Saturday, December 28, 2024
Homeസ്പെഷ്യൽഇന്ന് ദേശീയ വാക്സിനേഷൻ ദിനം.

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം.

ഇന്ന് ദേശീയ വാക്സിനേഷൻ ദിനം.1995 മാർച്ച്‌ 16 മുതൽ ആണ്‌ പൾസ്‌ പോളിയോ പ്രതിരോധ വാക്സിൻ കുട്ടികൾക്ക്‌ ഒരേ ദിവസത്തിൽ നൽകുന്ന പദ്ധതി തുടങ്ങിയത്‌.

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റേയും സമ്പത്ത്. അങ്ങനെയുള്ള ജനതയെ വാര്‍ത്തെടുക്കുക അത്ര എളുപ്പവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇക്കാര്യത്തില്‍ ആവശ്യം. ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇതെല്ലാം ആവശ്യമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം മതിയോ, പോരാ. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥയെന്നര്‍ത്ഥം. രോഗത്തെ പ്രതിരോധിച്ചാല്‍ മാത്രമേ ആ അവസ്ഥ സംജാതമാകൂ. വരും തലമുറയെ പ്രതിരോധശേഷിയുള്ളവരാക്കിത്തീര്‍ക്കണമെങ്കില്‍ വ്യക്തമായ ഒരു പദ്ധതി ആവശ്യമാണ്. മിഷന്‍ ഇന്ദ്രധനുഷ് എന്ന പേരില്‍ കേന്ദ്രം നടപ്പാക്കുന്ന പദ്ധതി നമ്മുടെ കുട്ടികളെയും ഗര്‍ഭിണികളേയും ഉദ്ദേശിച്ചുള്ളതാണ്. യൂണിസെഫിന്റേയും ലോകാരോഗ്യസംഘടനയുടേയും പിന്തുണയോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ആദ്യഘട്ടത്തില്‍ 201 ജില്ലകള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയത്. കേരളത്തില്‍ കാസര്‍ഗോഡ്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 297 ജില്ലകളെയാണ് പരിഗണിക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി 82 ജില്ലകളില്‍ 25 ശതമാനത്തോളം കുട്ടികള്‍ വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യകാര്യത്തില്‍ തീരെ ശ്രദ്ധിക്കാത്ത ജനവിഭാഗങ്ങള്‍ക്കാണ്് ഇന്ദ്രധനുഷ് പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധനല്‍കുന്നത്. നഗരപ്രദേശത്തെ ചേരികളില്‍ താമസിക്കുന്നവര്‍, കുടിയേറ്റക്കാര്‍, നാടോടികള്‍, ഇഷ്ടികച്ചൂളകളില്‍ പണിയെടുക്കുന്നവര്‍, നിര്‍മാണ മേഖലയില്‍ ജോലിനോക്കുന്നവര്‍ എന്നീ വിഭാഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. 1985 ലാണ് യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിയ്ക്കുന്നത്.

എന്നാല്‍ ഭാരതത്തില്‍ പ്രതിരോധകുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍ 65 ശതമാനം പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ഈ അവസ്ഥയ്‌ക്കൊരുമാറ്റമാണ് മിഷന്‍ ഇന്ദ്രധനുഷിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും പര്യാപ്തമായ അളവില്‍ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും അതാതു സമയത്തുതന്നെ കൃത്യമായി നല്‍കുക. പ്രതിരോധക്കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തുക. സ്‌കൂളുകള്‍, പത്രദൃശ്യമാധ്യമങ്ങള്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക. ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സമഗ്രമായ പരിശീലനം നല്‍കുക. ഭാരതത്തില്‍ പ്രതിവര്‍ഷം 2.7 കോടി ശിശുക്കള്‍ ജനിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇതില്‍ത്തന്നെ ആവശ്യമായ പ്രതിരോധശേഷിയില്ലാതെ അഞ്ചുവയസ് ആകുന്നതിനുമുമ്പെ മരണപ്പെടുന്ന കുട്ടികളുടെയെണ്ണം 18.3 ലക്ഷത്തോളമാണ്. താഴ്ന്ന വരുമാനക്കാര്‍ക്കിടയിലാണ് പ്രതിരോധകുത്തിവയ്പ്പിന്റെ അഭാവത്താല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ ഭാരതത്തില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ എടുക്കാത്തതുമൂലം മരണപ്പെടുന്ന കുട്ടികളുടെ എണ്ണം ഏറിവരുന്നു. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതില്‍ മാതാപിതാക്കള്‍ കാണിക്കുന്ന അശ്രദ്ധ ഒരിക്കലും ന്യായീകരിക്കാവുന്ന ഒന്നല്ല. ദേശീയ തലത്തില്‍ പ്രധാനമന്ത്രിയും ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവുമാണ് ഈ പദ്ധതി അവലോകനം ചെയ്യുക. മറ്റ് മന്ത്രാലയങ്ങളും പദ്ധതിയുടെ പ്രധാനപങ്കാളികളുമായി സഹകരിച്ചായിരിക്കും ഈ മിഷന്‍ ഫലപ്രദമായി നടപ്പില്‍ വരുത്തുക. ദേശീയ ദൗത്യസേന മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് അവലോകനം നടത്തും.

സംസ്ഥാന തലത്തില്‍ ജില്ലാതലത്തില്‍ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നത് അരോഗ്യമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിന്‍ കീഴിലായിരിക്കും. ഫെബ്രുവരി ആദ്യവാരത്തിന് മുമ്പ് , അടുത്ത പ്രതിരോധകുത്തിവയ്പ് പ്രചാരണപരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വീഡിയോ കോണ്‍ഫറന്‍സും നടത്തേണ്ടതുണ്ട്. പ്രതിരോധകുത്തിവയ്പ്പ് സംബന്ധിച്ച് വിവിധ മാര്‍ഗങ്ങളിലൂടെ പ്രചാരണം നടത്തുക. പ്രധാനമായും ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നല്‍കുന്നത്. കുട്ടികള്‍ക്കു പുറമെ ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോള്‍ വിട്ടുപോയ കുട്ടികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments