Saturday, July 27, 2024
Homeകേരളംമേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി, മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന- വി.ഡി സതീശന്‍.

മേയര്‍ക്കും ഡ്രൈവര്‍ക്കും ഇരട്ടനീതി, മെമ്മറി കാര്‍ഡ് കാണാതായതിൽ രാഷ്ട്രീയഗൂഢാലോചന- വി.ഡി സതീശന്‍.

തിരുവനന്തപുരം: മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചനയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്.

ദൃശ്യങ്ങള്‍ പുറത്തുവന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തുമാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും ഗുരുതരമായ വീഴ്ചപറ്റിയെന്നും സതീശന്‍ പറഞ്ഞു.

നഗരമധ്യത്തില്‍ കാര്‍ ബസിന് കുറുകെയിട്ട് പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കിവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതെന്നും സതീശന്‍ ചോദിച്ചു.

മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍നിന്ന് നിര്‍ദ്ദേശമുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments