Tuesday, December 24, 2024
Homeകഥ/കവിതകമോത്തെങ്‌ കാഹോയ് (കഥ) ✍സുജ പാറുകണ്ണിൽ

കമോത്തെങ്‌ കാഹോയ് (കഥ) ✍സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ

ഗൾഫിലുള്ള ഭർത്താവിന് “എഴുന്നേറ്റില്ലേ… വിളിക്കൂ” എന്ന് മെസ്സേജ് ഇട്ടിട്ട് കാത്തിരിക്കുകയായിരുന്നു ടെസ്സ. ഒരു മണിക്കൂർ കഴിഞ്ഞാണ് ഫിലിപ്പ് തിരിച്ചുവിളിച്ചത്. “കിച്ചണിൽ ആയിരുന്നു.” അയാൾ പറഞ്ഞു.
“ഓ… ഇന്ന് അവധി ദിവസമാണല്ലോ, ബിരിയാണിയുടെ പണിപ്പുരയിൽ ആയിരുന്നോ.”
“അല്ലെന്നേ, കുറച്ചു കമോത്തെങ്‌ കാഹോയ് ഉണ്ടാക്കുകയായിരുന്നു.” “അതെന്താണ് കമോത്തെങ്‌ കാഹോയ്?” ടെസ്സ ചോദിച്ചു. അതൊക്കെയുണ്ട്. ടെസ്സക്ക് ദേഷ്യം വന്നു. എപ്പഴും ഫിലിപ്പ് ഇങ്ങനെയാണ്. എന്ത് കഴിച്ചു എന്ന് ചോദിച്ചാൽ പാൻസിറ്റ് കഴിച്ചു. അഡോബോ കഴിച്ചു, തിനോല കഴിച്ചു എന്നൊക്കെ പറയും. ഊണിനെന്തായിരുന്നു കറി എന്ന് ചോദിച്ചാൽ ഇത്തിലോക്ക് ആയിരുന്നു , അമ്പലയ ഉണ്ടായിരുന്നു , പത്തോല ആയിരുന്നു എന്നൊക്കെ അവൻ പറയും. ഇതൊക്കെ രുചിച്ചു നോക്കാനും ദുബായ് കാണാനും ടെസ്സക്കും ആഗ്രഹമുണ്ട്. അതു പറയുമ്പോഴേല്ലാം ഫിലിപ്പ് പറയും
“നിനക്കും പിള്ളേർക്കും ടിക്കറ്റും വിസയും എടുക്കണമെങ്കിൽ എത്ര രൂപയാകും?. താമസ സൗകര്യം വേണ്ടേ.
എപ്പോഴും ജോലിക്ക് ഓടുന്ന എനിക്ക് നിന്റെയും പിള്ളേരുടെയും കൂടെ ഇരിക്കാനും കൊണ്ടുനടക്കാനും സമയമുണ്ടോ? ഞാനിടക്കിടെ അങ്ങോട്ട് വരുന്നുണ്ടല്ലോ. അത് മതി.”
എല്ലാ ദിവസത്തെയും പോലെ അന്നും അയാളത് പറഞ്ഞപ്പോൾ ടെസ്സ പരിഭവിച്ച് ഫോൺ കട്ട് ചെയ്തു. വൈകുന്നേരം വീണ്ടും ടെസ്സക്ക് വിളി വന്നു.
“എടീ… ബോബിയുടെ ലീവ് ശരിയായി. അവൻ നാട്ടിലേക്ക് വരുന്നുണ്ട്. നിനക്കും പിള്ളേർക്കും എന്താ കൊടുത്തുവിടേണ്ടത്?” “ഞങ്ങൾക്കൊന്നും വേണ്ട.”
“നിന്റെ പിണക്കം ഇതുവരെ തീർന്നില്ലേ.” അയാളുടെ നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അവൾ ലിസ്റ്റ് അയച്ചുകൊടുത്തു.

ടെസ്സയുടെ ചേച്ചിയുടെ മകനാണ് ബോബി. അബുദാബിയിൽ ജോലി ചെയ്യുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിലിപ്പ് അവളോട് പറഞ്ഞു…
“ഞാൻ സാധനങ്ങൾ എല്ലാം വാങ്ങി ബോബിയുടെ കയ്യിൽ കൊടുത്തിട്ടുണ്ട്.”
“നിങ്ങൾ ഇതിനിടക്ക്‌ അജ്മാനിൽ പോയോ? അവനോട് ദുബായിലേക്ക് വരാൻ പറഞ്ഞാൽ പോരായിരുന്നോ.”
“അത് സാരമില്ല. അവൻ നാട്ടിലേക്ക് വരാനുള്ള തിരക്കിലല്ലേ. ബുദ്ധി മുട്ടിക്കേണ്ട എന്ന് വിചാരിച്ചു.”
ബോബി എപ്പഴും പറയാറുണ്ട്, എന്ത് കാര്യമുണ്ടെങ്കിലും ചിറ്റപ്പൻ ഓടി ഇങ്ങ് വരുമെന്ന്. ടെസ്സ മനസ്സിൽ ഓർത്തു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ നാട്ടിലെത്തിയ ബോബി ടെസ്സയെയും മക്കളെയും കാണാനെത്തി. “കുഞ്ഞാന്റീ, ഇതാ… ചിറ്റപ്പൻ തന്നയച്ചതാണ്. പിന്നെ ഇത് ഞാൻ കുഞ്ഞാന്റിക്ക് വേണ്ടി വാങ്ങിയ ഫോൺ ആണ്. ” “എന്തിനാടാ വെറുതെ പൈസ കളയുന്നത്. എനിക്ക് ഫോൺ ഉണ്ടല്ലോ.” “അത് സാരമില്ല കുഞ്ഞാന്റി.”
ബോബിയോട് വിശേഷങ്ങളൊക്കെ പറഞ്ഞ് അവന് കഴിക്കാൻ കപ്പയും മീൻ കറിയും ഉണ്ടാക്കുന്നതിനിടയിലാണ് ടെസ്സ ചോദിച്ചത്.
“എടാ കമോത്തെങ്‌ കാഹോയ് എന്ന് വച്ചാൽ എന്താണ്?”
“അത് കപ്പയല്ലേ കുഞ്ഞാന്റി.”
“അയ്യേ”. ടെസ്സ വാ പൊളിച്ചു
നിന്നു.
“എടാ.. അപ്പോൾ ഈ പാൻസിറ്റ്, അഡോബോ, തിനോല എന്നൊക്കെ വച്ചാൽ എന്താണ്?”
“ഏ… ഇതൊക്കെ കുഞ്ഞാന്റി എവിടുന്ന് പഠിച്ചു?”
“നിന്റെ ചിറ്റപ്പൻ വിളിക്കുമ്പോൾ ഇതൊക്കെയാണ് കഴിച്ചത് എന്ന് പറയും.” ബോബിയുടെ മുഖത്ത് സംശയത്തിന്റെ കരിനിഴൽ വീണു.
“അത് മാത്രമല്ലടാ… വായിൽ കൊള്ളാത്ത ചില വാക്കുകളും പറയും. സിഗിന സിഗിന , കൊമസ്തക , മഹൽക്കിത്ത എന്നൊക്കെ പറയും. ഇതൊക്കെ എന്താണ്.” അവനൊന്നും മിണ്ടിയില്ല. എന്തോ ആലോചനയിൽ മുഴുകി ഇരുന്നു. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം അവൻ പറഞ്ഞു. “കുഞ്ഞാന്റിക്ക് ഓർമ്മയുണ്ടോ ?. അമ്മയെന്നെ പ്രസവിച്ചു എന്നേയുള്ളൂ. വളർത്തിയത് കുഞ്ഞാന്റിയാണ്. എനിക്കസുഖം വന്നാൽ ഉറക്കമിളച്ചു കാവലിരിക്കുന്നതും
ആശുപത്രിയിൽ കൊണ്ടുപോകുന്നതും എടുത്തോണ്ട് നടക്കുന്നതും എല്ലാം കുഞ്ഞാന്റിയായിരുന്നു. എന്നെ വളർത്തിയത് കുഞ്ഞാന്റിയല്ലേ.” “എന്തിനാടാ ഇപ്പോ ഇതൊക്കെ പറയുന്നത്.” “കുഞ്ഞാന്റിയോടുള്ള കടപ്പാട് തീർത്താലും തീരില്ല എന്ന് പറയുകയായിരുന്നു . മരിച്ചാലും അതൊന്നും മറക്കാൻ പറ്റില്ല കുഞ്ഞാന്റി.” അവൻ പറയുന്നത് കേട്ട് ടെസ്സയുടെ കണ്ണ് നിറഞ്ഞു . അവൾ അവനെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചു.

ബോബി തിരിച്ചുപോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഫിലിപ്പിന്റെ ഫോണിലേക്ക് ടെസ്സയുടെ കോൾ വന്നു.
” മോന് സുഖമില്ല പെട്ടെന്ന് നാട്ടിലെത്തണം….
“അയ്യോ! അവനെന്തുപറ്റി?” ഫിലിപ്പ് പേടിച്ചു.
“ഞാൻ വരണമെന്ന് നിർബന്ധമാണോ. ഇവിടെ പെട്ടെന്ന് ഇട്ടെറിഞ്ഞു വരാൻ പറ്റുന്ന സാഹചര്യമല്ല. ഒരുപാട് ജോലി ഉണ്ട്. നിന്റെ അപ്പച്ചനേയോ അമ്മച്ചിയേയോ, അളിയനെയോ ഒക്കെ വിളിച്ചാൽ പോരെ. ഞാൻ വരേണ്ടതുണ്ടോ?”

“വന്നേ മതിയാകൂ.” ടെസ്സ ഫോൺ വെച്ചു.
ഫിലിപ്പ് ബോബിയെ വിളിച്ചു.
“എടാ… മോന് സുഖമില്ല എന്ന് പറയുന്നു. നീ വല്ലതും അറിഞ്ഞോ?”
“ഇല്ല ചിറ്റപ്പാ… എന്നോട് ആരും ഒന്നും പറഞ്ഞില്ല. ഞാനൊന്നു നാട്ടിൽ വിളിച്ചുനോക്കട്ടെ.” അവൻ ഫോൺ കട്ട് ചെയ്തതും ഫിലിപ്പ് ടെസ്സയുടെ അപ്പനെയും അമ്മയെയും ആങ്ങളയെയും ഒക്കെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുത്തില്ല. സംഗതി ഗൗരവമുള്ളതാണെന്നു ഫിലിപ്പിന് തോന്നി. എമർജൻസി ലീവ് എടുത്ത് അയാൾ നാട്ടിലേക്ക് തിരിച്ചു. കാർ വീടിന്റെ ഗേറ്റ് കടന്നപ്പോൾ തന്നെ കുട്ടികൾ മുറ്റത്ത്‌ ഓടിക്കളിക്കുന്നത് കണ്ട് അയാൾ അമ്പരന്നു. മോൻ ഹോസ്പിറ്റലിൽ ആയിരിക്കും എന്നാണ് കരുതിയത്.
പപ്പയെ കണ്ടതും അവൻ ഓടി വന്നു. വീടിനകത്തു കയറിയ ഫിലിപ്പ് ടെസ്സയോട് ചോദിച്ചു “എന്താണ് പ്രശ്നം, എന്തിനാണ് പെട്ടെന്ന് വരാൻ പറഞ്ഞത്. കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലല്ലോ.”

അവൾ ഒന്നും മിണ്ടിയില്ല. അപ്പന്റെ ബാഗിൽ തങ്ങൾക്കുള്ള കളിപ്പാട്ടങ്ങളും സ്വീറ്റ്സുമൊക്കെ ഉണ്ടാകും എന്ന് കരുതി ചുറ്റിപറ്റി നിന്നിരുന്ന മക്കളെ ടെസ്സ രൂക്ഷമായി നോക്കി. എന്നിട്ട് പറഞ്ഞു, “അകത്തുപോ “. അമ്മയിടഞ്ഞാൽ ആന ഇടഞ്ഞത് പോലെയാണ് എന്നറിയാവുന്ന മക്കൾ അകത്തേക്ക് പോയി. ഫിലിപ്പിന്റെ ചോദ്യം വകവെക്കാതെ അടുക്കളയിൽ പോയ ടെസ്സ തിരികെ വന്നത് ചൂലുമായാണ്.
“നീ ഇതെന്താ തൂത്തുവാരാൻ പോകുന്നോ. ചോദിച്ചതിന് ഉത്തരം പറ ടെസ്സാ… മനുഷ്യനെ ടെൻഷനടിപ്പിക്കാതെ.” അയാൾ പറഞ്ഞുതീരും മുൻപേ മുഖമടച്ചു ചൂല് കൊണ്ട് അടി വീണു. പിന്നെ തുരുതുരാ അടി.
“ടെസ്സ നീ എന്താണീ കാണിക്കുന്നത്. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.” ഫിലിപ്പ് തടസ്സം പിടിക്കാൻ ആവുന്ന നോക്കി.
സഹികെട്ട് ചൂല് പിടിച്ചുവാങ്ങിയതും അവൾ അയാളുടെ പുറത്ത് ആവുന്നത്ര ശക്തിയിൽ ഇടിച്ചു. അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചതും
“ദുഷ്ടാ…” എന്നലറികൊണ്ട് അയാളുടെ കരണകുറ്റിക്ക് അവൾ മാറി മാറി അടിച്ചു. നിനക്കെന്താ ഭ്രാന്തായോ? എന്ന ചോദ്യത്തിന് അയാളുടെ ഹാൻഡ്‌ബാഗ് തുറന്ന് പാസ്പോർട്ട്‌ എടുത്ത് നാലായിട്ട് കീറി അവൾ അയാളുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. വിസയുള്ള തന്റെ പാസ്പോർട്ട് അടിക്കാത്ത ലോട്ടറി ടിക്കറ്റ് കീറിയിട്ട മാതിരി കീറിയിട്ടിരിക്കുന്നത് കണ്ട് നെഞ്ചിടിച്ച ഫിലിപ്പ് ആക്രോശിച്ചുകൊണ്ട് ടെസ്സയുടെ നേരെ ചെന്നതും അവൾ കാലുപൊക്കി നെഞ്ചിനിട്ട് തന്നെ ഒരു തൊഴി തൊഴിച്ചു. ഇവൾ എന്താ കരാട്ടെ ബ്ലാക്ക് ബെൽറ്റോ. വേച്ചുപോയ അയാൾ കസേരയിലേക്ക് ഇരുന്നതും ടെസ്സ തല പിടിച്ചു ഭിത്തിയിലിട്ട് ഇടിച്ചു. ഫിലിപ്പിന്റെ തലക്കുചുറ്റും നക്ഷത്രങ്ങൾ മിന്നി. “എന്റപ്പന്റെ കയ്യിൽ നിന്ന് എടുത്താൽ പൊങ്ങാത്ത സ്ത്രീധനവും വാങ്ങി എന്റപ്പൻ തന്ന സ്ഥലത്ത് അപ്പനെകൊണ്ട് തന്നെ വീടുവെപ്പിച്ച് ഞങ്ങളെ ഇവിടെ താമസിപ്പിച്ചിട്ട് താൻ ഗൾഫിൽ പോയി ഫിലിപ്പീനിയെയും കൊണ്ട് നടക്കുകയാണെല്ലേ.” ഫിലിപ്പിന്റെ ചങ്ക് ഇടിച്ചു.

ആരോ ഒറ്റിയിരിക്കുന്നു. അവൾ കുനിച്ചുനിർത്തി കൂമ്പിനിട്ടിടിച്ചതിൽ തെറ്റു പറയാനില്ല. ആരായിരിക്കും തന്നെ ഒറ്റിയത്. യു എ ഇയിലുള്ള ബന്ധുക്കളുടെ മുഖമൊക്കെ ഓർക്കാൻ ശ്രമിച്ചെങ്കിലും തല ഭിത്തിയിലിടിച്ച മന്ദത കൊണ്ട് ഒരു മുഖവും തെളിഞ്ഞു വന്നില്ല. പിടിക്കപ്പെട്ടു എന്നുറപ്പായെങ്കിലും രക്ഷപ്പെടാൻ ഒരവസാന ശ്രമമെന്നോണം അയാൾ പറഞ്ഞു…
“ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടിട്ടാണോ നീ ഇങ്ങനെ?” മുഴുമിക്കാൻ സമ്മതിക്കാതെ അവൾ ഫോണിന്റെ ഗാലറി ഓപ്പൺ ചെയ്തു അയാളുടെ മുഖത്തിന് നേരെ നീട്ടിപിടിച്ചു.
ആഹാ ഹാ എത്ര മനോഹരമായ ഫോട്ടോകൾ. ആരായിരുന്നു ഫോട്ടോഗ്രാഫർ. താനും ഓഫീസിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന ഷെറിലും കൂടി വർണ്ണക്കുടകീഴിൽ നടക്കുന്നത്, കോർനീഷിലെ ബെഞ്ചിൽ കെട്ടിപിടിച്ചിരിക്കുന്നത്, അങ്ങനെയങ്ങനെ കുറേ അധികം ഫോട്ടോസ്. നിഷേധിച്ചിട്ടു കാര്യമില്ല. തെളിവ് സഹിതം ആണ് പിടിക്കപ്പെട്ടിരിക്കുന്നത്.

അപ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും ടെസ്സയുടെ അപ്പനും അമ്മയും ആങ്ങളയും താഴേക്ക് ഇറങ്ങി വന്നത്.
തീർന്നു. ഈ പടയൊക്കെ ഇവിടുണ്ടായിരുന്നോ ?. അമ്മായിയപ്പൻ മുന്നോട്ട് വന്ന് ഫിലിപ്പിന്റെ താടി പിടിച്ചുയർത്തി.
“നീ കൊള്ളാമല്ലോടാ മരുമോനെ. ഇത്ര മിടുക്കനാ നീ എന്ന് എന്റെ മോളെ നിനക്ക് കെട്ടിച്ചുതന്നപ്പോൾ ഞാൻ വിചാരിച്ചില്ല.” പൂത്ത കാശും ഒടുക്കത്തെ പിടിപാടും ഉള്ള കിളവനാണ്. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. അടുത്തത് അളിയന്റെ ഊഴമായിരുന്നു. കഴുത്തിലാണ് അളിയൻ കുത്തി പിടിച്ചത്.
“അളിയാ, അളിയനെ ഞാൻ കൊല്ലാത്തത് എന്റെ പെങ്ങൾ വിധവയാകുമല്ലോ എന്ന് വിചാരിച്ചിട്ടല്ല. അവൾക്ക് വേറെ നൂറ് ചെക്കന്മാരെ കിട്ടും. അകത്ത് രണ്ട് കുഞ്ഞുങ്ങൾ ഇരിപ്പില്ലേ. അവർക്ക് തന്തയില്ലാതാകുമല്ലോ എന്നോർത്തിട്ടാണ്. അളിയന്റെ ദുബായിയും ബുർജ് ഖലീഫയും എല്ലാം ഇനി ഈ വീടും പരിസരവുമാണ്. ഈ പഞ്ചായത്തിനു പുറത്തിറങ്ങാമെന്ന് അളിയൻ ഇനി വ്യാമോഹിക്കേണ്ട.”

പിറ്റേന്ന് രാവിലെ ഒരു ഗ്ലാസ്സ് വെള്ളം മുഖത്ത് വീണതും ഫിലിപ്പ് ചാടി എണീറ്റു. “അയ്യോ ?. സാറിങ്ങനെ കിടന്നുറങ്ങിയാൽ എങ്ങനാ. ഡ്യൂട്ടിക്ക് പോകണ്ടേ. വേഗം വാ.” ഭാര്യയുടെ പുറകെ അനുസരണയുള്ള ആട്ടിൻകുട്ടിയായി ഫിലിപ്പ് അടുക്കളയിലേക്ക് ചെന്നു. കതക്‌ തുറന്ന് ഒരു തൂമ്പ എടുത്ത് ടെസ്സ അയാളുടെ കയ്യിൽ വെച്ചുകൊടുത്തു. “പറമ്പിൽ കുറച്ച് കമ്മോത്തിങ്ങ് കാഹോയ് നടണം. വേഗം പോയി കിളച്ചു വൃത്തിയാക്ക്.” ദുബായിലെ ഓഫീസും കറങ്ങുന്ന കസേരയും ഷെറിലുമൊക്കെ ഒരു നിമിഷം മനസ്സിൽ മിന്നിത്തെളിഞ്ഞു. പിന്നെ ഒരു നെടുവീർപ്പോടെ തൂമ്പയും വാങ്ങി പറമ്പിലേക്ക് നടക്കുന്ന അയാളെ കുറച്ചുനേരം അവൾ നോക്കി നിന്നു. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. ബോബിയാണ്. “കുഞ്ഞാന്റി, എന്തുണ്ട് വിശേഷം? ചിറ്റപ്പൻ എന്തു പറയുന്നു? ”
“പറമ്പിൽ കുറച്ച് കമ്മോത്തിങ്ങ് കാഹോയ് നടാനുണ്ട്. കിളക്കാൻ പോയിരിക്കുന്നു.” ബോബി പൊട്ടിച്ചിരിച്ചു.
“അല്ലടാ, ഇങ്ങേർക്കിങ്ങനെ ഒരു ഇടപാട് ഉണ്ടെന്ന് നിനക്കെങ്ങിനെ മനസ്സിലായി?”
“അത് കുഞ്ഞാന്റി…. അന്ന് ഞാൻ വന്നപ്പോൾ ഫിലിപ്പൈനികളുടെ ഫുഡ്‌ ആണ് ചിറ്റപ്പൻ കഴിച്ചിരുന്നതെന്ന് കുഞ്ഞാന്റി പറഞ്ഞില്ലേ. മാത്രവുമല്ല, അവര് പറയുന്ന വാക്കുകളും പറഞ്ഞില്ലേ. എനിക്കപ്പഴേ സംശയം തോന്നി. അതല്ലേ ഞാൻ രണ്ട് ദിവസം ലീവ് എടുത്ത് ദുബായിൽ പോയി നിന്ന് എല്ലാം ക്യാമറയിൽ പകർത്തിയത്.” “അതിരിക്കട്ടെ, ഇതൊക്കെ ഫിലിപ്പൈനികളുടെ ഫുഡ്‌ ആണെന്നും സംസാരമാണെന്നും നിനക്കെങ്ങനെ മനസ്സിലായി?” ആ ചോദ്യം കേട്ടതും വളരെ ഉത്സാഹത്തോടെ അത്രയും നേരം സംസാരിച്ചിരുന്ന അവൻ പെട്ടെന്ന് നിശബ്ദനായി. പിന്നെ പറഞ്ഞു. “കുഞ്ഞാന്റി എനിക്ക് ഡ്യൂട്ടിക്ക് ടൈം ആയി. ഞാൻ പിന്നെ വിളിക്കാം.” ഫോൺ കട്ടായതും ഒരു തൂമ്പ കൂടി വാങ്ങേണ്ടി വരുമോ എന്ന് ടെസ്സ ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നെ രാവിലെ പുട്ടിന് കറിയുണ്ടാക്കാനായി മൂന്ന് നാലു ഇത്തിലോക്ക് എടുത്ത് പാത്രത്തിലിട്ടു വെള്ളമൊഴിച്ചു അടുപ്പിൽ വെച്ചു.

സുജ പാറുകണ്ണിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments