കോഴിക്കോട്: ഫുട്ബോൾ കളിക്കാൻ എത്തിയ ഹൈസ്കൂൾ വിദ്യാർത്ഥിയെ മയക്കുമരുന്നും മദ്യവും നൽകി പീഡിപ്പിച്ച കേസിൽ 62 കാരന് 37 വർഷം തടവ്. കൊല്ലം പരവൂർ തൊടിയിൽ വീട്ടിൽ അൻസാർ എന്ന നാസറിനെ ആണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
ജഡ്ജി സി.എസ് അമ്പിളി വിവിധ വകുപ്പുകളിലായി നാസറിന് വിവിധ വകുപ്പുകളിലായി കഠിന തടവിനും 85,000 രൂപ പിഴയും വിധിച്ചു. ഈ തുകയിൽ 50000 രൂപ കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം 11 മാസം കൂടി തടവനുഭവിക്കണം.
2022 ജനുവരി മുതൽ പലതവണയായി കളിസ്ഥലത്തിനടുത്ത് പ്രതി താമസിച്ചിരുന്ന വാടക മുറിയിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു. സിഗരറ്റും മദ്യവും മയക്കുമരുന്നും നൽകിയാണ് വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. ഒരു വർഷത്തിലേറെയായി ലഹരി വിമുക്ത കേന്ദ്രങ്ങളിൽ കുട്ടി ചികിത്സ തേടുകയാണ്. പ്രതി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ പരാതിയിൽ കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.