Sunday, June 16, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി അഞ്ചാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി അഞ്ചാം വാരം)

സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)കുസൃതി ചോദ്യങ്ങൾ (B)നാക്കുളുക്കി
(C)പദ്യം (D)സ്റ്റാമ്പ് കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടന്ന് വിശ്വസിയ്ക്കുന്നു.😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) കുസൃതി ചോദ്യങ്ങൾ (13)

1)റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌?

ചക്രം കൊണ്ട്‌

2)എല്ലാവരും തിന്നുന്ന ആണി?

ബിരിയാണി

3)കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം?

ഡോട്ട്‌ കോം.

4)രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. ?

അംബാസഡര്‍

5)കരമുള്ള മലയാള മാസം?

മകരം

6)സിനിമകളിൽ ഇല്ലാത്ത ആക്ഷൻ?

വിക്സ് ആക്ഷൻ

7)എല്ലാവരും ബഹുമാനിക്കുന്ന തല?

ചുമതല

8)ഏറ്റവും കൂടുതൽ വേദനിക്കുന്ന രാജ്യം ഏതാണ്?

സ്പെയിൻ

9)ലോകത്തിലെ ഏറ്റവും മോശമായ കൃതി?

വികൃതി

10)കയറാൻ പറ്റാത്ത കാർ?

മഴക്കാർ

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചകളുടെ തുടർച്ച യായി ഈ വാരത്തിലും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ ആഴ്ചകളിലെ ചൊല്ലി നോക്കിയോ..?

26. അന്തിക്ക് കുന്തിദേവി കിണ്ടി കഴുകുമ്പോൾ കിണ്ടികളിൽ ഒരു കിണ്ടിയുരുണ്ട് കുണ്ടിൽ വീണു..!!

27. തണ്ടുരുളും തടിയുരുളും തണ്ടിൻ‌മേലൊരു ചെറുതരികുരുമുളകുരുളും..

28. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ..

29. കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം..

30. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി

📗📗

👫C) പണ്ടേ പ്രചാരത്തിലുള്ള പദ്യങ്ങൾ(3)

ഹായ് കുട്ടീസ് ഈ വാരവും നമുക്ക് പണ്ടേ നാട്ടിൽ പാടുന്ന കുട്ടി കവിതകളിൽ ഒന്ന് കൂടി വായിയ്ക്കാം… ട്ടോ

താറാവ്

കുണുങ്ങി കുണുങ്ങി നടക്കും കരയിൽ
നീന്തുകയാണേ വെള്ളത്തിൽ
ജലയാനം പോൽ ഒഴുകി നടക്കും
താറവതു ബഹു കേമൻ
മുട്ടയിൽ ചെളിയുടെ ചൂരുണ്ടാവാം
ഔഷധ ഗുണമുണ്ടത് കേമം

📗📗

👫D) സ്റ്റാമ്പിന്റെ കഥ(16)

അയ്യൻങ്കാളി

2002-ൽ ഭാരതീയ തപാൽ വകുപ്പ് മൂന്ന് മഹത്തായ സാമൂഹിക പരിഷ്കർത്താക്കളുടെ സ്മരണയ്ക്കായി സ്മരണിക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി. അതിലൊന്ന് 5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽ അയ്യങ്കാളിയുടെ ഛായ ചിത്രമാണ്.

അടിസ്ഥാന ജനവര്‍ഗ്ഗത്തിന്റെ സമര സാരഥി, സാസ്‌കാരിക നവേത്ഥാനത്തിന്റെ നേര്‍ അവകാശി, ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നയിച്ച വിപ്ലവകാരി.കേരള ചരിത്രത്തില്‍ ഇത്തരത്തിലുള്ള ഒട്ടേറെ വിശേഷണങ്ങള്‍ അടയാളപ്പെടുത്തിയ നേതാവണ് അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇണക്കിച്ചേര്‍ക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ
കിരാതമായ ജാതിയുടെ ഇരുട്ട് അടിത്തട്ടിലമരുന്ന ജനതയെ തികച്ചും അപമാനവീകരിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണ് 1863 ഓഗസ്റ്റ് 28-ന് വെങ്ങാനൂരിലെ പ്ലാവറത്തറ കുടിയിൽ അയ്യന്റെയും മാലയുടെയും മകനായി അയ്യൻകാളി പിറന്നു വീണത്. വസ്ത്രം ധരിക്കാനോ റോഡിലൂടെ നടക്കാനോ വിദ്യാഭ്യാസം നടക്കാനോ, എന്തിനേറെ ഒരു മനുഷ്യരായിപ്പോലും പിന്നാക്കവിഭാഗക്കാരെ പരിഗണിക്കാത്ത സാഹചര്യം കാളിക്ക് മുന്നിലുണ്ടായിരുന്നു . ഈ സാഹചര്യമാണ് കാളിയിലെ പോരാട്ടവീര്യത്തെ ഉണർത്തുന്നത്. കാളിയെ അയ്യങ്കാളിയാക്കുന്നത്.
കൃഷി ചെയ്യാൻ ജന്മിമാർക്കുള്ള ഒരുപകരണം മാത്രമായിരുന്നു അന്ന് പിന്നാക്കവിഭാഗക്കാർ. പൊതുസ്ഥലങ്ങളിലെല്ലാം പിന്നാക്കവിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ട് പരിശോധിക്കില്ല. ഗുളികകൾ എറിഞ്ഞുകൊടുക്കും. നീചമായ ഇത്തരം ആചാരങ്ങൾക്കെതിരെ മുപ്പതാം വയസ്സിൽ അയ്യങ്കാളി ശബ്ദമുയർത്തി. അതും സ്വന്തം സമുദായത്തിൽ നിന്നുള്ള എതിർപ്പുപോലും അവഗണിച്ച്. തുടക്കത്തിൽ ഒറ്റയ്ക്കായിരുന്ന അദ്ദേഹം പിന്നീട് യുവാക്കളെ സംഘടിപ്പിക്കുകയും അവർക്ക് കായികാഭ്യാസങ്ങൾ നൽകുകയും ചെയ്തു.
1898-99 കാലഘട്ടങ്ങളിൽ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം മുതലായയിടങ്ങളിൽ ജന്മിമാർക്കെതിരെ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളിൽ നിരവധി അധഃസ്ഥിതർക്ക് ജീവൻ നഷ്ടമായെങ്കിലും അത്തരം ജനങ്ങൾക്കിടയിൽ അദ്ദേഹം ആരാധ്യനായി മാറി. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻകാളിയായിരുന്നു. 1905-ൽ ഒത്തു തീർപ്പായി ഈ പണിമുടക്കു സമരമാണ് പിന്നീട് കേരളത്തിലുടനീളം കർഷത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്ന് സാമൂഹിക ഗവേഷകർ വിലയിരുത്തുന്നത്.വിദ്യയാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രഥമ പാതയെന്ന്‌ മനസ്സിലാക്കിയ അയ്യങ്കാളി അതിനായുള്ള ശ്രമങ്ങള്‍ക്കായി ജീവിതം തന്നെ മാറ്റിവച്ചു.ദിവാന്‍റെ വസ്ത്രധാരണത്തിന് സമാനമായ രീതിയിൽ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതിൽ കടുക്കനിട്ടും മനുഷ്യാവകാശങ്ങൾ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്ത ജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാൻ രാജപാതയിലൂടെ വില്ലുവണ്ടിയിൽ സഞ്ചരിച്ചു. അത് അടിച്ചമർത്തപ്പെട്ടവർക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിനായി 1893-ൽ നടത്തിയ വില്ലുവണ്ടി സമരം, ജാതിശാസനകളെ ധിക്കരിക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത കല്ലുമാല സമരം എന്നിവയും അയ്യങ്കാളിക്ക് ദളിതരുടെ അനിഷേധ്യനേതാവെന്ന പേരുനൽകി. 1911 ഡിസംബർ അഞ്ചിന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്തു. പ്രജാസഭയിൽ ചെയ്ത കന്നി പ്രസംഗത്തിൽ തന്റെ ആളുകൾക്ക് സ്വന്തമായി മണ്ണില്ലാത്തതിനാൽ വീടുവെയ്ക്കാൻ മണ്ണു വേണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു. ഇതിനേത്തുടർന്ന് വിളപ്പിൽ പകുതിയിൽ 500 ഏക്കർ സ്ഥലം സാധുജനങ്ങൾക്ക് പതിച്ചുനൽകാൻ സർക്കാർ ഉത്തരവിട്ടു. 25 വർഷം അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും പിന്നാക്ക വിഭാഗക്കാരുടെ അവശതകൾ പരിഹരിച്ചുകിട്ടുവാൻ പരിശ്രമിച്ചുപോന്നു.
സാധുജനങ്ങൾക്ക് നീതികിട്ടുന്നതിനായി വെങ്ങാനൂരിൽ ഒരു കുടുംബകോടതി അദ്ദേഹം സ്ഥാപിച്ചു. അയ്യൻകാളി കോടതി എന്നാണ് അതറിയപ്പെട്ടിരുന്നത്. 1914ൽ പിന്നാക്ക ശിശുക്കൾക്ക് വിദ്യാലയപ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂർ മഹാരാജാവ് ഉത്തരവിറക്കുകയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളിൽ ചേർക്കുകയും ചെയ്തു.ക്ഷേത്രപ്രവേശന വിളംബരം നടത്തിയതിന് തിരുവിതാംകൂർ മഹാരാജാവിനെ അഭിനന്ദിക്കാനെത്തിയ മഹാത്മാഗാന്ധി ഇതിനു പിന്നിലെ അയ്യങ്കാളിയുടെ പ്രവർത്തനം മനസ്സിലാക്കി അദ്ദേഹത്തെ വെങ്ങാനൂരിൽ സന്ദർശിച്ചു. ഗാന്ധിജിയുടെ മനസ്സുനിറയെ പുലയരെക്കുറിച്ച് തലേദിവസം സി.പി. രാമസ്വാമി അയ്യർ പറഞ്ഞുകൊടുത്ത കഥകളായിരുന്നു. പുലയനാർകോട്ട രാജാവിന്റെ പിൻമുറക്കാർ എന്ന നിലയിലായിരിക്കാം ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ രാജാവ്’ എന്നു വിശേഷിപ്പിച്ചത്.ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. 1941 ജൂൺ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കർമ്മനിരതനായിരുന്നു.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (19)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments