Wednesday, September 18, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (20) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (20) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ജനിക്കുക,ശ്വസിക്കുക, ആഹരിക്കുക, വിസർജ്ജിക്കുക, സ്വഗുണമുള്ള സന്താനങ്ങളെ സൃഷ്ടിക്കുക, ജീർണ്ണിക്കുക,നശിക്കുക….. ഇതാണ് ജീവൻെറ സഞ്ചാരം. ഇവയാണ് ജനനം മുതൽ മരണം വരെയുള്ള പടവുകൾ.ജീവപരിണാമം എന്നും പറയാം.

ഭാഷണ ശബ്ദങ്ങൾക്കും ഇവയിൽ പലതും ബാധകമാണ്.ഒരു സമൂഹത്തിൽ ഉദ്ഭവിക്കുന്ന പദത്തിന് ചരിത്രവും കാല വ്യതിയാനവുമൊക്കെ അർത്ഥവ്യത്യാസം വരുത്തും.

യവാഗു

കഞ്ഞിയും പുഴുക്കും ആരോഗ്യവും കേരളത്തനിമയുടെ ഈടുവയ്പ്പുകളിൽ ഒന്നായിരുന്നു.

അരി വെന്ത പോഷകം നഷ്ടപ്പെടാതെ അകത്താക്കാൻ ആയുർവ്വേദ നിഷ്ഠ പ്രേരിപ്പിച്ചിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം ദഹനത്തിനും ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താനും ഒക്കെ സഹായിച്ചിരുന്നു. ഭൂമിമലയാളത്തിൽ എല്ലാവരും കഞ്ഞിപ്രിയരായ കാലമേ….

ആ കഞ്ഞിക്കാലം നമുക്ക് നഷ്ടപ്പെട്ടു.കാലവും കോലവും മാറി. അഭിരുചികൾ നാൾക്കുനാൾ ഇറക്കുമതി ചെയ്യപ്പെട്ടു. പണ്ട് ഉണ്ണാൻ കഴിവുള്ളവർക്കാണ് അന്തസ്സുണ്ടായിരുന്നത്. പരിതസ്ഥിതികൾ മാറി വന്നു. പടിഞ്ഞാറിരുന്ന് കഴിക്കുന്നവരുടെ എല്ലാ ചിട്ടവട്ടങ്ങളും തികച്ചും വിരുദ്ധമായ കാലാവസ്ഥയുള്ള നമ്മുടെ നാട് വാരിച്ചുറ്റി.

ഓണക്കാലത്തു പോലും കഞ്ഞി വീഴ്ത്തു കേന്ദ്രങ്ങളുണ്ടായിരുന്ന കേരളം സായിപ്പിനെ കണ്ട് കവാത്തു മറന്നു!

പറഞ്ഞു വരുന്നത് ‘യവാഗു’ കഞ്ഞിയാണ് എന്നതാണ് !

” അവൻ ആളൊരു കഞ്ഞിയാണ് ” എന്നു പറയുന്നതിൻെറ ധ്വനി കൂടുതൽ പറഞ്ഞ് അനുഭവപ്പെടുത്തേണ്ടതില്ല.

അതെ!

ആരോഗ്യമധുരോദാരായുർവ്വേദ ശീലമായിരുന്ന കഞ്ഞി പുതുപ്പണക്കാർ ഉപേക്ഷിച്ചപ്പോൾ ഏഴകൾ അത് ഒരു നേരമെങ്കിലും കുടിക്കാനുള്ള വക തേടി പരക്കം പാഞ്ഞു.കഞ്ഞി തരം താഴ്ത്തപ്പെട്ടു.താഴെക്കിടയിലുള്ളവരെയും മോശക്കാരെയും സംബോധന ചെയ്യാൻ ‘ കഞ്ഞി’ ആവേശത്തോടെ ഒഴുകി!

സമൂഹത്തിന്റെ മാറുന്ന മനോഭാവവും നിലവാരത്തകർച്ചയുമൊക്കെ ആദ്യം പ്രതിഫലിക്കുന്നത് ഭാഷയിലാണ്.

ഹാ കഞ്ഞീ…
നിൻെറയാഭൂതിയെങ്ങ് പുനരിങ്ങ് കിടപ്പിതോർത്താൽ …..

വീണ്ടും കഞ്ഞിയിലേക്ക്….യവാഗുവിലേക്ക്…

പനിക്കോളുണ്ടെങ്കിലുംഇല്ലെങ്കിലും കഞ്ഞി കുടിക്കുന്നവരുണ്ടല്ലൊ.പുതു തലമുറയ്ക്ക് തികഞ്ഞ പുച്ഛം ചമയ്ക്കുന്ന കാഴ്ചയാണ് കഞ്ഞികുടി!

നമ്മുടെ പരിഹാസകവന ചരിത്രം തുടങ്ങുന്ന തോലൻ ‘യവാഗു’ പ്രയോഗിച്ചിട്ടുണ്ട്.
അക്കവി പ്രിയപ്പെട്ടവളെ ഇങ്ങനെ പ്രശംസിതയാക്കി;

” അന്നൊത്ത പോക്കി
കുയിലൊത്ത പാട്ടി
തിലപുഷ്പ മൂക്കി
ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ടിട്ടിരിക്കും നയനദ്വയത്തി”

അരയന്ന നടയുള്ളവളേ,കുയിലിനെ പോലെ മധുരമായി പാടുന്ന വളേ, ദരിദ്രയില്ലത്തെ യവാഗു പോലെ നീണ്ട കണ്ണുകളുള്ളവളേ..

കവിത സുന്ദരമായെങ്കിലും സുന്ദരി കോപിച്ചു.

‘പോക്കീ,പാട്ടീ,മൂക്കീ,ദ്വയത്തീ ‘
എന്നൊക്കയുള്ള പ്രയോഗങ്ങളിലൂടെ തന്നെ പരിഹസിക്കുകയാണെന്ന്
അവൾ ധരിച്ചു.
പരിഭവം മാറ്റാൻ മലയാളപ്പേച്ച് ഒഴിവാക്കി സംസ്കൃതത്തിൽ കാച്ചി എടുത്ത ഒരു വർണ്ണന നടത്തിയെന്നും പരിഭവം
പൊടുന്നനെ മാറിയെന്നും സാഹിത്യചരിത്ര ഖ്യാതി നേടിയതാണല്ലൊ!

സ്ത്രീവർണ്ണനാപരമായ കവിതയിൽ ഒരു സാമൂഹിക
യാഥാർത്ഥ്യം ഭംഗ്യന്തരേണ പ്രതിഫലിപ്പിക്കാൻ കവിപ്രതിഭയ്ക്കു കഴിഞ്ഞിരിക്കുന്നു!

അത് എന്താണ്?

‘ദരിദ്രയില്ലത്തെ യവാഗു പോലെ ‘
എന്ന പ്രയോഗം സാത്വികജന്മങ്ങളുടെ ദയനീയത വ്യക്തമാക്കുന്നതാണ്!

സദാ അദ്ധ്യായനം നടത്തുക,പഠിച്ചതൊക്കെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുക, ഈശ്വര ചിന്തയിൽ സതതം മുഴുകുക,
മറ്റുള്ളവരെ ഈശ്വര ചിന്തയിൽ ലയിപ്പിക്കുക, പ്രതിഫലം ഇച്ഛിക്കാതെ അന്യർക്ക് സേവനം ചെയ്യുക, കിട്ടുന്നത് തൃപ്തിയോടെ കഴിക്കുക,
ചെന്നു പെടുന്നിടത്ത് സമാധാനത്തോടെ ഉറങ്ങുക, പരോപകാരം വ്രതമാക്കുക, അന്യരുടെ ഉയർച്ചയിൽ സന്തോഷിക്കുക, തുടങ്ങിയവയൊക്കെ സവിശേഷതയാക്കിയ ബ്രാഹ്മണർ ഭൗതികതയിൽ അതി നിസ്വരായാണ് കഴിഞ്ഞിരുന്നത് !!

‘ദരിദ്രയില്ലത്തെ യവാഗു ‘

സിംഹഭാഗം വെള്ളത്തോടു കൂടിയതും മുങ്ങിത്തപ്പിയാൽ മാത്രം ഏതാനും വറ്റു കണ്ടേക്കാ വുന്നതുമാണ് എന്ന യാഥാർഥ്യത്തിന്റെ ലാവണ്യ ദർശനമാണ് കവി കാഴ്ച വയ്ക്കുന്നത്.
നീണ്ട കണ്ണുകൾ സ്ത്രീസൗന്ദര്യത്തിനു നൽകുന്ന മാറ്റ് സത്യമുദ്ര ചാർത്തി അവതരിപ്പിച്ച ആ പാടവമുണ്ടല്ലൊ അതാണ് പ്രതിഭ !
ഈ കവി യവാഗു ആസ്വദിച്ചിട്ടുള്ളവൻ തന്നെ !

ചെറ്റ

നന്മകേരളം പണ്ട് വീടൊരുക്കാൻ മുള ചീന്തി ഉണ്ടാക്കിയിരുന്ന ജൈവ സൃഷ്ടിയാണിത്. ചെറ്റപ്പുര
പാവങ്ങൾക്ക്….
ആ വാക്കിന് സംഭവിച്ചിരിക്കുന്ന അർത്ഥപരിണാമം പറയേണ്ടതില്ലല്ലൊ!!

ചട്ടമ്പി

ചട്ടം ( നിയമം,കീഴ് വഴക്കം)പഠിപ്പിക്കുന്നവനാണ് ചട്ടമ്പി.class monitor ഈ പേരിലാണ് അറിയപ്പെട്ടിരുന്നത്.നമ്മുടെ ചട്ടമ്പിസ്വാമികൾ എന്ന പൂർവ്വാശ്രമത്തിലെ ‘കുഞ്ഞൻ ‘monitor ആയിരുന്നു.
സമൂഹത്തെ നയിക്കേണ്ടവർ സ്വാർത്ഥതയുടെ പകർന്നാട്ടം പലവക നടത്തിയതു കൊണ്ട് ചട്ടമ്പി പുതിയ മാനങ്ങളോടെ വിലസുകയാണ്.

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments