ആലപ്പുഴ : രണ്ട് പെണ്‍മക്കള്‍ക്കു വേണ്ടി ജീവിക്കുന്ന അച്ഛൻ തന്നെ മകളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാനാവാത്ത നിലയിലായിരുന്നു ഇന്നലെ ഓമനപ്പുഴ.
പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രിയില്‍ സെക്യുരിറ്റി ജോലി ചെയ്തും ഒഴിവ് വേളകളില്‍ ബോട്ടുകളില്‍ സഹായിയായി പോയുമൊക്കെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാംവാർഡ് കുടിയാംശ്ശേരി വീട്ടില്‍ ഫ്രാൻസിസ് കുടുംബം പുലർത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ (28) കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്.
ഫ്രാൻസിസ് ഒരിക്കലും മനപ്പൂർവ്വം മകളുടെ ജീവനെടുക്കില്ലെന്ന് വിശ്വസിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. എയ്ഞ്ചല്‍ ഭർത്താവുമായി പിണങ്ങി വീട്ടില്‍ കഴിയുന്നത് സംബന്ധിച്ച തർക്കമായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രദേശവാസികള്‍ കരുതുന്നത്. ഇന്നലെ പുലർച്ചെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികള്‍ വീട്ടിലേക്കെത്തിയത്. യുവതി ആത്മഹത്യ ചെയ്തതോ, ഹൃദയാഘാതമോ ആകാം മരണകാരണമെന്നാണ് പലരും ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
എയ്ഞ്ചല്‍ സ്ഥിരമായി വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച നടന്ന വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തില്‍ ഞെരിച്ചു. തുടർന്ന് തോർത്തിട്ട മുറുക്കി. ഈ സമയം ഫ്രാൻസിന്റെ പിതാവ് സേവ്യറും മാതാവ് സൂസമ്മയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളില്‍ പേടിച്ചിരുന്നു.
പുലർച്ചെ ആറ് മണിക്ക് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് കരയുന്നത് കേട്ടാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. മകള്‍ എങ്ങനെയോ മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. ഇന്നലെ രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി.