Thursday, December 26, 2024
Homeസ്പെഷ്യൽരാമായണ ചിന്തകളിലൂടെ.! ഡോ. മിനി നരേന്ദ്രൻ.

രാമായണ ചിന്തകളിലൂടെ.! ഡോ. മിനി നരേന്ദ്രൻ.

ഡോ. മിനി നരേന്ദ്രൻ

ജനങ്ങളില്‍ ധര്‍മ്മം പ്രചരിപ്പിക്കുക, അവരെ സല്‍കര്‍മ്മ നിരതരാക്കുക എന്നതാണ് രാമായണത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍. അതിന് ഉപോല്‍ബലകമായ മനുഷ്യഗന്ധിയായ ദൃഷ്ടാന്തങ്ങളുള്‍ക്കൊള്ളുന്നവയാണ് പുരാണ കഥകള്‍ എന്നാണ് പൊതുസങ്കല്പം. ഉന്നതാശയങ്ങള്‍ സാധാരണക്കാരിലെത്തിക്കാനുള്ള ഉദ്യമങ്ങളാണ് പുരാണങ്ങള്‍ എന്നാണ് വിവേകാനന്ദ സ്വാമികളുടെ അഭിപ്രായം. ഇതിഹാസങ്ങള്‍ മനുഷ്യകഥകളും, പുരാണങ്ങള്‍ ദൈവീക കഥകളും അതേ സമയം രണ്ടിലും ദൈവ-മനുഷ്യ സഹകരണമുള്ളതായും ചില പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നു.

പ്രകൃതിരമണീയമായ പഞ്ചവടിയെക്കുറിച്ചുള്ള വര്‍ണ്ണന, മനുഷ്യനും പ്രകൃതിയും മറ്റു ജീവജാലങ്ങളും തമ്മിലുള്ള ഒരു സമീകൃത വാസത്തിന്‍റേയും സഹജാവബോധത്തിന്‍റേയും സന്തുലിതാവസ്ഥയെക്കുറിച്ച് നമ്മെ ബോധവല്ക്കരിക്കുന്നുണ്ട്. രാമായണത്തിലെ ഹനുമാന്‍, സുഗ്രീവന്‍ എന്നീ വാനരവീരര്‍, ജടായു എന്ന പക്ഷിരാജന്‍ ഇവരൊക്കെയുമായുള്ള സമ്പര്‍ക്കം, മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റെ അനിവാര്യത സ്പഷ്ടമാക്കുന്നുണ്ട്.

സാങ്കേതിക മായജാലത്തിന്‍റെ ഒരു പ്രതീകമായ വിമാനം, അങ്ങിനെ ഒന്നില്ലാത്ത കാലത്ത് വിഭാവനം ചെയ്ത അത്ഭുതാവഹവും കല്പനാപൂര്‍ണ്ണവുമായ മഹര്‍ഷിവര്യന്‍റെ പ്രവചനശേഷിയും ഭാവിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവും അനുപമമാണെന്ന് എടുത്തുപറയേണ്ട ഒരു വസ്തുതയാണെന്ന് ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

ഇതിഹാസ ഗ്രന്ഥങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്‍റെ വിവിധ തലങ്ങളിലേക്കു വെളിച്ചം വീശുന്നതിനാല്‍, മര്‍ത്ത്യരെ നേര്‍വഴിയിലേക്ക് നയിക്കുന്ന അനവധി സാരോപദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ജനപ്രിയമാക്കാനുതകുന്ന ഒട്ടേറെ വസ്തുതകളിലൂടെ കടന്നുപോകുന്ന രാമായണം വായനക്കാര്‍, ഇവയെല്ലാം സ്വന്തം പ്രശ്നങ്ങളെന്നപോലെ അനുഭവിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍, താന്‍ താനനുഭവിച്ചീടുകെന്നേവരു എന്നതാണ് രാമായണം കൈകാര്യം ചെയ്യുന്ന പ്രമേയം. പലപല സംഭവങ്ങളിലൂടെ വാല്മീകി അത് ദൃഷ്ടാന്തീകരിക്കുന്നതായി കാണാവുന്നതാണ് കൂടാതെ

കുടുംബജീവിതത്തിൽ സംഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടണമെന്ന് അധ്യാത്മ രാമായണത്തിൽ ശ്രീരാമൻ വ്യത്യസ്ത സന്ദർഭങ്ങളിലായി നൽകുന്ന ഉപദേശങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ധർമവും നിയമവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ധർമത്തെയാണോ പാലിക്കേണ്ടത്, അതല്ല നിയമത്തെയാണോ എന്ന സംശയം അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണോപദേശത്തിൽ ശ്രീരാമൻ ദൂരീകരിക്കുന്നുണ്ട്.
ശ്രീരാമന് യുവരാജപദവി നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ ലക്ഷ്മണൻ ക്രോധാവേശനായി പരിസരബോധം മറന്ന് ശ്രീരാമന്റെ മുമ്പിൽ രൂക്ഷമായി പ്രതികരിച്ചു. ലക്ഷ്മണന്റെ പ്രതികരണം ക്ഷമയോടെ ശ്രദ്ധിച്ച ശ്രീരാമൻ അനുജനെ ക്രോധവികാരത്തിൽനിന്ന് ഉപദേശംനൽകി മോചിതനാക്കി സാന്ത്വനപ്പെടുത്തിയ രീതി എഴുത്തച്ഛൻ മനോഹരമായി അയോധ്യാകാണ്ഡത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“വത്സ! സൗമിത്രേ! കുമാരാ! നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ
(അയോധ്യാകാണ്ഡം 1061-62)
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേ തൽപ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാൽ ഫലം
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സു മോർക്ക നീ”
(അയോധ്യാകാണ്ഡം 1073-74)

ക്ഷുഭിതനായി സംസാരിച്ച ലക്ഷ്മണനെ പുഞ്ചിരിയോടെ ശ്രീരാമൻ ആലിംഗനംചെയ്തു. ലക്ഷ്മണന്റെ ക്രോധം ശമിപ്പിക്കാൻ ലക്ഷ്മണനെ അഭിസംബോധനചെയ്തത് വത്സാ, സൗമിത്രേ, കുമാര എന്നീ മൂന്ന് വാക്കുകൾ പ്രയോഗിച്ചാണ്. വത്സാ എന്നാൽ ‘ മോനേ’ എന്നാണർഥം. വാത്സല്യത്തിന്റെ അക്ഷരരൂപമാണ് മോനേ എന്ന പദം. രണ്ടാമതായി വിളിച്ചത് സൗമിത്രേ, അതായത് പണ്ഡിതയായ സുമിത്രയുടെ മകനേ എന്നാണ്. കുമാരാ എന്ന് ശ്രീരാമൻ ലക്ഷ്മണനെ വിളിക്കാനുള്ള കാരണം കൗമാരപ്രായത്തെ ഓർമിപ്പിക്കാനാണ്. പക്വതയില്ലായ്മ കൗമാരപ്രായത്തിന്റെ പ്രത്യേകതയാണല്ലോ. ഈ മൂന്ന് ശബ്ദപ്രയോഗത്തിലൂടെ ക്രോധവികാരത്തെ മാറ്റി സാധാരണ മാനസികാവസ്ഥയിലേക്ക് ലക്ഷ്മണനെ ശ്രീരാമൻ തിരിച്ചുകൊണ്ടുവന്നു. ക്രോധാവസ്ഥയിലിരിക്കുമ്പോൾ ആരും ആരെയും ഉപദേശിക്കരുതെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്.

ലക്ഷ്മണന്റെ കഴിവിനെ പ്രകീർത്തിച്ചതിനുശേഷം ശ്രീരാമൻ സഹോദരന്റെ അപക്വവും അധാർമികവുമായ തീരുമാനത്തെ പുനഃപരിശോധിക്കാനായി ഉപദേശിച്ചു. ഇവിടെ ശ്രീരാമൻ ലക്ഷ്മണനോട് അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. രാജപദവിയെക്കാളും ധർമപരിപാലനത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്ന സത്യം.മനുഷ്യജീവിതത്തിന്റെ ക്ഷണികാവസ്ഥയെക്കുറിച്ചാണ് ശ്രീരാമൻ പിന്നീട് ലക്ഷ്മണനെ ഉപദേശിച്ചത്. മിന്നൽപ്പിണരെന്നപോലെ ക്ഷണനേരംകൊണ്ട് ഇല്ലാതാകുന്നതാണ് ഭോഗസുഖങ്ങളെല്ലാം. മാത്രമല്ല, മനുഷ്യായുസ്സ് ഓരോ നിമിഷവും കുറയുകയാണ് ചെയ്യുന്നത്. ദേഹാഭിമാനംകൊണ്ടാണ് ക്രോധമുണ്ടാകുന്നത്. ജീവിതവിജയത്തിനും മോക്ഷപ്രാപ്തിക്കും ക്രോധം തടസ്സമാണ്. അധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശം മാനവരാശിയുടെ ക്ഷേമത്തിനുവേണ്ടിയാണ് ശ്രീരാമൻ ഉപദേശിച്ചത്.

അതിനാൽ മാനവരാശിയുടെ സാഹോദര്യത്തിനും സമഭാവനക്കയ്ക്കും, സ്നേഹത്തിനും, മാനസികാരോഗ്യത്തിനും ഉത്തേജകമായും കാലാനുവര്‍ത്തിയായും രാമായണം എന്നെന്നും നിലനിൽ ക്കുമെന്നതില്‍ തെല്ലും സന്ദേഹത്തിനിടയില്ല.

ഡോ. മിനി നരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments