നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. സാദിഖ് നടുത്തൊടി എസ് ഡി പി ഐ സ്ഥാനാർത്ഥിയാകും. പാർട്ടി സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ചിലര്‍ മണ്ഡലത്തെ കുത്തകയാക്കി വെച്ചിട്ടും നിലമ്പൂരിലെ ജനതയ്ക്ക് വികസനം ഇന്നും കിട്ടാക്കനിയാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്നൂ മുന്നണികളുടെയും വികസന വായ്ത്താരികള്‍ പൊള്ളയാണെന്ന് തിരിച്ചറിയാനുള്ള വിവേകം വോട്ടര്‍മാര്‍ക്കുണ്ട്. പി വി അന്‍വറിനെ തിരഞ്ഞെടുത്തെങ്കിലും ഭരണപങ്കാളിത്തം ഉണ്ടായിട്ടു പോലും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. വന്യമൃഗശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ട് ജീവനുകളാണ് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത്. നഷ്ടപരിഹാരം പോലും പൂര്‍ണമായി നല്‍കിയിട്ടില്ല. വന്യമൃഗശല്യം മൂലം ജനങ്ങള്‍ കൃഷി ഉപേക്ഷിക്കുകയാണ്. പ്രകൃതി ക്ഷോഭം, വന്യജീവി ശല്യം ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള കൃഷിനാശത്തിന് കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും സിപിഎ ലത്തീഫ് ചൂണ്ടിക്കാട്ടി.
കേരളത്തെ ഞെട്ടിച്ച കവളപ്പാറ ദുരന്തം കഴിഞ്ഞ് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസം പോലും എങ്ങുമെത്തിയിട്ടില്ല. കവളപ്പാറയിലെ മുത്തപ്പന്‍കുന്ന് ഘോരശബ്ദത്തോടെ ഇടിഞ്ഞു കുത്തിയൊലിച്ച് 59 മനുഷ്യരാണ് മണ്ണിനടിയിലായത്. 18 ദിവസം നീണ്ട തിരച്ചിലില്‍ 48 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 11 പേരെക്കുറിച്ചുള്ള വിവരം ഇന്നും അജ്ഞാതമാണ്. ചില സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്ത നിര്‍മാണങ്ങളും മാത്രമാണ് അവിടെ നടന്നിട്ടുള്ളത്.
600 ഓളം വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്‌തെങ്കിലും അതിന്റെ നാലിലൊന്നു മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഇരുപതാമത്തെ ദിവസം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ‘റീബില്‍ഡ് നിലമ്പൂര്‍’ പ്രഖ്യാപനം കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നും സിപിഎ ലത്തീഫ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്‌റാമുല്‍ ഹഖ്, ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ പഴഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.