Saturday, April 26, 2025
Homeകേരളംനിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു, പ്രതീക്ഷയോടെ കുടുംബം.

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു, പ്രതീക്ഷയോടെ കുടുംബം.

പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങി. പാണാവള്ളി പഞ്ചായത്ത് പതിനേഴാംവാർഡിൽ തോട്ടത്തിൽ നികർത്തിൽ താജുവിന്റെയും റൈഹാനത്തിന്റെയും മകൻ നിസാമുദ്ദീനെ 2017 ഏപ്രിൽ ഒൻപതിനാണ് കാണാതായത്.

കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ഇതുവരെയുള്ള അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി നിസാമുദ്ദീനെ ഒടുവിൽക്കണ്ടപ്രദേശങ്ങളിൽ പരിശോധനകൾ നടത്തി. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. അന്വേഷണവും പരിശോധനകളും വരുംദിവസങ്ങളിലും തുടരുമെന്നാണ് സൂചന. എസ്.എസ്.എൽ.സി. പരീക്ഷ എഴുതി ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പ്രദേശത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി വീട്ടിൽനിന്ന് പോയ നിസാമുദ്ദീൻ തിരിച്ചെത്തിയിരുന്നില്ല. ബന്ധു കൂടിയായ കൂട്ടുകാരന്റെ പക്കൽ നിസാമുദ്ദീൻ മൊബൈൽ ഫോൺ ഏൽപ്പിച്ചിരുന്നു എന്ന് അറിവായിരുന്നു. ഇതിനുശേഷം മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ നിസാമുദ്ദീൻ ചെന്നിരുന്നതായും പറയുന്നു.

നിസാമുദ്ദീൻ ഏൽപ്പിച്ചിരുന്ന മൊബൈൽ ഫോൺ പോലീസിനു കൈമാറിയിരുന്നു. ബയോമെട്രിക് ലോക്ക് സംവിധാനത്തിലുള്ള മൊബൈൽ ആയിരുന്നു ഇത്. പാണാവള്ളി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. വീട്ടുകാർ പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുകയായിരുന്നു. വർഷമേറെ കഴിഞ്ഞിട്ടും നിസാമുദ്ദീന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് കുടുംബം. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചു നടത്തിയ അന്വേഷണവും എങ്ങും എത്തിയില്ല.

കോടതി നിർദേശപ്രകാരം സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എസ്.പി. ജെ. ഹിമേന്ദ്രനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചെങ്കിലും അതും ഫലം കണ്ടില്ല. ഏറെ ഇഷ്ടപ്പെട്ട്‌ സ്വന്തമാക്കിയ മൊബൈൽ ഫോൺ നിസാമുദ്ദീൻ ഉപേക്ഷിച്ചത് എന്തിനാണെന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിസാമുദ്ദീന് ബെംഗളൂരു യാത്ര ഇഷ്ടമായിരുന്നതിനാൽ അവിടേക്ക് പോകാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണസംഘം അവിടെ പോയിരുന്നു. മൂന്നാറിലും പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. കേസിൽ 150 ഓളം പേരെ ചോദ്യം ചെയ്യുകയും 1500 പോസ്റ്ററുകൾ സംസ്ഥാനത്തിനകത്തും പുറത്തുമായി പതിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ