Thursday, February 13, 2025
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (26) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (26) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

” ധനുമാസത്തിൽ തിരുവാതിര
തിരുനൊയമ്പിൻ നാളാണല്ലൊ”

ചലച്ചിത്രഗാനത്തിലൂടെ പോലും പുകൾപെറ്റ തിരുവാതിര തിരു ആതിര എന്നിവ ചേർന്നുണ്ടായതാണ്.
‘തിരു ‘ സമാസത്തിൽ പൂർവ്വനായി എപ്പോഴും വരികയും ശ്രേഷ്ഠതയെ കുറിക്കുകയും ചെയ്യുന്നു.

അങ്ങനെയാണ് നവദ്വാരങ്ങളുള്ള പുരി എന്ന ദേഹം ,എല്ലാവർക്കും സമീകരിച്ചു കിട്ടിയ ദേഹം,ജന്മിത്വത്തിൻെറ ഏകശാനത്തിൽ തിരുമേനിമാരെ സൃഷ്ടിച്ചത്. ജന്മിത്വക്കോട്ടകളൊക്കെ തകർത്തിട്ട് ‘തിരുമേനി’മാരെ ആവേശത്തോടെ എഴുന്നള്ളിച്ചു കൊണ്ടു നടക്കുകയും ആവേശത്തിൻെറ വേലിയേറ്റം അവസാനിക്കാത്തതു കൊണ്ട് “പൊന്നുതിരുമേനി ‘ മാരെ ആനപ്പുറത്തേറ്റി ഘോഷിക്കുകയും ചെയ്യുന്ന വർത്തമാനഘോഷവും ഒരു ദുരന്ത വിപര്യമായി കൊണ്ടാടുകയും ചെയ്യുന്നുണ്ടല്ലൊ !

പുതു കാലത്ത് പുതുതിരുമേനിമാരും വിലസുന്നുണ്ട്! ഇപ്പോൾ മഹോത്സവങ്ങൾ തിരുവുത്സവങ്ങളാ യിരിക്കുന്നു! മുറപോലെ എല്ലാം നടന്നു കൊള്ളട്ടെ .

തിരു
ആതിര എന്ന തിരിവിലേക്ക് തിരിച്ചു വന്നാൽ ആതിര ആർദ്ര എന്ന സംസ്കൃത പദത്തിന്റെ തദ്ഭവമാണെന്നു കാണാം.
പുരാതന
‘ ആർദ്രാദർശനം’ നവകാലനെടുമോഹ നിദ്രയിലാണ്.അല്ലെങ്കിലും ആചാരങ്ങൾ മറക്കുകയൊ മറയ്ക്കുകയൊ ചെയ്യാവുന്നതാണ്. തൽസ്ഥാനത്ത് അനാചാര ദുരാചാരങ്ങൾ സ്ഥാനം പിടിക്കുക എന്നതും സംഗതമാണ്.

ആർദ്ര ശിവനക്ഷത്രമാണെന്നു പറയപ്പെടുന്നു. ശിവൻെറ തിരുനാൾ ശിവയ്ക്കും പ്രിയതരമാകാതെ വരികയില്ലല്ലൊ. ശിവപാർവ്വതിമാർ മാത്രമല്ല കാമദേവനും ചേർന്ന സംയുക്തത തിരുവാതിരയിലുണ്ട്. സതിയുടെ വേർപാടിൽ നൊന്ത് ‘കാറ്റിൽ പെടാ ദീപം പോലെ ‘ തപസ്സിലമർന്ന ശിവനെ ഉണർത്താൻ കാമദേവൻ നിയുക്തനാവുകയും സതീദേവിയുടെ പുനർജന്മമായ പാർവ്വതി, ശിവപൂജ നടത്തിക്കൊണ്ടിരുന്ന സന്ദർഭത്തിൽ കാമൻ സമ്മോഹനം പ്രയോഗിച്ച് ശിവ തപസ്സ് ഇളക്കിയതും പുരാണപ്രസിദ്ധമാണ്. ശിവൻ തൃക്കണ്ണു തുറന്ന് കാമനെ ഭസ്മമാക്കി.കാമദേവനില്ലാത്ത ലോകം പുതുമുളകളില്ലാതെ ഊഷരമായി. കാമനെ പുനസൃഷ്ടിച്ചാലേ ബ്രഹ്മാവിന് സൃഷ്ടി ഫലവത്താക്കാനാവൂ എന്ന നിസ്സഹായത ഉണ്ടായി. അപ്പോൾ തിരുവാതിര ശിവപാർവ്വതിമാർക്കും കാമദേവനും നടത്തുന്ന പൂജയാണെന്ന് വ്യക്തമാകുന്നുണ്ട്. ശിവപാർവ്വതിമാർ വാക്കും അർത്ഥവും പോലെ അഭേദ്യമായി നില്ക്കുകയും അവരിൽ കാമൻ സമ്മോഹനത പകരുകയും ചെയ്യുമ്പോഴാണ് പ്രപഞ്ചം രമ്യഭാവ മുകുളങ്ങൾ വിരിയിക്കുന്നതെന്ന് വ്യക്തമാകുന്നു.

ആവർത്തിച്ചു പറഞ്ഞാൽ തിരുവാതിര ശിവ പൂജയാണ്, പാർവ്വതീപൂജയാണ് , കാമപൂജയുമാണ്.

പുരുഷമേധാവിത്വം അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് കനിഞ്ഞേകിയ വികാരവിമലീകരണമാണ് തിരുവാതിര.
ഏഴരവെളുപ്പിനുണർന്ന് തുടിച്ചു കുളിച്ച് ദേവസ്തുതികളും കുസൃതികളും പ്രകൃതിജ ഭക്ഷണവുമൊക്കെയായി സ്ത്രീകൾ കെട്ടുപാടുകൾ വിട്ടു സ്വതന്ത്രരാവുന്ന രാവുകൾ. വർഷം തോറും ഒരാഴ്ച സ്ത്രീകൾക്ക് ഉത്സവകാലം. പുരുഷവർഗ്ഗമേ ആ ഉത്സവ സങ്കേതത്തിലേക്ക് കടക്കരുതേ…

പൂർവ്വാധികം.

നമ്മുടെ ദേവാലയങ്ങളിൽ നിന്ന് പുറപ്പെടുവിക്കാറുള്ള ഉത്സവാഘോഷ നോട്ടീസിൽ പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന അറിയിപ്പ് കാണാറുണ്ട്.

മുൻപത്തെക്കാൾ ഭംഗിയായി എന്നാണല്ലോ വിവക്ഷ.
കഴിഞ്ഞ വർഷത്തെക്കാൾ ഭംഗിയായി നടത്താൻ കമ്മിറ്റി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്.പൂർവ്വാധികം ഭംഗിയായി നടത്താനുള്ള ആഗ്രഹം നന്ന്.പക്ഷേ , അതിൻെറ ധ്വനി കഴിഞ്ഞ വർഷത്തെക്കാൾ സംഭാവനയും സഹകരണവും ഉണ്ടായിരിക്കണം എന്നു കൂടിയാണ്.
പൂർവ്വ + അധികം എന്നു തിരിക്കുമ്പാൾ സംസ്കൃതത്തിലെ സവർണ്ണ ദീർഘം സന്ധിയിൽ വരും. ഇവിടെ പൂർവ്വ എന്നതിലെ അവസാന ‘അ’ കാരവും അധികത്തിലെ ആദ്യ ‘അ’ കാരവും ചേർന്ന് അകാരദീർഘം വരുന്നു എന്നു സന്ധികാര്യം.

അതീന്ദ്രിയ ജ്ഞാനം.

പഞ്ചേന്ദ്രിയങ്ങൾ കൊണ്ടാണ് നാം ലോകത്തെ അറിയുന്നത്.അഞ്ചിന്ദ്രിയങ്ങൾക്ക് അപ്പുറത്തു നിന്നും ഗ്രഹിക്കുന്നവ എന്നാണ് അതീന്ദ്രിയ ജ്ഞാനം അർത്ഥമാക്കുന്നത്. എക്സ്ട്രാ sensory perception,ESP എന്നാണ് ഇംഗ്ലീഷ് മൊഴി.ധീ അഥവാ ബുദ്ധി സമാധിയിൽ ( സമമായ ധീ)നിലനില്ക്കെ,ഏകാഗ്രതയുടെ ആത്യന്തിക തലത്തിൽ അതീന്ദ്രിയാനുഭുതി കൈവരുമത്രെ .

കൂടപ്പിറപ്പ്.

സഹോദരൻ സഹോദരി എന്നീ പ്രയോഗങ്ങളെക്കാൾ പൊക്കിൾക്കൊടി ബന്ധം ധ്വനിപ്പിക്കുന്നത് കൂടപ്പിറപ്പാണ്.പക്ഷേ മലയാളിത്തമുള്ള പദങ്ങൾ അനുനിമിഷം എന്നോണം മറഞ്ഞു കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസം,സമ്പത്ത് , ഓദ്യോഗിക നില ,താമസസ്ഥലം, ആധിപത്യം ,കൂട്ടുകാർ തുടങ്ങിയവ മാറുന്നതിന് അനുസരിച്ച് നാടൻ മൊഴികൾ തള്ളിമാറ്റപ്പെട്ട് സംസ്കൃത ആംഗല പദങ്ങളെ എല്ലാവരും തന്നെ ആശ്ലേഷിക്കുന്നുണ്ട്.ആങ്ങളയും പെങ്ങളും ഹാ, അമ്മയുടെ മണമുള്ള ജീവത്പദങ്ങൾ !!

രാവണൻ.

രവം ; ശബ്ദം.
രാവണൻ രവം കൊണ്ടു തന്നെ ലോകത്തെ വിറപ്പിക്കുന്നവൻ. പത്തു തലയ്ക്കൊത്ത ബുദ്ധിയും ശക്തിയുമുള്ളവൻ. വേദപണ്ഡിൻ.ഇന്ദ്രനെപ്പോലും വെന്നവൻ.പറഞ്ഞിട്ടെന്ത് കാമവും ക്രോധവും ലോഭവും ദശഗ്രീവനെ
തകർത്തു.
ഉപദേശിക്കാൻ ആളില്ലെങ്കിൽ വഴി തെറ്റാം. ഉപദേശിക്കുന്നവരെ അവഗണിക്കുന്നവർക്കും നാശം തന്നെ വഴി.
രാമൻെറ വഴിയിലൂടെ നടക്കാൻ ആഗ്രഹിക്കുകയും രാവണന്റെ ട്രാക്കിലേക്ക് തെന്നിമാറുകയും ചെയ്യുന്ന വിപര്യയം കലികാലത്ത് വർദ്ധിതം തന്നെ.

പി കുഞ്ഞിരാമൻ നായർ ഈ ദയനീയതയുടെ തന്മയത്വം ഇപ്രകാരം വാങ്മയപ്പെടുത്തി യിരിക്കുന്നു;
” വേദനാപൂർണ്ണമാണിക്കഥ
രാവണ വേഷവും ഞാനും
ഒന്നായിച്ചമഞ്ഞു പോയ്……

വക്കടരാത്ത വാക്കുകൾ, ഇടറാത്ത വാക്കുകൾ ജീവിതത്തിനു വിതയേറ്റുകയായി…

സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments