Logo Below Image
Wednesday, April 9, 2025
Logo Below Image
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - ഭാഗം 15) കുന്നിമണിയായ് ഒരു കുഞ്ഞുഹൂറി.. ✍ അവതരണം: ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 15) കുന്നിമണിയായ് ഒരു കുഞ്ഞുഹൂറി.. ✍ അവതരണം: ഗിരിജാവാര്യർ

ഗിരിജാവാര്യർ

ജാസ്മിൻ , നീയെനിക്ക് ആരായിരുന്നു? സ്വപ്നങ്ങളുടെ കൊലുസുമണികൾ കിലുക്കി, പാതിയടഞ്ഞ മിഴികളോടെ സ്നേഹത്തിന്റെ നിറച്ചാർത്തേകി നീ നിറഞ്ഞുനിന്ന ഈ വഴികൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നഷ്ടബോധം വല്ലാതെ നീറ്റുന്നു. തട്ടമിട്ടു മറച്ചിട്ടും കാറ്റിലിളകി, നിന്റെ തിളങ്ങുന്ന നെറ്റിയിൽവീണ് അനുസരണക്കേടു കാണിക്കുന്ന കുനുകുനായുള്ള കുഞ്ഞളകങ്ങൾ.. അതിനടിയിൽ സ്വപ്നം കാണുന്ന, മയങ്ങിയടഞ്ഞുപോകുന്ന കണ്ണുകൾ. നീയൊരു ഹൂറിതന്നെ പെണ്ണേ. ഉണ്ണിമാമയുടെയടുത്ത് നീ ട്യൂഷന് വരട്ടേ എന്നു ചോദിച്ചപ്പോൾ ഏറെ സന്തോഷിച്ചതും ഞാൻതന്നെയല്ലേ?

“The quality of mercy is not strained
It dropets as the gentle rain
From heaven upon the place beneath”

Merchant of venice ലെ പോർഷ്യയുടെ എലോക്വന്റ് സ്പീച്ച് ഉണ്ണിമാമയുടെ ഭാവഹാവാദികളിലൂടെ വരുമ്പോഴാണ് ശ്രദ്ധിച്ചത്. തട്ടത്തിന്റെ അറ്റംകൊണ്ടവൾ കണ്ണുതുടയ്ക്കുന്നു. ഞാൻ പതുക്കെ അവളുടെ കൈമുട്ടിൽ തട്ടി. ഉണ്ണിമാമ ഇതൊന്നും അറിഞ്ഞമട്ടില്ല. അദ്ദേഹം പോർഷ്യയായി ഡ്യൂക്കിന്റെ കോർട്ടിൽ നിറഞ്ഞാടുകയാണ്. ക്ലാസ്സ്‌ കഴിഞ്ഞിട്ടും അവൾ സൈലന്റായിരുന്നു.

“ദ് എന്തുപറ്റി ന്റെ കിലുക്കാംപെട്ടിക്ക്?”

“ഹേയ്, ഒന്നുമില്ലാ..”

“അതല്ല, നീയെന്തിനാ കരഞ്ഞേ?”

അവളതിനു മറുപടി പറയാതെ കുറേനേരം എന്റെ മുഖത്തുനോക്കാതിരുന്നു. നിർബന്ധം കൂടിയപ്പോൾ എന്റെ കൈരണ്ടും കൂട്ടിപ്പിടിച്ച് അവൾ പിറുപിറുത്തു.

“അല്ലാഹുവിന്റെ കാരുണ്യം മഴപോലെയല്ലേ ഗിരിജേ, നമുക്ക് നനഞ്ഞു കുളിക്കാനുള്ള മഴ..”

“ദേ, എനിക്കു ദേഷ്യം വരണ് ണ്ട് ട്ടോ. അവൾടെ ഒരു മഴ.. മാങ്ങാത്തൊലി. കാര്യം പറേടി പെണ്ണേ. നീയെന്താ ഒളിക്കണേ?”

“ഞാൻ പോട്ടെ..” അവൾ നീളൻ കുടയുമെടുത്ത് എഴുന്നേറ്റു.
ജാസ്മിന്റെ കൈയിൽ എപ്പോഴും ഒരു കുട കാണും. അന്ന് ടു ഫോൾഡും ത്രീ ഫോൾഡുമൊന്നുമില്ലാത്തതിനാൽ അതങ്ങനെ നീട്ടിപ്പിടിക്കണം.

“ഇവൾടെ ഒരു കൊട.. ദ് എന്തിനാ എപ്പഴുംങ്ങനെ കൊണ്ടടക്കണേ?”

“നെനക്കത്‌ പറയാം. തലവേദന ഇനിക്കല്ലേ?”

എന്നും വിട്ടുമാറാത്ത തലവേദന ഈയിടെ അവളുടെ പരാതിയായിട്ടുണ്ട്. ചിലപ്പോൾ നിസ്കരിക്കുമ്പോൾ തല കുമ്പിടാൻപോലും സാധിക്കില്ലെന്ന്.

“ന്റെ തലയ്ക്കകത്തു എന്താണാവോ? ഒരുതരം ഇടിച്ച വേദന. വണ്ടു മൂളണപോലെ. ജില്ലാസ്പത്രീല് കാണിച്ചു. തൃശൂർക്ക്‌ എയ്തി തന്നിട്ടുണ്ട്. നാളെ പോവും.”

ഞാനവളെ പിടിച്ചുനിറുത്തി ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. അവൾ എന്റെ കണ്ണുകളെ നേരിടാനാകാതെ മറ്റെങ്ങോട്ടോ നോക്കുന്നു. അവൾക്കു ഭയമുണ്ടോ? മനസ്സ് വായിച്ചെടുക്കുന്ന കാര്യത്തിൽ ഞാൻ പണ്ടേ പിന്നിലാണല്ലോ. കല്യാണമുറപ്പിച്ച പെൺകുട്ട്യാണ്. കല്യാണക്കാര്യം ഇത്തിരി വൈകിയാണ് അവളെന്നെ അറിയിച്ചത്; അവൾക്കത്ര താൽപ്പര്യമില്ലാത്തപോലെ.

“നെനക്കു പഠിച്ചൂടെ ജാസ്മിൻ .. എന്തിനാ ഇത്ര നേരത്തെ നിക്കാഹ് കഴിക്കണ്?”

“ഇതാ ഹറാംപിറപ്പിന്റെ കൈയീന്ന്, ആ ഇബ്ലീസിന്റെ കൈയീന്ന് രക്ഷപ്പെടാൻ ഒരു വയി”

എനിക്കൊന്നും പറയാനില്ല. അവളേറെ വെറുത്തിരുന്ന, ഭയപ്പെട്ടിരുന്ന ഒരു ബന്ധു, വീട്ടിൽ വലിയ സ്വാധീനമാണ് അയാൾക്ക്. അശ്ലീലച്ചുവയുള്ള വർത്തമാനവും വൃത്തികെട്ട നോട്ടവും എല്ലാം അസഹനീയമെന്ന് അവളെപ്പോഴും പരാതി പറയും.

“നിനക്കിത് ഉമ്മാനോട് പറഞ്ഞൂടെ?”

“ഉമ്മാനിത് കേക്കാനൊക്കെ നേരം എബടെ? അടുക്കളേന്ന്‌ എറങ്ങീട്ട് വേണ്ടേ?”

ആ നിസ്സഹായതയിൽ ഞാൻ അന്തിച്ചുനിന്നു. എന്തുപറഞ്ഞാണ് ഞാനിവളെ സമാധാനിപ്പിക്കേണ്ടത്?

“നിനക്കൊന്നും വരില്ല. ധൈര്യമായി പോയിട്ടുവാ..”

ഞാനവളെ കെട്ടിപ്പിടിച്ചു യാത്രയാക്കി. ആ വെളുത്ത കവിളിലേക്ക് കുങ്കുമപ്പൂക്കൾ ഇരച്ചുകയറുന്നത് ഞാൻ കണ്ടു. പുസ്തകം നെഞ്ചോടടുക്കിപ്പിടിച്ച് നീങ്ങുന്ന അവളെ ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിന്നു.

പിന്നീട് കുറേനാൾ ഞാൻ ഒറ്റയ്ക്കാണ് ക്ലാസ്സിൽ പോയത്. വീട്ടിൽ അന്വേഷിച്ചുചെന്നപ്പോൾ അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നറിഞ്ഞു. അന്ന് ഫോണും ഇല്ല്യാത്ത കാലം. എന്തായിരിക്കാം അവളുടെ അസുഖം?

‘ന്റെ തലേല് വണ്ടു മൂളണപോലെ. ഇടിച്ച വേദന’ അവളുടെ വാക്കുകൾ ഉള്ളിൽ എവിടെയൊക്കെയോ കൊളുത്തിവലിക്കുന്നു. ഉണ്ണിമാമ പടിപ്പുരയിൽ കാവലാണ്; അവളുടെ വിശേഷമറിയാൻ. ഞാനിന്നു ജാസ്മിന്റെ വീട്ടിൽ പോകും എന്നു ഉണ്ണിമാമയോട് പറഞ്ഞിരുന്നു.

“എനിക്കവളെ കാണണം ഉണ്ണിമാമേ..”
വിങ്ങുന്ന മനസ്സോടെയാണ് ഞാൻ കാര്യം അവതരിപ്പിച്ചത്.

“കുട്ടി വിഷമിക്കണ്ടാ. നമുക്ക് നാളെത്തന്നെ ഹോസ്പിറ്റലിൽ പോയിക്കാണാം” അദ്ദേഹം വാക്കുതന്നു.

ഇളംമഞ്ഞച്ചായമടിച്ച നീണ്ടുകിടക്കുന്ന കെട്ടിടം. വേദനകളും പ്രതീക്ഷകളും കണ്ണുപൊത്തിക്കളിക്കുന്ന വരാന്തയിലൂടെ നടന്ന് ഞങ്ങൾജാസ്മിന്റെ മുറിയിലെത്തി. അവൾ നിസ്കരിക്കുകയായിരുന്നു. എന്നെക്കണ്ടതും അവൾ ദുആ ചെയ്തു കൈമുത്തി കിതാബ് മടക്കി. എന്റെ നോട്ടം കണ്ടിട്ടാകണം കുപ്പിവള ഉടയുംപോലൊരു ചിരിയോടെ അവൾ പറഞ്ഞു, “നീയെന്നെ ഈ വേഷത്തിൽ കണ്ടിട്ടില്ലല്ലോ അല്ലേ? ഇരിക്ക്.. ഞാനീ നിസ്കാരക്കുപ്പായമൊന്നു മാറ്റിവരട്ടെ.”

ഇല്ല, എന്റെ ജാസ്മിൻ സന്തോഷവതിയാണ്. അല്പം ക്ഷീണമുണ്ടെങ്കിലും ആ കണ്ണുകളിൽ വിരിഞ്ഞ പ്രകാശം ഞാൻ ശ്രദ്ധിച്ചു. നിസ്കാരക്കുപ്പായമണിഞ്ഞപ്പോൾ ഹൂറിയുടെ മൊഞ്ച് ഇത്തിരി കൂടിയിട്ടേയുള്ളൂ.

ഉണ്ണിമാമ പുറത്ത് അവളുടെ ബാപ്പയുമായി സംസാരിക്കുകയാണ്. അവളാകട്ടെ കിലുക്കാംപെട്ടിപോലെ കോളേജിലെ വിവരങ്ങളൊക്കെ അന്വേഷിച്ചു.

“മ്മടെ സുഷമ ഇന്റർസോൺ ഫെസ്റ്റിന് പോണുണ്ടോ? സക്കീർസാറ് ക്ലാസ്സിൽ വരാറില്ലേ? പിന്നേ മ്മടെ കപിൽദേവിന്റെ (ക്ലാസ്സിലെ ക്രിക്കറ്റ് പ്രേമിയുടെ ഇരട്ടപ്പേരാണത്) പ്രേമം പൊളിഞ്ഞോ?”

ഞാൻ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. ഇതിനിടയിൽ ഉമ്മ പറഞ്ഞ വാക്കുകളായിരുന്നു എന്റെ തലച്ചോറിലാകെ..

“ഓളക്കു ഒരാപ്പറേശൻ വേണ്ടീരും. തലയ്ക്കകത്തു പയ്പ്പാന്ന്‌. മറ്റന്നാളാ ഡേറ്റ്.”
ഉമ്മ കണ്ണുതുടച്ചു.

“ങ്ങക്കിദ് എന്തിന്റെ കേടാണ്‌ മ്മാ. മനിസനെ എടങ്ങേറാക്കാതെ.. ഒക്കെ പടച്ചോൻ നോക്കിക്കോളും.”

ഉള്ളിൽ തടഞ്ഞ തേങ്ങൽ തൊണ്ടവരെയെത്തി കുരുങ്ങി. അവളുടെ കരിവള കോർത്തിട്ടപോലുള്ള
മുടിയിഴകളെത്തഴുകി ഒന്നും പറയാനാകാതെ ഞാനിരുന്നു. തട്ടമിടാതെ ഞാനവളെ കണ്ടിട്ടില്ലല്ലോ എന്നു വെറുതെ ഓർത്തുപോയി. ഉണ്ണിമാമയും അവളുടെ ബാപ്പയും റൂമിലെത്തി. എഴുന്നേൽക്കാൻ ശ്രമിച്ച അവളെ പിടിച്ചിരുത്തി ഉണ്ണിമാമ പറഞ്ഞു.

“മിടുക്കിയായി വാ, നീ വന്നിട്ടേ ഇനി ഞാനിവൾക്കു ക്ലാസ്സെടുക്കൂ..”

അവളൊന്നു ചിരിച്ചു. എന്റെ കൈയിൽ അമർത്തിപ്പിടിച്ചു.

“കാണാം ട്ടോ”

യാത്രപറഞ്ഞിറങ്ങുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണ് അവൾ കാണാതിരിക്കാൻ ഞാനെത്ര പണിപ്പെട്ടു.

പതിവിനു വിപരീതമായി ഞാനന്ന് കുറേനേരം നാമം ചൊല്ലി. എന്തോ ഒരു ദു:സൂചന വട്ടമിട്ട് നിൽക്കുന്നതുപോലെ. വെറും തോന്നലായിരിക്കുമെന്നുവച്ചു തള്ളാൻ നോക്കുമ്പോഴും അതു തുരന്നുതുരന്നു ആഴത്തിലിറങ്ങുന്നു.

അവളുടെ സർജറി ദിവസം ക്ലാസ്സു കഴിയാൻ കാത്തുനിൽക്കാതെ ഞാനവളുടെ വീട്ടിലേക്കോടി. എല്ലാം ഭംഗിയായി കഴിഞ്ഞു. തേന്മഴപോലെ ആ വാർത്ത കാതിലെത്തി. അന്ന് വ്യാഴം. വെള്ളിയും കഴിഞ്ഞ്, ശനിയാഴ്ച ഞാനും ഉണ്ണിമാമയും ഹോസ്പിറ്റലിലെത്തി. അവളെ റൂമിലേക്ക്‌ മാറ്റിയിരുന്നു. ഡ്രിപ്പിട്ടു കിടത്തിയ അവൾ മയക്കത്തിലാണെന്നു തോന്നി. തല മുഴുവൻ ബാൻഡേജാണ്‌. വിഷാദം അതിരിട്ട മുഖത്തോടെ കട്ടിൽതലയ്ക്കൽ അവളുടെ ഉമ്മ.

“ങ്ങള് എന്തിനാ കുട്ട്യേ ഇപ്പൊ ഓടി വന്നേ?”
ശബ്ദംകേട്ട ജാസ്മിൻ കണ്ണു തുറന്നു, ചിരിക്കാൻ ശ്രമിച്ചു.

“വെട്ടിപ്പൊളിച്ച് അടപ്പിട്ടുവച്ചിട്ടുണ്ട്”
അവളുടെ തമാശ ആസ്വദിക്കാൻ ആവാതെ ഞങ്ങൾ.

“Mercy dropeth like gentle rain… അല്ലേ മാഷേ?”

ഉണ്ണിമാമ ഒന്നും പറയാതെ അവളുടെ കൈ തലോടി.

“ഗിരിജേ, ഞാനൊന്നേ പടച്ചോനോട് ഇരന്നുള്ളൂ. ഈ നോവല് കഴിഞ്ഞിട്ടേ ഇന്നേ വിളിക്കാവൂ ന്ന്‌”

അവൾ സ്ഥിരമായി വായിക്കുന്ന വാരികയിലെ നോവൽ ‘അവൾ വിശ്വസ്തയായിരുന്നു’ എന്നോ മറ്റോ ആണ്‌ പേര്. അവൾക്കു വലിയ ഇഷ്ടമായിരുന്നു ആ കഥ. ആ സങ്കടത്തിനിടയിലും എനിക്ക് ചിരി വന്നു. ഈ പെണ്ണിന്റെ ഒരു കാര്യം.

“അല്ലേലും ഞാനെന്തിനു പോണം? ന്റെ ഗിരിക്കുട്ടീ, നീയുണ്ടെങ്കിൽ ഈ ഭൂമി ഇനിക്ക് ജന്നത്താ”

“സുബ്ഹാനള്ളാ” അവളുടെ ഉമ്മയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.

“പടച്ചോൻ കാത്താൽ അടുത്തായ്ച്ച മ്മള് വീടെത്തും..”

എന്നിട്ടുമെന്തേ? ഓർമ്മയുടെ താളുകൾ ബാക്കിയാക്കി അവൾ പോയത്?

‘ജീവിച്ചു മതിയായിട്ടില്ലെനിക്ക്’ എന്ന അവളുടെ വിലാപം പടച്ചോൻ കേൾക്കാത്തതെന്ത്? ‘നീ കൂടെയുണ്ടെങ്കിൽ ഇബടെ ജന്നത്താ’ എന്നെന്നെ മോഹിപ്പിച്ചത്? എന്തിനായിരുന്നു ജാസ്മിൻ ? നമ്മുടെ ട്യൂഷൻ ക്ലാസ്സുകളെയും എന്റെ സ്നേഹത്തെയും വിട്ട് നീ എങ്ങോട്ടാ പോയേ?

എനിക്കറിയാം, ഒഴിഞ്ഞ പള്ളിപ്പറമ്പിലെ ഏതെങ്കിലും മീസാൻകല്ലിനടിയിലിരുന്നു നീ കണ്ണിറുക്കി കാണിക്കുന്നുണ്ടാവും. കുപ്പിവള ഉടയുംപോൽ പൊട്ടിച്ചിരിച്ച്.. തട്ടത്തിനറ്റം തിരുപ്പിടിച്ച്.. കള്ളിയാ നീ.. പെരുങ്കള്ളി.. കാപട്യക്കാരി…

അവതരണം: ഗിരിജാവാര്യർ

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ