Saturday, July 27, 2024
Homeസ്പെഷ്യൽതുടർക്കഥയാകുന്ന സ്ത്രീധനപീഡനം. (ലേഖനം) ✍ ഒ. കെ. ശൈലജ ടീച്ചർ

തുടർക്കഥയാകുന്ന സ്ത്രീധനപീഡനം. (ലേഖനം) ✍ ഒ. കെ. ശൈലജ ടീച്ചർ

✍ ഒ. കെ. ശൈലജ ടീച്ചർ

🙏 ഓരോ പുലരിയും ഞെട്ടിയുണരുന്നത് അതിക്രൂരമായ, ദുരന്തമായ, പീഡനങ്ങളുടെ വാർത്തകളോടെയാണ്.

സ്ത്രീധനപീഡനവും, ഗാർഹിക പീഡനവും തുടർക്കഥയാകുന്നു.

ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങൾക്ക് അറുതി വരാൻ സ്ത്രീകൾ സ്വയം ശക്തരാകുക തന്നെ വേണം.

നവവധുവിനെ സ്ത്രീധനത്തിൻ്റെ പേരിൽ അതിക്രൂരമായി പീഡിപ്പിച്ച നവവരനോടൊപ്പമാണ് പോലീസ് എന്ന ദുഃഖ സത്യം കണ്ടു.

നിയമപാലകർ പണച്ചാക്കുകൾക്കൊപ്പം നില്ക്കുന്നതുകൊണ്ടു കൂടിയാണ് സ്ത്രീധന പീഡനം തുടർക്കഥയാകുന്നത്.

സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത് എന്നുള്ള നിയമം ചുവപ്പുനാടയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു.

ചാനലുകാർ രണ്ടു ദിവസം ഈ വാർത്ത പൊടിപൂരമായി ആഘോഷിച്ചതിനു ശേഷം, അടുത്ത വാർത്തയിലേക്കു പോകും.

സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളികൂട്ടുന്ന മഹിളാ അസോസിയേഷനും, മറ്റു ജനാധിപത്യ സംഘടനകളും നോക്കുകുത്തികളായി മാറിപ്പോകുന്നു.

ആൺകുട്ടികൾ പെണ്ണ് കിട്ടാതെ പുര നിറഞ്ഞു നില്ക്കുന്ന ഈ കാലത്തിലാണ് ഇത്തരം ഗാർഹിക പീഡനങ്ങൾ നടക്കുന്നത്.

പുതുതലമുറയിലെ പല പെൺകുട്ടികളും വിവാഹത്തോടു വിയോജിപ്പ് കാണിക്കുന്നതിൻ്റെ കാരണവുമിതാണ്.

പെണ്ണിനേക്കാൾ പ്രാധാന്യം പൊന്നിനും പണത്തിനും നല്കുന്ന ആണധികാരത്തിൻ്റെ ഹുങ്ക് ഇന്നും നിലനില്ക്കുന്നതിൻ്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ.

ഇവിടെ പെൺകുട്ടികൾ ഉണരണം. തൻ്റെ ജീവനപകടത്തിലാണെന്നു മനസ്സിലാക്കാനും, രക്ഷപ്പെടാനുമുള്ള വൈഭവവും,ധൈര്യവും, അവൾ നേടിയേ പറ്റൂ.

ഉന്നതവിദ്യാഭ്യാസത്തോടൊപ്പം പെൺകുട്ടികൾ അത്യാവശ്യം കായികമുറകളും അഭ്യസിച്ചിരിക്കണം. രക്ഷിതാക്കൾ ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തിരിക്കണം.

മനുഷ്യൻ്റെ പണത്തിനോടുള്ള ആർത്തി മാറാത്ത കാലത്തോളം അവനിലെ മനുഷ്യത്വം നഷ്ടപ്പെട്ടിരിക്കും. ഇവിടെ ഈ പെൺകുട്ടിയുടേയും, രക്ഷിതാക്കളുടേയും ഭാഗ്യം കൊണ്ട് മരണം സംഭവിച്ചില്ല.

പക്ഷേ അവൾക്കേറ്റ ക്രൂരമായ പീഡനം അവളുടെ ആരോഗ്യനിലയെ വഷളാക്കാൻ സാധ്യതയുണ്ട്. മാത്രവുമല്ല ഇനി ഒരു ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള മനോധൈര്യവും നഷ്ടപ്പെട്ടിരിക്കും.

എങ്ങനെ വിശ്വസിച്ചു കൂടെ കഴിയും? സംരക്ഷകനോ, ഘാതകനോയെന്ന്?
സമൂഹത്തെയോ, എന്തിനെയൊക്കെയോ ഭയപ്പെടുകയാണ് ഇന്നും സ്ത്രീ സമൂഹം. ഈ വ്യവസ്ഥിതിയാണ് അതിവേഗം മാറേണ്ടത്.

പുരുഷനെയും, അവൻ്റെ കുടുംബത്തേയും വിശ്വസിച്ചു അവർക്കൊപ്പം തൻ്റെ മകളെ പറഞ്ഞയക്കുമ്പോൾ, സ്ത്രീധനം കൊടുക്കൽ മാത്രമല്ല തങ്ങളുടെ ഉത്തരവാദിത്വമെന്ന് രക്ഷിതാക്കൾ ബോധവാന്മാരാകണം.

മാമൂലുകളും, ആചാരങ്ങളും നിറവേറ്റാനായിട്ട് മാത്രമല്ല, പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടിലേക്ക് വരേണ്ടത്. തൻ്റെ മകൾ അവിടെ സുരക്ഷിതയാണോ എന്നതുകൂടി അറിഞ്ഞിരിക്കണം.

ഇന്ന് അതിനുള്ള സൗകര്യമുണ്ടല്ലോ. അതുപോലെ പെൺകുട്ടിയും തനിക്കുണ്ടാകുന്ന പീഡനം തൽസമയം വീട്ടുകാരേയും, അധികാരപ്പെട്ടവരേയും അറിയിക്കണം. അതിനുള്ള ചങ്കൂറ്റം അവൾക്കുണ്ടായേ മതിയാകൂ. എങ്കിലേ ഇത്തരം അധമന്മാർക്കിടയിൽ നിന്നും സ്ത്രീ സുരക്ഷയാകൂ.

ഇത്തരം അനീതിക്കെതിരെയാണ് നാം പ്രതികരിക്കേണ്ടത്. സ്ത്രീധന പീഡനം തുടച്ചു മാറ്റാൻ നാം തന്നെ മുൻകൈ എടുത്താലേ ,ഈ ദുഷിച്ച പ്രവണതയ്ക്ക് അവസാനമുണ്ടാകൂ.

സ്ത്രീധന പീഡനങ്ങളും, മരണങ്ങളും നമുക്കിടയിലുണ്ടാകാതിരിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം.

സ്ത്രീധനം ആവശ്യപ്പെടുന്നവർക്ക് സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കില്ലെന്ന്, മക്കളെ കഷ്ടപ്പെട്ടു വളർത്തിയ അച്ഛനമ്മമാർ തീരുമാനിച്ചില്ലെങ്കിൽ, തങ്ങളുടെ പൊൻമണിയായ, പൊന്മകൾ പണമോഹികളുടെ കൈകളിൽ കിടന്ന് പിടഞ്ഞുമരിക്കും. അത് വേണോ? എന്ന് നന്നായി ചിന്തിക്കൂ. തൻ്റെ പ്രാണനായി സ്നേഹിച്ചു സംരക്ഷിച്ചു വളർത്തിയ മകൾ, വിവാഹത്തിനു മുമ്പ് സ്വന്തം കാലിൽ നില്ക്കാനുള്ള ജോലി നേടട്ടെ.

ആരേയും ആശ്രയിച്ചു ജീവിക്കാതെ സ്വയം പര്യാപ്തത നേടുന്ന സ്ത്രീക്ക് ഒറ്റയ്ക്കു ജീവിക്കാനും, അന്യായത്തോടു പൊരുതി ജയിക്കാനുമുള്ള മനോധൈര്യം കൈവരുന്നു. പെണ്ണിനെ മരണം വരെ സംരക്ഷിക്കാനെന്ന പേരിൽ, പെൺവീട്ടുകാരിൽ നിന്നും ചോദിച്ചു വാങ്ങുന്ന സ്ത്രീധനത്തുകയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്, പെൺകുട്ടിയുടെ ജീവിതംഅരക്ഷിതാവസ്ഥയിലാകുന്ന അതിക്രൂരമായ അവസ്ഥ ഇല്ലാതാക്കാനിവിടെ നിയമമുണ്ടെങ്കിലും, നീതി ലഭിക്കുന്നത് സ്വാധീനമുള്ള പുരുഷനും, അവൻ്റെ കുടുംബത്തിനുമാണ്.
അതുകൊണ്ട് പെൺകുട്ടികളും, അവരുടെ മാതാപിതാക്കളും ഉണർന്നു പ്രവർത്തിക്കുക.

കൺമണിയായ മകൾക്ക് ജീവഹാനി സംഭവിക്കാതിരിക്കാൻ, സ്ത്രീധനമോഹികൾക്ക് നൽകാതിരിക്കുക നിങ്ങളുടെ പൊൻ മുത്തിനെ. മനുഷ്യത്വമുള്ളവൻ വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. ജർമ്മനിയിലാണ് അമേരിക്കയിലാണ് ജോലി എന്നതുകൊണ്ടു കാര്യമില്ല. നാട്ടിൽ കൂലിപ്പണിക്കാരനായാലും അവൻ സ്നേഹമുള്ളവനാണോ എന്നറിഞ്ഞു കൊണ്ടു, അവൻ്റെ കരങ്ങളിൽ ഏല്പിക്കുക. ചിലപ്പോൾ പണത്തിൻ്റെയും, പദവിയുടേയും ന്യൂനതയുണ്ടായാലും, ഹൃദയശുദ്ധിയുള്ളവനായിരിക്കും. ജീവിതപങ്കാളിയാകുന്നവൻ, തൻ്റെ കൂടെ ജീവിക്കാൻ വന്നവളുടെ ഘാതകനാകാതിരിക്കട്ടെ!
ഇനിയുമൊരു ഉത്തരയോ, വിസ്മയയോ ഉണ്ടാകാതിരിക്കട്ടെ. 🙏

✍ ഒ. കെ. ശൈലജ ടീച്ചർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments