Saturday, December 28, 2024
Homeകേരളംമലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ - മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണം: വടകര എംപി...

മലബാർ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ ഇന്‍റർസിറ്റി അനുവദിക്കണം: വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു

കൊച്ചി: മലബാർ മേഖലയിലെ നിലവിലെ ട്രെയിനുകൾ തമ്മിലുള്ള സമയ വ്യത്യാസവും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. ഇന്‍റർസിറ്റിയുടെ കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് എംപി അറിയിച്ചു.

കോഴിക്കോട് മംഗലാപുരം റൂട്ടിൽ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂർ ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് ഷാഫി റെയിൽവേ മന്ത്രിയെ അറിയിച്ചു. പരശുവിലെയും പാസഞ്ചറിലേയും തിരക്കിന്‍റെ സാഹചര്യങ്ങളും വിശദീകരിച്ച ശേഷമാണ് ഈ സമയത്ത് ഒരു ഇന്‍റർസിറ്റി വേണമെന്ന ആവശ്യം അറിയിച്ചത്. നിലവിലെ ട്രെയിനുകളുടെ ഇടവേളയിൽ ഒരു ഇന്‍റസിറ്റി അനുവദിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുവാൻ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പാലക്കാട് – ഷൊർണ്ണൂർ – കോഴിക്കോട് വഴി രാത്രി മoഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയിൽ ഒരു ഇന്‍റർസിറ്റി അനുവദിക്കണ മെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിന് അനുകൂല മറുപടിയാണ് ലഭിച്ചതെന്നും ബാക്കി കാര്യങ്ങൾ ഉദ്യോഗസ്ഥരുമായി തുടർ ചർച്ചകൾ നടത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് കൂടിക്കാഴ്ചയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയെന്നും ഷാഫി പറമ്പിൽ അറിയിച്ചു. ക്രിസ്മസ് സീസണിൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിലും വടകരയിലും തലശേരിയിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരയ്ക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിന്‍റെ അനിവാര്യത മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.

നേരത്തെ തെക്കൻ കേരളത്തിലെ യാത്രാദുരിതം പരിഹിക്കാൻ മെമു ഉൾപ്പെടെ സ്പെഷ്യൽ സർവീസുകൾ റെയിൽവേ അനുവദിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കോയമ്പത്തൂർ മംഗളൂരു ഇന്‍റർസിറ്റി ലഭിക്കുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments