വറ്റിപ്പോകാത്ത തീരുറവ
(യോഹ.4:7 – 14)
യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാൻ കൊടുക്കുന്ന വെള്ളം കൂടിക്കുന്നവനോ, ഒരു നാളും ദാഹിക്കയില്ല. ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ, നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവയായി തീരും എന്ന് ഉത്തരം പറഞ്ഞു” (വാ.13, 14).
ജീവസന്ധാരണത്തിനു വകയില്ലാതെ ബുദ്ധിമുട്ടിയിരുന്ന ഒരു ദരിദ്ര യുവതിയെക്കുറിച്ചു കേട്ടിട്ടുണ്ട്. ആവശ്യത്തിനു ഭക്ഷണമോ, ധരിക്കുവാൻ വസ്ത്രമോ ഒന്നും ഇല്ലാതെ അവർ വളരെയേറെ ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ വളരെ യാദൃശ്ചീകമായി അവർക്കു കപ്പൽ യാത്ര ചെയ്യാനുളള ഒരവസരം ലിഭിച്ചു. കപ്പലിന്റെ മേൽത്തട്ടിൽ നിന്നു കൊണ്ട്, ചക്രവാള സീമകളെ അതിലംഘിക്കുന്ന മഹാസമുദ്രം അവർ കണ്ടു. കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ പറഞ്ഞു: “ഒരിക്കലും തീർന്നു പോകാത്ത ഒരു വസ്തു ഞാനെന്റെ ജീവിതത്തിൽ ആദ്യമായി
കണ്ടിരിക്കുന്നു”.
എല്ലാ ഭൗതീക വസ്തുക്കളും ഒരളവിൽ പരിമിതവും, ആവശ്യവുമായി തട്ടിച്ചുനോക്കുമ്പോൾ അപര്യാപ്തവുമാണ്. ആവശ്യങ്ങൾക്കനു സരിച്ചു അവയുടെ ലഭ്യത വർദ്ധിക്കുന്നില്ല. ഈ അപര്യാപ്തത ദരിദ്രർക്കും സമ്പന്നർക്കും ഒരളവിൽ ബാധകമാണ്. ഭൗതീക ഉറവിടങ്ങളിൽ ആശ്രയിക്കുന്ന ആരും തന്നെ പൂർണ്ണമായി തൃപ്തരല്ല എന്നതാണു യാഥാർത്ഥ്യം.
ധ്യാന ഭാഗത്തു ശമര്യാ സ്ത്രീയുമായുളള സംവാദത്തിൽ, യേശു തമ്പുരാൻ പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും” (വാ.13). പല അർത്ഥ തലങ്ങളുള്ള ഒരു പ്രസ്താവനയാണത്. ലോകം തരുന്ന ഒരു ‘വെള്ളവും’, മനുഷ്യരിലെ തൃഷ്ണകളെ എല്ലാം തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല. കുടിക്കുന്നവരുടെ ദാഹം! (തൃഷ്ണ) വർദ്ധിച്ചു വരികയേ ഉള്ളൂ. പണത്തിന്റെയോ, പ്രശസ്തിയുടെയോ, അധികാരത്തിന്റെയോ, ഒക്കെ കാര്യത്തിൽ അതാണു യാഥാർത്ഥ്യം. കുടിക്കുന്തോറും ദാഹം ഏറിക്കൊണ്ടു മാത്രമേ ഇരിക്കയുള്ളൂ . ദൈവത്തിൽ തങ്ങളുടെ ദാഹത്തിന്റെ ശമനം കണ്ടെത്താത്തിടത്തോളം, ഈ ലോകത്തിലുള്ള ഒന്നിനും നമ്മുടെ ദാഹം പൂർണ്ണമായി ശമിപ്പിക്കാനാകില്ല.
ദൈവ കൃപയുടെ മഹാ സാഗരത്തിൽ നിന്നും കുടിക്കാത്തിടത്തോളം, നമ്മുടെ ദാഹം ശമിക്കയില്ല; ആർത്തി അവസാനിക്കയുമില്ല. യേശു ശമര്യാസ്ത്രീക്കു നൽകാമെന്നു പറഞ്ഞത്: “നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവയായി” (വാ. 14), അവളിൽ രൂപാന്തരപ്പെടുന്ന ദൈവകൃപയുടെ ജലമാണ്. അതു സൗജന്യമായി തന്നോടു യാചിക്കുന്ന ഏവർക്കും കൊടുക്കുവാൻ യേശു സന്നദ്ധനാണ്. നാം അടുത്തു ചെല്ലാനും, ആവശ്യപ്പെടാനും തയ്യാറാകണം എന്നു മാത്രം. നമുക്കതിനു കഴിയട്ടെ. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: നിത്യജീവങ്കലേക്കു പൊങ്ങി വരുന്ന നീരുറവയിലേക്കു നമ്മെ നയിക്കാൻ, നമുക്കു നിത്യജീവൻ നൽകുവാനായി മരിച്ചവനെക്കൊണ്ടു മാത്രമേ സാധിക്കൂ!