Sunday, December 29, 2024
Homeകഥ/കവിതജനനി ജൻമഭൂമി (കവിത) ✍എം പി ശ്രീകുമാർ

ജനനി ജൻമഭൂമി (കവിത) ✍എം പി ശ്രീകുമാർ

എം പി ശ്രീകുമാർ

ഇപ്പോഴുമിത്രമേൽ
തേജസ്സിൽ വിളങ്ങുന്ന
ഭദ്രേ പവിത്രമാം ഭാരതാംബേ

ഉലയാതെ നീ നിറ
ഞ്ഞാടിയ വസന്തങ്ങ –
ളെത്ര മേലുജ്ജ്വലമായിരിയ്ക്കും !

ജഗത്തിന്റെ പാതിയിൽ
വനവാസിയായ് ജന
സംസ്കാരം ശൈശവമായ കാലം

എത്രമേൽ പ്രഫുല്ലമായ്
മാനവ സംസ്കാരത്തിൻ
പൂവ്വനമിവിടെ വിളങ്ങി നിന്നു !

എത്ര നൂറ്റാണ്ടുകളി
വിടേയ്ക്കു വന്നവർ
അടവുകളോടടക്കിവാണു!

എത്ര മുറിവുക
ളാഴത്തിലേല്പിച്ചു
മായാത്ത പാടുകൾ മാത്രമാക്കി !

എത്ര വികൃതമായി
കോറിവരച്ചിട്ടു
കാർമഷിക്കോലങ്ങൾ നിന്ദ്യമായ്!

എത്രയോ ചവിട്ടേറ്റു
ചതഞ്ഞു മറഞ്ഞു പോയ്
ക്ഷേത്രാങ്കണത്തിലെ പൂവ്വനങ്ങൾ !

എത്രമേൽ കവർന്നവർ
സമ്പത്തും അറിവിന്റെ
അക്ഷയമാം ഗ്രന്ഥശേഖരങ്ങൾ !

എന്നിട്ടു മടങ്ങാതെ
പുടവയിലഗ്നിതൻ
ജ്വാല പടർത്തിയെ പോയതുള്ളൂ !

എന്നിട്ടുമിത്ര മേൽ
മാനവ മനസ്സുകൾ
കവരുന്ന പാവന ഭാരതാംബെ

എന്നിട്ടുമിത്ര മേൽ
ചെങ്കനലണയാതെ
ഉള്ളിൽ ജ്വലിയ്ക്കുന്ന പുണ്യഭൂവ്വെ

എന്നിട്ടുമിത്ര മേൽ
തേജസ്സിൽ വിളങ്ങുന്ന
ഭദ്രേ പവിത്രമാം ഭാരതാംബെ

ഉലയാതെ നീ നിറ
ഞ്ഞാടിയ വസന്തങ്ങ
ളെത്രമേലുജ്ജ്വലമായിരിയ്ക്കും !

ഇന്നിവിടുയരുന്ന
ശാന്തിമന്ത്രധ്വനി
കാതോർത്തു കേൾക്കുന്നു
ലോകമെങ്കിൽ

കദളീവനത്തിലെ
കല്യാണസൗഗന്ധിക
പ്പൂക്കളെ നെഞ്ചോടു
ചേർക്കുന്നെങ്കിൽ

ഇത്രമേൽ പകിട്ടേറും
കലയുടെ തിരനോട്ടം
മങ്ങാതെ പീലി വിടർത്തുന്നെങ്കിൽ

ദേവികെ തവ മൃദു
മൊഴികൾ ശ്രവിയ്ക്കുവാൻ
കാതോർത്തിരിയ്ക്കുന്നു
ലോകമെങ്കിൽ

ദേവികെ തവപാദ
ചിലമ്പൊലിയ്ക്കായിന്നും
കാതോർത്തു നിൽക്കുന്നു
കാലമെങ്കിൽ

ഇപ്പോഴുമിത്രമേൽ
തേജസ്സിൽ വിളങ്ങുന്ന
ഭദ്രേ പവിത്രമാം ഭാരതാംബെ

ഉലയാതെ നീ നിറ
ഞ്ഞാടിയ വസന്തങ്ങ
ളെത്രമേലുജ്ജ്വലമായിരിയ്ക്കും !!!

പൂർവ്വാംബരത്തിലായ്
കുങ്കുമം വിതറുന്ന
തേജസ്സിലാദിത്യശോഭകാണാം !

സേതുഹിമാചല
മാകെ വസന്തത്തിൻ
സുന്ദര നൂപുരധ്വനികൾ കേൾക്കാം !

പുളകമോടിളകി
വരുന്നു പ്രതീക്ഷതൻ
പുതിയ കിനാവുകൾ ജനമനസ്സിൽ

ഇതൾ വിടരുന്നയാ
സുവർണ്ണ പുഷ്പങ്ങളെ
ഇമയടക്കാതൊന്നു കണ്ടിടട്ടെ

വരുന്ന കാലത്തിന്റെ
പുലരികളിൽ പുണ്യ-
ഭാരതമെ നിന്റെ ശംഖൊലികൾ

ദിഗന്തങ്ങളൊക്കവെ
മുഴങ്ങട്ടെ ! ഭാരതം
ദിനകരകാന്തി ചൊരിഞ്ഞിടട്ടെ !

✍എം പി ശ്രീകുമാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments