ഇടുക്കി : പെരിയാർ, മഞ്ജുമല, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു.
ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണി വരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു
തുടർച്ചയായ മഴയെത്തുടർന്ന് ശക്തമായ നീരൊഴുക്ക് സംഭവിച്ചതിനെ തുടർന്നാണിത്. ജലനിരപ്പ് അനുവദനീയമായ 136 അടി എന്ന പരിധി കവിഞ്ഞാൽ, അണക്കെട്ടിന്റെ സ്പിൽവേ തുറന്ന് പെരിയാർ നദിയിലേക്ക് അധിക വെള്ളം ഒഴുക്കിവിടുമെന്ന് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും, 1886 മുതൽ 999 വർഷത്തെ പാട്ടത്തിന് കീഴിൽ തമിഴ്‌നാടാണ് ഇതിന്റെ നടത്തിപ്പും പരിപാലനവും നടത്തുന്നത്. പഴയ അണക്കെട്ട് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. അതേസമയം, കാർഷിക ആവശ്യങ്ങൾക്കുള്ള ജലവിതരണം ഉറപ്പാക്കാൻ പൂർണ്ണ നിയന്ത്രണം നിലനിർത്തണമെന്ന് തമിഴ്‌നാട് നിർബന്ധിക്കുന്നു.