ലക്നൗ: ലക്നൗവിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ഈ സീസണില്‍ തുല്യ ദുഖിതരാണ് മുംബൈയും ലക്നൗവും. വമ്പൻതാരങ്ങളുണ്ടെങ്കിലും ടീമെന്ന നിലയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇരു ടീമിനും ഇതുവരെയായിട്ടില്ല. മൂന്ന് കളിയിൽ ഒറ്റജയം മാത്രമാണ് ഇരു ടീമിന്‍റെയും അക്കൗണ്ടിലുള്ളത്. ഇതിനെല്ലാം ഉപരി ലക്നൗവും മുംബൈയും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ലക്നൗ നായകന്‍ റിഷഭ് പന്തിന്‍റെയും പ്രകടനങ്ങളാവും.
ഐപിഎല്‍ താരലേത്തില്‍ 27 കോടി രൂപക്ക് ല്കൗവിലെത്തി ഐപിഎൽ ചരിത്രത്തിലെ എക്കാലത്തേയും വിലയേറിയ താരമായെങ്കിലും റിഷഭ് പന്തിന് മൂന്ന് കളികളില്‍ ഇതുവരെ നേടാനായത് 17 റൺസ് മാത്രം. രോഹിത്തിന്‍റെ കാര്യവും വ്യത്യസ്തമല്ല.16 കോടി രൂപക്ക് മുംബൈ നിലനിര്‍ത്തിയ മുന്‍നായകന്‍റെ പേരിലുള്ളത് 21 റൺസാണ്. രോഹിത് നിറം മങ്ങിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ കൊൽക്കത്തയെ തോൽപിച്ച് വിജയവഴിയിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ. ബൗളിംഗിൽ പരീക്ഷണങ്ങൾ തുടരുന്ന മുംബൈയ്ക്ക് സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവർ ക്രീസിൽ ഉറയ്ക്കേണ്ടത് അനിവാര്യമാണ്.
ഒറ്റ ദിവസത്തെ അത്ഭുതമല്ല താനെന്ന് തെളിയിക്കണം മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന്. നിക്കോളാസ് പുരാൻ, എയ്ഡൻ മാർക്രാം, മിച്ചൽ മാർഷ്, ഡേവിഡ് മില്ലർ എന്നീ വിദേശ ബാറ്റർമാരിലാണ് ലക്നൗവിന്‍റെ റൺസ് പ്രതീക്ഷ. പുരാൻ ക്രീസിൽ പൊട്ടിത്തെറിച്ചാൽ മുംബൈ ബൗളർമാരുടെ താളം തെറ്റുമെന്നുറപ്പ്. വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളർമാരെ മാത്രം ആശ്രയിക്കുന്ന ലക്നൗവിന് നേർക്കുനേർ കണക്കിലെ ചരിത്രം ആത്മവിശ്വാസം നൽകുന്നതാണ്. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിൽ അഞ്ചിലും ജയം ലക്നൗവിനൊപ്പമായിരുന്നു.