Monday, December 23, 2024
HomeUS Newsശുഭചിന്ത - 65 പ്രകാശഗോപുരങ്ങൾ - (41) -...

ശുഭചിന്ത – 65 പ്രകാശഗോപുരങ്ങൾ – (41) – ധർമ്മം – സത്യം – നീതി ✍പി . എം . എൻ . നമ്പൂതിരി

പി . എം . എൻ . നമ്പൂതിരി✍

ധർമ്മം എന്നാൽ എന്ത്?

ജഗദീശ്വരനോട് വ്യക്തികളെ അടുപ്പിക്കുന്നതെന്തും ധർമ്മം എന്നു പൊതുവേ പറയാവുന്നതാണ്. ധർമ്മത്തിനു കാലവുമായി ബന്ധമുണ്ട്. കാലം മാറുന്നതനുസരിച്ചു ധർമ്മവും മാറുന്നുണ്ട്. അതുകൊണ്ടാണ് കാലത്തിൻ്റെ പുത്രനായി – കാലൻ്റെ മകനായി- ധർമ്മപുത്രരെ അവതരിപ്പിച്ചിരിക്കുന്നത്.ധർമ്മം , നീതി , നിയമം ഇതൊക്കെ കാലത്തിനനുസരിച്ച് മാറ്റമുണ്ടായേക്കാം.പക്ഷെ സത്യമായ ആത്മാവിനു മാറ്റമില്ല. അതിനു ഒരു ഉദാഹരണം പറയുകയാണെങ്കിൽ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ധർമ്മമാക്കിക്കൊണ്ട് United Nations നിയമമുണ്ടാക്കിയപ്പോൾ ഇന്ത്യയെഒഴിവാക്കി. അതിനു കാരണം ഭാരതത്തിൻ്റെ പൈതൃകമനുസരിച്ച് മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ധർമ്മമായി പിതൃസംരക്ഷണം അംഗീകരിച്ചിട്ടുള്ളതു കൊണ്ടാണ്. അച്ഛനെ അനുസരിക്കുന്നവനെ ഉത്തമപുത്രനായി ഭാരതം പ്രാചീന കാലം മുതലേ കണക്കാക്കിയിരുന്നു. പുരാണങ്ങളിൽ അച്ഛൻ പറയാതെ തന്നെ അച്ഛനെ അനുസരിച്ച ഉത്തമപുത്രനായിരുന്നു ശ്രീരാമൻ. അച്ഛൻ പറഞ്ഞതനുസരിച്ച് പ്രവർത്തിച്ച പരശുരാമൻ മധ്യവാനായിരുന്നു.എന്നാൽ പ്രഹ്ലാദൻ്റെ കാര്യത്തിൽ അധർമ്മം ഉപദേശിച്ച പിതാവിനെ അനുസരിക്കാതെ സത്യത്തിലേക്കുള്ള യാത്ര പിൻതുടരുകയാണ് ഉണ്ടായത്.

കാലവും ദേശവും സാഹചര്യവും അസരിച്ച്ചിന്തകൾ മാറിയേക്കാം. എന്നാൽ അടിസ്ഥാനപരമായി സത്യധർമ്മാദികൾക്ക് ഒരിക്കലും ഒരിടത്തും മാറ്റം വരാൻ പാടില്ല. ഇതിന് പല ഉദാഹരണങ്ങൾ വ്യാസമഹർഷി മഹാഭാരതത്തിലൂടെ നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്. എന്നും ധർമ്മത്തെ ഉപേക്ഷിച്ച് പുത്ര വാത്സല്യത്തിനടിമപ്പെട്ട് അധർമ്മിയായിത്തീർന്ന ധൃതരാഷ്ട്രരുടെ ചിത്രവും വ്യാസമഹർഷി വരച്ചുകാട്ടുന്നുണ്ട്.

അന്ന് വ്യാസൻ്റെ കാലത്ത് ഹസ്തിനപുരിയിൽ ഒരു ധൃതരാഷ്ട്രരും നൂറ് മക്കളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നൂറ് ധൃതരാഷ്ട്രന്മാരും അതിൽ ഓരോ ധൃതരാഷ്ട്രരനും ഒന്നോ രണ്ടോ മക്കളുമാണന്ന് അറിയുക. പ്രതികരണശേഷി നഷ്ടപ്പെട്ട പൊതുജനങ്ങളാകട്ടെ എല്ലാം കണ്ടും കേട്ടും നിസ്സഹായരായി വിദൂരരെപ്പോലെ വിലപിക്കുകയാണ്.

ഇന്നലെ തെറ്റെന്നു കരുതിയ പലതും ഇന്നു ശരിയായി മാറുന്നു. ഇന്നലെ ശിയാണെന്ന് പറഞ്ഞതെല്ലാം ഇന്ന് തെറ്റായും വരുന്നു.കൈക്കൂലിയും അഴിമതിയും മദ്യപാനവും എന്തിന്, കടം വാങ്ങുന്നതുപോലും തെറ്റാണെന്ന് കരുതിയി രുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാന്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. കൈക്കൂലി അവകാശമായും മദ്യപാനം അന്തസ്സിൻ്റെ ചിഹ്നവുമായി മാറി കഴിഞ്ഞു. എവിടെയും സത്യം വീണടിയുന്നു. നീതിയും ന്യായവും വിദൂരതയിൽ മറഞ്ഞിരിക്കുകയാണ്. ജനം മൂല്യബോധം നഷ്ടപ്പെട്ട വെറും ഒരാൾക്കൂട്ടമായി മാറിക്കഴിഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുവ രുന്നു. ഏതു നിമിഷവും പൊട്ടിതെറിക്കാവുന്ന അഗ്നിപർവ്വതത്തിൻ്റെ മേലെയാണ് നാം ആർഭാടത്തിൻ്റെ സ്വപ്നഗോപുരങ്ങൾ പണിതുയർത്തുന്നതെന്നറിയുന്നില്ല.
പണമുണ്ടെങ്കിൽ എന്തുമാകാം. അർഹിക്കാത്ത യോഗ്യതകളും ഉദ്യോഗവും നേടാം. നോവാതെ കിട്ടുന്ന പണം ധൂർത്തിനും ആർഭാടത്തിനും വേണ്ടി ചെലവിടാൻ ആർ
ക്കും മടിയില്ല. മരണാനന്തര ചടങ്ങുകൾപോലും നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളെ വെല്ലുന്ന തരത്തിൽ ആഘോഷിക്കുന്നു. ജീവിതം മത്സരവും ഉത്സവവുമാ
ക്കുകയാണ്. ഒരിക്കലും കുറ്റം ചെയ്തവന് ശിക്ഷയെ ഭയമില്ല. ശിക്ഷ കിട്ടിയാൽപ്പോലും രക്ഷപ്പെടുത്താൻ ആളുകൾ ഏറെയാണ്. അതിൻ്റെ ഫലമോ? നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു – വധിക്കപ്പെടുന്നു.

ഇതിനെല്ലാം പ്രധാന കാരണം താപസചൈതന്യത്തോടെ ജനങ്ങളെ നയിക്കാൻ നേതാക്കൾ ഇല്ലത്തതുകൊണ്ടാണ്.ദിവ്യോപദേശത്താൽ നേർവഴി നടത്താൻ കെൽപുള്ള ശ്രീകൃഷ്ണനോടൊപ്പംഗാണ്ഡീവം ഏന്തിയ അർജ്ജുനനും ഉണ്ടാകണം. അതില്ലാത്തിടത്തോളം അപരാധി രക്ഷപ്പെടുകയും നിരപരാധി തുറുങ്കിലടയ്ക്കപ്പെടുകയും ചെയ്യും.

പി . എം . എൻ . നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments