തിരുവനന്തപുരം: പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
സ്‌കൂളുകളിലെ അസംബ്ലികളില്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ പങ്കെടുക്കും. ജില്ലകളില്‍ ഒരു പ്രധാന സ്‌കൂളില്‍ ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും വളരെ പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും.
തുടര്‍ന്ന് ജൂലൈ മാസത്തില്‍ എല്ലാ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും. ഇതിലൂടെ കുട്ടികളിലും അവരിലൂടെ വീട്ടിലുള്ളവര്‍ക്കും അവബോധം നല്‍കാന്‍ ഏറെ സഹായിക്കും.
പ്രതിജ്ഞ
▪️ പേവിഷബാധയുള്ള നായ , പൂച്ച, മറ്റു മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ റാബീസ് രോഗമുണ്ടാകുമെന്നും റാബീസ് രോഗബാധ അതി മാരകമാണെന്നും ഞാൻ മനസ്സിലാക്കുന്നു.
▪️മൃഗപരിപാലനം, മുഗങ്ങളുമായി സമ്പർക്കമുള്ള മറ്റു ജോലികളിൽ ഏർപ്പെടുന്നവരും പേവിഷ ബാധക്കെതിരെ പ്രതിരോധ വാക്സിനുകൾ എടുക്കണമെന്ന് എനിക്കറിയാം
▪️എനിക്കോ, മറ്റുള്ളവർക്കോ മൃഗങ്ങളുടെ കടിയേറ്റാൽ അധ്യാപകർ അല്ലെങ്കിൽ മാതാപിതാക്കൾ മുതിർന്നവർ എന്നിവരെ ഞാൻ അറിയിക്കും
▪️ ഭക്ഷണാവശിഷ്ടങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ് തെരുവ് നായ, പൂച്ച എന്നിവക്ക് അനുകൂല സാഹചര്യം എൻ്റെ വിദ്യാലയത്തിലോ, വീട്ടിലോ, പൊതുഇടങ്ങളിലോ സൃഷ്ടിക്കില്ല എന്നു ഞാൻ ഉറപ്പുതരുന്നു.
▪️റാബീസ് രോഗം പ്രതിരോധ വാക്സിൻ എടുത്തില്ല എങ്കിൽ 100 ശതമാനം മരണകാരണമാക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.
▪️പേവിഷ ബാധ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇനിമേൽ ഞാൻ പങ്കാളിയായിരിക്കും എന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.