Saturday, December 21, 2024
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (62) അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുമ്പോൾ

കതിരും പതിരും: പംക്തി (62) അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുമ്പോൾ

ജസിയ ഷാജഹാൻ.

അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുമ്പോൾ

ഒരു പ്രസ്താവന മൂലം ഒരു വ്യക്തിക്ക് സമൂഹത്തിലുള്ള മാന്യതയ്ക്ക് കോട്ടം തട്ടിയാൽ ആ പ്രസ്താവന അപകീർത്തീകരിക്കലായി മാറും. മറ്റുള്ളവർക്ക് വെറുപ്പോ, വിദ്വേഷമോ അവജ്ഞയോ അനിഷ്ടക്കേടോ, തുടച്ചുനീക്കലോ ഉണ്ടാകത്തക്ക വിധം മറ്റൊരാൾ മനപ്പൂർവ്വം കരുതിക്കൂട്ടി വാക്കുകൾ കൊണ്ടോ, എഴുത്തു കൊണ്ടോ, ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് ഈ അപകീർത്തി!

ഇതൊരു വ്യക്തിയെ തളർത്താനും ഇല്ലാതാക്കാനും ഉതകുന്നതാണ്. അല്ലാതെ മറ്റു പോസിറ്റീവ് വശങ്ങളൊന്നും ഇതിനില്ല. ഒരു വ്യക്തിയുടെ യശസ്സിനെ നശിപ്പിക്കാനും അയാളുടെ തൊഴിലിനെയും വ്യവസായത്തെയും, ദിനചര്യകളെയും ആരോഗ്യത്തെയും, മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കാനും അയാളെ
തന്നെ ഇല്ലാതാക്കാനും തക്ക മൂർച്ച ഇറക്കുന്ന ഈ പ്രസ്താവനകൾക്ക് ഉണ്ടാകാം.

ഈ അപകീർത്തി തന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന് ലൈബൽ, ഒന്ന് സ്ലാൻഡർ.
എഴുതിയോ അച്ചടിച്ചോ മറ്റേതെങ്കിലും തരത്തിലുള്ള സ്ഥിര സ്വഭാവമുള്ളതോ ആയ അപവാദകരമായ പ്രസ്താവനകളെ ലൈബൽ എന്നും , ആംഗ്യങ്ങളിലൂടെയും ചേഷ്ടകളിലൂടെയും, വാക്കുകളിലൂടെയുമൊക്കെയുള്ള സ്ഥിര സ്വഭാവത്തിൽ അല്ലാത്തവയെ സ്ലാൻഡർ എന്നും വിളിക്കുന്നു.

ഈ ലൈബൽ ക്രിമിനൽ സ്വഭാവത്തിലുള്ള കുറ്റാരോപണവും ഇങ്ങനെയുള്ള കുറ്റാരോപണങ്ങൾക്ക് ജയിൽവാസം ശിക്ഷയുമാണ്.

എന്നാൽ സ്ലാൻഡറിൽ പ്രത്യേക നഷ്ടത്തിന് തെളിവ് കൊടുത്താലേ ശിക്ഷയിൽ ഉൾപ്പെടുന്നുള്ളൂ. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ സ്ലാൻഡറും പ്രത്യേക തെളിവുകളൊന്നുമില്ലാതെ തന്നെ നമുക്ക് നടപടിക്ക് വിധേയമാക്കാവുന്നതാണ്.
അങ്ങനെയുള്ള ആരോപണങ്ങളിൽ അപഥസഞ്ചാരിണികളായ സ്ത്രീയെന്നോ ? പരപുരുഷന്മാരുമായി വേഴ്ചയുള്ള ഭാര്യയെന്നോ ഉള്ള ആരോപണങ്ങൾ, ഉദ്യോഗത്തിന് പറ്റാത്ത ആളെന്നോ അന്തസ്സില്ലാത്തവനെന്നോ,അനർഹനെന്നോ ഉള്ള ആരോപണങ്ങൾ, പകർച്ചവ്യാധിയുള്ള ആളാണെന്നുള്ള ആരോപണം ഒക്കെ പെടും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സ്ലാൻഡറും പ്രത്യേക തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ നിയമനടപടിക്ക് വിധേയമാണ്.

ഇതിൽ പകർച്ചവ്യാധിയുള്ള ആൾ എന്നർത്ഥമാക്കുന്നതിൽ നിന്നും അയാളുമായി സഹകരിക്കുന്നതിൽ നിന്നും മറ്റുള്ളവരെ പിന്തി രിപ്പിക്കുക എന്ന ഉദ്ദേശമാണ് . അല്ലെങ്കിൽ മറ്റുള്ളവർ ഇതുകേട്ട് തനിയെ പിൻ വാങ്ങിക്കൊള്ളും എന്ന നിഗൂഢമായ ഊറിച്ചിരിയാണ്!

ഇതിൻറെയൊക്കെ മുഖ്യഘടകം ഏതിനും ദുരുദ്ദേശം തന്നെയാണ് . ഇന്ത്യൻ നിയമമനുസരിച്ച് സ്ലാൻഡറും, ലൈബലും സിവിലായും ക്രിമിനലായും ഉള്ള നടപടിക്ക് വിധേയമാണ്.

നിരുപാധികമായ മാപ്പ് പറയൽ കൊണ്ട് അപകീർത്തി കേസിൽ നിന്നും ഒരാൾ പൂർണ്ണമായും ഒഴിവാകുന്നില്ലെങ്കിലും ചിലപ്പോൾ നഷ്ടപരിഹാരത്തുകയിൽ
നിന്നും സാരമായ ചില കുറവുകൾ വരുത്താൻ അതുകൊണ്ട് സാധിച്ചേ
ക്കാം. അപകീർത്തികരമായ സംഗതികൾ എഴുതി ഉണ്ടാക്കുന്നവർ മാത്രമല്ല അവയുടെ പ്രസാദകരും അച്ചടിക്കാരും കുറ്റക്കാരാകുന്നതും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാകുന്നതും ആണ് നിയമം.

അപകീർത്തിക്ക് വിധേയനായ ഏതൊരു വ്യക്തിക്കും കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാം.

അപകീർത്തിപ്പെടുത്തുക എന്നു പറഞ്ഞാൽ ഒരാളെ മാത്രമല്ല അതു ബാധിക്കു
ക. അയാളുടെ മുഴുവൻ കുടുംബത്തെയും ആ കുടുംബത്തിലെ വരും
തലമുറയുടെ ഭാവിയെ വരെ അത് ബാധിച്ചേക്കാം.

കാലങ്ങൾ എത്ര മുന്നോട്ടു പോയാലും വാക്കുകൾ കൊണ്ടെങ്കിലും ഒരവസരം കിട്ടിയാൽ ഒരു സമൂഹം അവരെ മറ്റുള്ളവർക്ക് മുമ്പിൽ കരിവാരി തേക്കാൻ ഉപയോഗപ്പെടുത്തിയേക്കാം.

ഒരു വ്യക്തി അയാളുടെ ജീവിതത്തിൽഎത്രയെങ്കിലും നാൾകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് കഷ്ടപ്പെട്ട് നേടിയെടുത്ത അയാളുടെ സ്ഥാനവും അയാളുടെ മുഴുവൻ ഇമേജും , സ്വഭാവ ശുദ്ധി സർട്ടിഫിക്കറ്റും ഒക്കെ തകർക്കാൻ ഈ അപകീർ
ത്തി പ്രസ്താവനകളുടെ മനപ്പൂർവ്വ ചതിയിലുള്ള ഒറ്റ വാക്കു മതി. ലിഖിതം മതി .
ചിത്രം മതി. ഈ അപകീർത്തിപ്പെടുത്തലുകൾ മൂലം ആത്മഹത്യകൾ പെരുകുന്ന നമ്മുടെ നാട്ടിൽ സത്യസന്ധമായ നിയമാവലികളും, അന്വേഷണങ്ങളും ഊർജ്ജിതമായി തന്നെ ഇതിനു പുറകെ ഉണ്ടാകേണ്ടതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ മാനസികമായി തളർന്നുപോകുന്നവരാണ് കൂടുതലും .അത് ഓരോ വ്യക്തിയുടെയും മനോബലത്തേയും ,സ്വഭാവത്തെയും അതെങ്ങനെ മനസ്സിൽ ഉൾക്കൊണ്ടെടുത്തു എന്നതിനെയും ആശ്രയിച്ചിരിക്കും . സമൂഹത്തോട് മറ്റുള്ളവരോട്, ഒക്കെ ഏറെബാധ്യതയും കടപ്പാടും വച്ചുപുലർത്തുന്നവർ ആരും തന്നെ ഇതൊന്നും ഒറ്റയടിക്ക് ഉൾക്കൊണ്ടു എന്നുവരില്ല? പ്രത്യേകിച്ച് നല്ല മനസ്സിനും ഹൃദയശുദ്ധിക്കും ഉടമകളായവർ.

അവരുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്നതൊന്നും അപ്പോഴത്തെ മാനസികാവസ്ഥയിൽ അവർ സ്വീകരിച്ചു എന്ന് വരില്ല . ഇങ്ങനെയുള്ള അവസരങ്ങളിൽ പെട്ടെന്ന് അടിപ്പെട്ട് പോകുന്നവരാണ് ഏറെയും ആത്മഹത്യകൾക്ക് തുനിയുന്നത്. അവർ ചിലപ്പോൾ അത്രയും വലിയ സ്ഥാനവും പദവിയും സമൂഹത്തിൽ അലങ്കരിക്കുന്നവരും ആയിരിക്കും.

ഏതിനും മനപ്പൂർവ്വമോ അല്ലാത്തതോ ആയ ഇത്തരം പ്രസ്താവനകൾ ഇറക്കി അറിഞ്ഞുകൊണ്ട് ആരെയും തളർത്താതിരിക്കുക. വേരോടെ പിഴുതെറിയാതിരിക്കുക. കുടുംബങ്ങൾ അനാഥമാക്കാതിരിക്കുക.
വ്യക്തി വൈരാഗ്യം വിട്ടു കളയുക .വേണ്ടാത്ത പ്രസ്താവനകൾ കെട്ടിച്ചമച്ച് സ്വാർത്ഥ താല്പര്യങ്ങളെ മാത്രം സംരക്ഷിക്കാൻ തുനിയാതിരിക്കുക.എല്ലാവർക്കും നല്ലതു വരട്ടെ.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം നന്ദി,സ്നേഹം.

ജസിയ ഷാജഹാൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments