കണ്ടിട്ടും, കണ്ടിട്ടും
കൊതിതീരുന്നില്ല വീടും,
മുറ്റവും, തൊടിയും
വൃക്ഷലതാദികളും!
ഇന്നലെവരെ കേൾക്കാത്തത്രയു-
മിമ്പമായി കേൾക്കുന്നു
കളകൂജനവും,
തെന്നലിൻ മൂളിപ്പാട്ടും!
എത്രനാളായിവിടെ
എങ്കിലുമിന്നാദ്യമായ്
കാണുന്നപോലെ –
വേലിയിൽ വിരിഞ്ഞ ചെമ്പരത്തി!
കാലിൽവന്നുരുമ്മുന്ന
പൂച്ചയെ തലോടുമ്പോൾ
വിരഹമുള്ളൊന്നാഞ്ഞു
തറഞ്ഞു ചങ്കിൽ നീറി!
എപ്പോഴും തുറന്നിടും
ജാലകപ്പഴുതിലൂടെത്തി
നോക്കുന്ന സൂര്യൻ
പൊൻപണം വിതറുന്നു!
കണ്ടത്തിലുള്ള പേരമരത്തിൻ
ചോട്ടിലിരുന്നുച്ചത്തിലൊരു
കവിത ചൊല്ലുന്നു പൈക്കിടാവ്!
പള്ളിക്കൂടം വിട്ടെത്തും
മക്കളെ കാണുന്നേരം
ഉള്ളിലെ പുള്ളോർക്കുടം
സങ്കടം പൊഴിക്കുന്നു!
പിഞ്ചുകുഞ്ഞിനോടെന്നപോലെ
അമ്മയിന്നെന്നോടെ-
ത്രയാവർത്തി
ചൊല്ലി “സൂക്ഷിക്കണ”മെന്ന്!
അടുക്കളപ്പണിയുടെ തിരക്കിലും
പ്രിയതമ
അരികെവരുന്നുണ്ട്
കൺകുളിർപ്പിക്കാനായി!
ഇന്നീരാവ് പുലരുന്നതിൻ മുൻപേ
ഞാൻ കടലിന്നക്കരേ
പോകുമെന്നതറിഞ്ഞുവോ ?
വീടും, തൊടിയും, ചെമ്പരത്തിപ്പൂവും.
ബഷീർ മുളിവയൽ✍