Sunday, December 8, 2024
Homeകേരളംതോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീരജവാന്‍ : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്ത്യോപചാരം അര്‍പ്പിച്ചു

തോമസ് ചെറിയാന്‍ രാജ്യത്തിന് അഭിമാനമായ ധീര ജവാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1968 ല്‍ ഹിമാചല്‍ പ്രദേശില്‍ രോഹ്താങ് പാസില്‍ വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഇലന്തൂര്‍ ഒടാലില്‍ തോമസ് ചെറിയാന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ അന്ത്യോപചാരം അര്‍പ്പിക്കുകയായിരുന്നു മന്ത്രി.

അപൂര്‍വ ചരിത്രനിമിഷത്തിനാണ് ഇവിടെ സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ നടത്തിയ ഏറ്റവും വലിയ തെരച്ചിലിലൂടെയാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചെറിയാന്റെ മൃത്ദേഹം കണ്ടെത്തിയത്. ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ആര്‍മി ആദരവ് അര്‍ഹിക്കുന്നു. കുടുംബാങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം സൈനികന് സംസ്ഥാനത്തിന്റെ ആദരവ് അര്‍പ്പിക്കുന്നതായും മന്ത്രി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും വേണ്ടി മന്ത്രി വീണാ ജോര്‍ജ് പുഷ്പചക്രം സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.ജില്ലാ പോലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, എഡിഎം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്.വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്.

1965 ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. ചണ്ഡീഗഢിൽ നിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ്‌ ചെറിയാന് 22 വയസുള്ളപ്പോഴാണ് സംഭവം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 103 പേരിൽ 96 പേരും പട്ടാളക്കാരായിരുന്നു. തെരച്ചിൽ നടക്കുന്നതിനിടെ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിൽ കാണാതായ മറ്റു സൈനികര്‍ക്കായി ഇപ്പോഴും തെരച്ചിൽ തുടരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments