Friday, May 3, 2024
Homeകായികംചെന്നൈയെ ആറുവിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ്‌;നിറഞ്ഞാടി അഭിഷേകും മാര്‍ക്രമും.

ചെന്നൈയെ ആറുവിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ്‌;നിറഞ്ഞാടി അഭിഷേകും മാര്‍ക്രമും.

ഹൈദരാബാദ്: ചെന്നൈ എറിഞ്ഞ രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ കത്തിപ്പടരുന്നത് കണ്ടപ്പോഴേ ഉറപ്പിച്ചതാണ്, ഇക്കളിയുടെ ഒടുക്കം ഹൈദരാബാദിന് അനുകൂലമായാണ് വരികയെന്ന്. അതങ്ങനെത്തന്നെ വന്നു. ചെന്നൈ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം, 18.1 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കേ ഹൈദരാബാദ് മറികടന്നു. സ്‌കോര്‍: ചെന്നൈ-165/ 5 (20 ഓവര്‍). ഹൈദരാബാദ്-166/4 (18.1 ഓവര്‍).

എയ്ഡന്‍ മാര്‍ക്രമിന്റെ അര്‍ധ സെഞ്ചുറിയും തീജ്വാലയായി പടര്‍ന്ന അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സുമാണ് ഹൈദരാബാദിന് ജയം സമ്മാനിച്ചത്. ചെന്നൈക്കുവേണ്ടി ശിവം ദുബെ ക്ലാസ് പ്രകടനം നടത്തിയെങ്കിലും ടീമിന് അനുകൂലമായി ഭവിച്ചില്ല. ആദ്യം ബാറ്റുചെയ്ത ചെന്നൈ നേടിയ 165-നെതിരേ ഹൈദരാബാദ് തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു.

തന്ത്രങ്ങള്‍ക്കു പേരുകേട്ട ചെന്നൈ രണ്ടാം ഓവര്‍ എറിയാന്‍ ഇംപാക്ട് പ്ലെയറായി കൊണ്ടുവന്നത് മുകേഷ് ചൗധരിയെ. അവിടം മുതല്‍ ഹൈദരാബാദിന്റെ ജയപ്രതീക്ഷകള്‍ക്ക് കൂടുതല്‍ ജീവന്‍വെച്ചു. ആ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. ആദ്യ രണ്ടോവറില്‍തന്നെ 35 റണ്‍സ്. 12 പന്തുകളില്‍ 37 റണ്‍സ് നേടി അഭിഷേകാണ് ആദ്യം പുറത്തായത്. മൂന്നാം ഓവര്‍ എറിഞ്ഞ ദീപക് ചാഹറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് വീണ് പരാജയപ്പെടുകയായിരുന്നു.

പിന്നീട് ട്രാവിസ് ഹെഡും എയ്ഡന്‍ മാര്‍ക്രമും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പത്താം ഓവറില്‍ മഹീഷ് തീക്ഷണയുട പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് നല്‍കി ട്രാവിസ് ഹെഡ് മടങ്ങി (24 പന്തില്‍ 31). 36 പന്തില്‍ 50 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് മൂന്നാമത് പുറത്തായത്. ഒരു സിക്‌സും നാല് ഫോറും ചേര്‍ന്നതാണ് ഇന്നിങ്‌സ്.

പതിനാറാം ഓവറില്‍ ഓവറില്‍ ഷഹബാസ് അഹ്‌മദ് (19 പന്തില്‍ 18) പുറത്തായി. മാര്‍ക്രമിനെയും ഷഹബാസിനെയും വിക്കറ്റിന് മുന്നില്‍ കുരുക്കി മോയിന്‍ അലിയാണ് പറഞ്ഞയച്ചത്. അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസനും (10) നിതീഷ് റെഡ്ഢിയും (14) ആണ് ഹൈദരാബാദിനെ വിജയലക്ഷ്യത്തിലെത്തിച്ചത്. ചെന്നൈ നിരയില്‍ മോയിന്‍ അലി രണ്ടും മഹീഷ് തീക്ഷണ, ദീപക് ചാഹര്‍ എന്നിവര്‍ ഓരോന്നും വിക്കറ്റ് നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments