Thursday, December 26, 2024
Homeകഥ/കവിതപൂക്കൾ ചിരിക്കുമ്പോൾ (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

പൂക്കൾ ചിരിക്കുമ്പോൾ (കവിത) ✍ തെന്നൂർ രാമചന്ദ്രൻ

തെന്നൂർ രാമചന്ദ്രൻ (മികച്ച രചന: സാംസ്കൃതി & ആർഷഭാരതി)

സുരഗംഗയുണർന്ന രംഗവേ-
ദിയിലാനന്ദതരംഗമെന്നപോൽ
വരവീണയിലാത്മനാദമായ്
ഒരുഗീതം വിലയിച്ചുനിന്നപോൽ

വധുവായണയുന്ന കോമളാം –
ഗിയതീവപ്രിയലോലയായപോൽ
മധുരപ്രമദത്തിനാഴമേ-
റെയറിഞ്ഞോരു സുധർമ്മപത്നിപോൽ

ഭുവനംചിരരാഗിണീസമം
ശശിലേഖാഹൃദയം കവർന്നപോൽ
മഹിയിൽ മകരന്ദദാത്രിയായ്
മധുപൂർണ്ണേന്ദുവുദിച്ചരാവുപോൽ

പ്രണയാതുരഗീതകം രചി-
ച്ചു സുലാസ്യംവിളയിച്ചകല്പനേ
പ്രണയപ്രിയരാഗമോതുവാൻ
പദസങ്കേതമയൂഖമേകണേ

നവസൂനസുഹാസശോഭയിൽ
ഭുവനാത്മാവിലനാദിരാഗമായ്
വനപുഷ്പസുഗന്ധമേറെയെൻ
നിനവിൽപ്പൂമഴ തീർത്തതെന്തിനായ്

നിശതോറുമതീവശീതള –
പ്രിയഗന്ധംപകരും നിശാസുമം
പലജാതിമലർ മണം സദാ –
പരിലാളിപ്പു മമാത്മപുണ്യമായ്

കദനം വിരമിച്ചു, സുഖമേ-
കിയശാന്തീരവപുണ്യമായ് വരാൻ
സുമരാജിസുഹാസലാസ്യമായ്
ചൊരിയുന്നെത്ര സുമംഗലീസുഖം

മമജീവനരാഗകോകിലം
സുഖമന്ത്രാക്ഷരഭാവഗീതകം
ശുഭസാധകരാഗമാല്യമായ്
സുഖസംഗീതസുധാവരപ്രദം

തെന്നൂർ രാമചന്ദ്രൻ✍

(മികച്ച രചന: സാംസ്കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments