ഒട്ടൊരു പരിഭ്രമത്തോടെയാണ് അമ്മുവും ആനന്ദും റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത യാത്രയായതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്ത് ഇരുവരും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. ഇരുവരുടെയും ട്രാവൽബാഗ് ആനന്ദിന്റെ കയ്യിലായിരുന്നു. പ്ലാറ്റ്‌ഫോം ബെഞ്ചിലിരുന്ന അമ്മുവിന്റെ കയ്യ് ചേർത്ത് പിടിച്ച് ആനന്ദ് അവളുടെ മുഖത്തെ വിയർപ്പ് തൂവാലയാൽ ഒപ്പി. ട്രെയിൻ അല്പം വൈകിയാണ് എത്തിയത്. ജനറൽ കമ്പാർട്മെന്റിലെ തിരക്കിലേക്ക് ഇരുവരും ഊളിയിട്ടു. അവധി ദിനമായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. വാതിലിനരുകിലായുള്ള സീറ്റിൽ അല്പം ഇടം കിട്ടി. ഇരുവരും ഒതുങ്ങിയിരുന്നു. അമ്മുവിന്റെ പരിഭ്രമം വർദ്ധിച്ചു വന്നു. കംപാർട്മെന്റിൽ തങ്ങി നിന്ന മുഷിഞ്ഞ വായുവും ശുചിമുറിയിൽ നിന്നുള്ള ചീഞ്ഞ ഗന്ധവും അവളെ വീർപ്പുമുട്ടിച്ചു. അവളുടെ വിഷമം കണ്ട് ആനന്ദും വിവശനായി. അവളെ ചേർത്ത് പിടിച്ച് കൈകളിലും മുടിയിഴകളിലും തഴുകുകയും മാറോട് ചേർത്ത് ആശ്വസിപ്പിക്കുകയും ചെയ്തു. അതൊന്നും അമ്മുവിന്റെ പരിഭ്രമം കുറച്ചില്ല. അവൾ ചുറ്റുമുള്ള മനുഷ്യരെ ഭീതിയോടെ മാറിമാറി നോക്കികൊണ്ടിരുന്നു. അവരുടെ ഭാഷയും വേഷവും അവളെ അസ്വസ്ഥയാക്കി.
ഉള്ളിലെ പ്രയാസത്തെ എത്ര ഒതുക്കാൻ ശ്രമിച്ചിട്ടും അമ്മുവിന് ഒതുക്കുവാൻ കഴിഞ്ഞില്ല.ഒരു ഏങ്ങൽ അവളുടെ തൊണ്ടയിൽ കുരുങ്ങി. മിഴികൾ നിറഞ്ഞൊഴുകി. അവൾ അവന്റെ വലത് ചുമലിലേക്ക് മുഖം ചേർത്തു. ട്രെയിൻ നീങ്ങി തുടങ്ങി. ആനന്ദ് അവളുടെ ചുമലിൽ തഴുകിക്കൊണ്ടിരുന്നു. മുകളിലെ ബർത്തിൽ നിന്ന് രണ്ടു കണ്ണുകൾ പുതപ്പിനിടയിലൂടെ ഇത് കാണുന്നുണ്ടായിരുന്നു. വന്യമായൊരു മുരൾച്ച പുതപ്പിനിടയിൽ കുരുങ്ങി കിടന്നു. കിതപ്പ് ട്രെയിനിന്റെ ചലനങ്ങൾക്കൊപ്പം കൂടി വന്നു. അമ്മു ആനന്ദിന്റെ ചുമലിൽ മയങ്ങി തുടങ്ങിയിരുന്നു അപ്പോൾ.വാച്ചിൽ അലാറം മുഴങ്ങി.സമയം 6.50 പി എം.
ചായ.. ചായ… കാപ്പീ.. കാപ്പീ…. വടൈ.. സമൂസയ്…. നീട്ടിയുള്ള വിളികൾ അടുത്ത് വരികയും അകന്ന് പോവുകയും ചെയ്തപ്പോൾ അമ്മു ഉണർന്നു. അപ്പോൾ അവൾ ആനന്ദിന്റെ വലം കൈയ്ക്ക് ഉള്ളിൽ ആയിരുന്നു. അവൾക്ക് ജാള്യത തോന്നി. പെട്ടെന്ന് അവൾ അകന്ന് മാറി. ആനന്ദ് കൈകൾ സ്വാതന്ത്രമാക്കി. അൽപ്പം തിരക്ക് കുറഞ്ഞിരുന്നു അപ്പോൾ. “നിനക്ക് വിശക്കുന്നില്ലേ…? ” ആനന്ദ് ചോദിച്ചു.
പെട്ടന്ന് അവളുടെ കണ്ണ് നിറഞ്ഞു. നീ ഈ വെള്ളം കുടിക്കൂ… ബാഗിൽ നിന്ന് വെള്ളമെടുത്ത് അവൻ നീട്ടി. പുറം കൈ കൊണ്ട് കണ്ണുതുടച്ച് അവൾ വെള്ള കുപ്പി കൈനീട്ടി വാങ്ങി. പരവേശം കൊണ്ട് പകുതിയോളം വെള്ളം പെട്ടെന്ന് തന്നെ അവൾ കുടിച്ചു. “അനു…..” അവൾ വിളിച്ചു. “എന്താടി… ” “നീ എന്തെങ്കിലും അറിഞ്ഞോ..? ” “ഇല്ലെടീ കുഴപ്പമൊന്നുമില്ല….” അവൾ പതിയെ ചുറ്റിലും നോക്കി. അവരൊഴിച്ച് ബാക്കിയെല്ലാം ബംഗാളികൾ. അവൾക്ക് ചെറിയ ഭയം തോന്നി. “അനു….അവിടം വരെ നമ്മൾ ഒറ്റയ്ക്ക്…. ” അവളുടെ ഭീതി വാക്കുകളിൽ നിഴലിച്ചിരുന്നു. “സാരമില്ലമ്മൂ….. ട്രെയിനിൽ ടി ടി ആര്‍ ഉണ്ട്. തൊട്ടപ്പുറത്ത് സിആർപിഎഫ്കാരാണെന്ന് തോന്നുന്നു. യൂണിഫോമിൽ ഉണ്ട്. നീ സമാധാനമായിരിക്കൂ…”
അവൾക്ക് അല്പം ആശ്വാസം തോന്നി. പുറത്തെ കാഴ്ചകളിലേക്ക് മിഴി പായിച്ചിരിക്കുമ്പോൾ അവൾക്ക് പകലത്തെ ഓർമ്മകൾ ഉള്ളിൽ തികട്ടി.
രാവിലെ കോളേജിൽ നടക്കുന്ന ഫുട്ബോൾ മത്സരം കാണാൻ പോയത്. വിന്നേഴ്സ് ട്രോഫി വാങ്ങി കളിക്കളം നിറഞ്ഞത്. ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം നല്ല തലശ്ശേരി ദം ബിരിയാണി കഴിച്ചത്, കൂടെ ഓർഡർ ചെയ്ത പിസ്താ ഐസ്ക്രീം നാവിൽ തണുപ്പലിഞ്ഞിറങ്ങിയത്, ഉച്ച കഴിഞ്ഞുള്ള ക്ലാസിൽ ഡിബേറ്റിൽ കത്തി കയറുമ്പോൾ വീണ കയ്യിൽ ഒരു നല്ല ഞുള്ളു തന്നത്, വൈകുന്നേരം കാന്റീനിൽ ചൂടു പഴംപൊരിയും കട്ടൻ ചായയും വീണയോടൊപ്പം കഴിച്ചത്, പിന്നെ പിന്നെ എന്താണ് സംഭവിച്ചത്,.? അവൾ ഓർമ്മയിൽ ചികഞ്ഞു. അഞ്ചരയുടെ ബസ്സിൽ പോകാൻ വേണ്ടി കോളേജ് മൈതാനത്തെ പുൽത്തകടിയിൽ വെറുതെ കാറ്റ് കൊണ്ട് ഇരിക്കുകയായിരുന്നു. അഞ്ചേകാൽ വരെ പതിവായി ആ ഇരിപ്പ് തുടരും. അപ്പോഴാണ് ആനന്ദ് തന്നെ തേടി വന്നത്. “അമ്മു….വേണു അങ്കിളിനു നിന്നെ കാണണം എന്ന് പറഞ്ഞു വിളിച്ചു.നമുക്ക് വൈകിട്ടത്തെ ട്രെയിന് തന്നെ പോകണം. നീ വേഗം വാ. ”
“ഈ ചെറുക്കന് ഇതെന്തിന്റെ കേടാ… അച്ഛൻ എന്നെ കാണണമെങ്കിൽ ഇങ്ങോട്ട് വരുമല്ലോ… ” അമ്മാവന്റെ മകനാണ് ആനന്ദ്.അവൻ പെട്ടെന്ന് ആ പുല്ലിലേക്ക് ഇരുന്നു. “അമ്മു…. നീ ദേവിയാന്റിയെ വിളിച്ചു ചോദിക്ക്. എന്നിട്ട് പെട്ടെന്ന് തന്നെ വാ… ”
ട്രെയിൻ പോകും. അവൾക്ക് അമ്മയെ വിളിക്കാനാണ് തോന്നിയത്. ഫുൾ ബെല്ലടിച്ചിട്ടും അമ്മ എടുത്തില്ല. പിന്നെ അവൾ ദേവിയെ വിളിച്ചു. “ആനന്ദിന്റെ കൂടെ പോയിട്ട് വാ….” ചിറ്റ കരയുന്നുണ്ടായിരുന്നുവോ അപ്പോൾ.?? അപ്പോൾ അതൊന്നും നോക്കാൻ ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. ഒരു ഓട്ടോയിൽ കയറിയിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തി. എങ്കിലും അച്ഛന് എന്തു പറ്റിയിട്ടുണ്ടാവും..?
“അനു നീ അച്ഛനെ ഒന്ന് വിളി.” അവൾക്ക് ഉള്ളിൽ സങ്കടം മുട്ടി. “ഇല്ലെടീ… കുഴപ്പമൊന്നുമില്ല.ഞാൻ അങ്കിളിനെ വിളിച്ചിരുന്നു. നീ അപ്പോൾ ഉറക്കമായിരുന്നു.” അവന്റെ മറുപടിയിൽ അവൾക്ക് തൃപ്തി തോന്നിയില്ല. അവൾ ഫോൺ എടുത്ത് അച്ഛന് മെസ്സേജ് അയച്ചു. അങ്ങനെ മെസ്സേജ് അയക്കുന്ന പതിവ് അച്ഛന് ഇല്ല എങ്കിലും. കൈവിരലുകളിൽ നിന്ന് മെസ്സേജ് തുടരെത്തുടരെ പോയി എങ്കിലും തിരികെ ഒരു മെസ്സേജ് പോലും വന്നില്ല. അവൾക്ക് ഉള്ളിൽ ഒരു സങ്കടത്തിരമാല പൊങ്ങി. ട്രെയിൻ അപ്പോൾ ശബ്ദത്തോടെ ഒരു നദി മുറിച്ച് കടക്കുകയായിരുന്നു.
അവൻ രണ്ട് ഭക്ഷണ പൊതികൾ എടുത്ത് വച്ചു. ഞാൻ കൈ കഴുകി വരാം.. അവൻ ശുചിമുറിയിലേക്ക് പോയ നേരം കലപില സംസാരിച്ചുകൊണ്ടിരുന്ന ബംഗാളികളിൽ ഒരാൾ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. പെട്ടെന്ന് അവൾ ജാഗരൂകയായി. ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് ഫോണിലേക്ക് ശ്രദ്ധിച്ചിരുന്നു. മുകളിലെ ബർത്തിൽ പുതപ്പിനടിയിൽ രണ്ട് കണ്ണുകൾ അപ്പോൾ തുറന്നിരുന്നു. പതിയെ പുതപ്പ് മാറ്റി താഴേക്ക് വന്ന കാൽ അവളുടെ തലയ്ക്കു മുകളിൽ മുന്നോട്ടും പിന്നോട്ടും ആടി.
ആനന്ദ് തിരികെ വന്ന് അവളെയും കൂട്ടി കൈ കഴുകുവാനായി പോയി. തിരികെ വന്ന് ഭക്ഷണപ്പൊതി തുറന്നപ്പോൾ അവൾ പറഞ്ഞു എനിക്ക് വിശക്കുന്നില്ല. ഇങ്ങനെ ഒരു കാര്യം ചെയ്യൂ നമുക്ക് ഒരു പൊതി കഴിക്കാം. അപ്പോൾ മറ്റേതോ… അവൾ മുകളിലേക്ക് നോക്കി. “അങ്കിൾ ഭക്ഷണം കഴിച്ചതാണോ….? വസൂരി കലയുള്ള മുഖം ചലിപ്പിച്ചുകൊണ്ട് അല്ല എന്നയാൾ പറഞ്ഞു. അവൾ ആ പൊതി അയാൾക്ക് നീട്ടി. ചുണ്ടിന്റെ കോണിൽ വിരിഞ്ഞ ചിരിയോടെ അയാൾ ആ പൊതി വാങ്ങി. ഭക്ഷണത്തിനുശേഷം പിന്നിലേക്ക് മറഞ്ഞു പോകുന്ന പൊട്ടു പോലെയുള്ള വെളിച്ചങ്ങളെ നോക്കിയിരിക്കുമ്പോൾ അവൾക്ക് അച്ഛനെ ഓർമ്മ വന്നു. “അച്ഛൻ എന്താവും വിളിക്കാഞ്ഞത്…? ഇനി അച്ഛന് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ….?” ആനന്ദ് അവളുടെ ഉള്ളറിഞ്ഞെന്നോണം വെറുതെ അവളുടെ കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് തീവണ്ടിയുടെ ചൂളം വിളി, കട കട ശബ്ദത്തോടെ സമതലങ്ങളെ കടന്ന് തീവണ്ടി ഓടിക്കൊണ്ടേയിരുന്നു. അകലെ മഹാനഗരത്തിലെ ആസ്പത്രി ഐ സി യു വിൽ മകളെ കാത്ത് കിടക്കുന്ന അച്ഛന് അരികിലേക്ക് ഒന്നുമറിയാതെ പോകുന്ന മകൾക്ക് കാവൽ ആയി പുതപ്പിനടിയിൽ ഒരു അച്ഛൻ ഉറങ്ങാതെ കാത്തിരുന്നു