുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആയിരുന്നിട്ടുണ്ട്.അന്ന് കോളേജ് ആയിതുടങ്ങിയ ഈ സർവ്വകലാശാലക്ക് സ്ഥലം നൽകിയ കാശി നരേശൻ ഒരുദിവസം കൊണ്ട് നടന്നെത്താൻ കഴിയുന്നത്ര സ്ഥലം എടുത്തുകൊള്ളുവാൻ അനുവാദം നൽകിയെന്നു ചരിത്രം!ഗൈഡ് ഞങ്ങളെ ഇതിനടുത്തു തന്നെയുള്ള ഒന്നുരണ്ടു ക്ഷേത്രങ്ങളിലും കൊണ്ടുപോയി. അതിലൊന്ന് സങ്കടമോചനഹനുമാൻ ക്ഷേത്രമാണ്!മറ്റൊരു വിശ്വനാഥക്ഷേത്രത്തിലും പോയി. ബിർള മന്ദിർ കണ്ടു. എല്ലാം ഭംഗിയായി പരിപാലിച്ചിരിക്കുന്നതുകണ്ട് കൗതുകം തോന്നി. നല്ല ചൂട്. ക്ഷേത്രത്തിനു പുറത്ത് പേരക്ക ഇളനീർ കച്ചവടം പൊടിപൊടിക്കുന്നു. ആ ചൂടിൽ ഇളനീർ ഒരനുഗ്രഹമായിത്തോന്നി!ഉച്ചക്ക് രണ്ടു മണിക്കാണ് ബംഗളൂരുവിലേക്കുള്ള ഫ്ലൈറ്റ്. അവിടെ നിന്നാണ് കോയമ്പത്തൂർക്ക് കണക്ഷൻ ഫ്‌ളൈറ്റ്.ലാൽ ബഹാദൂർശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുംവിമാനം ഞങ്ങളെയും കൊണ്ട് പറന്നുയരുമ്പോൾ കഴിഞ്ഞ ഒരാഴ്ചയായി അനുഭവിച്ച സ്വപ്നദൃശ്യങ്ങളുടെ മായികലോകത്തായിരുന്നു ഞാൻ!
(അവസാനിച്ചു )
ഗിരിജാവാര്യർ✍