വളരെ സന്തോഷത്തോടും തികഞ്ഞ അഭിമാനത്തോടും കൂടിയാണ് പടിയിറങ്ങുന്നതെന്ന് വിരമിക്കുന്ന ഡിജിപി ഷേയ്ഖ് ദർവേഷ് സാഹേബ്. എന്നെ വിശ്വസിച്ച് ഈ ചുമതല ഏൽപ്പിച്ച എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് നൽകിയ വിടവാങ്ങൽ പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവീസിന്‍റെ ആദ്യദിനം മുതൽ ഇന്നുവരെ പിന്തുണ നൽകിയ എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിൻറെ പ്രൊഫഷണലിസമാണ് ഇത് കാണിക്കുന്നത്. സിപിഒ മുതൽ ഡിജിപി തലംവരെ എല്ലാവരും മികവുറ്റവരാണ്. ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നത്. അവരുടെ പരാതികൾ കൃത്യമായി രീതിയിൽ പരിശോധിക്കണം. മൃദു ഭാവേ ദൃഢ കൃത്യേ എന്ന ആപ്തവാക്യത്തെ നടപ്പിലാക്കി തന്നെ മുന്നോട്ടു പോവുകയെന്നും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.
കേരള പൊലീസ് ഭാവിയിൽ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ സൈബർ – സാമ്പത്തിക കുറ്റകൃത്യങ്ങളാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികവുറ്റ രീതിയിലാണ് ഇപ്പോൾ ഇതിനെതിരെ കേരള പൊലീസ് പ്രവർത്തിക്കുന്നത്. ഇവ സമൂഹത്തെ നശിപ്പിക്കാൻ ഉതകുന്നവയാണ്. ഇതിനെതിരെ ശക്തമായ നിലയിൽ കേരള പൊലീസ് മുന്നോട്ട് പോകുമെന്ന് പ്രതീക്ഷയുള്ളതായും ഷേയ്ഖ് ദർവേഷ് സാഹേബ് കൂട്ടിച്ചേർത്തു.
യൂണിഫോം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു കൊണ്ടാണ് വാക്കുകൾ അവസാനിപ്പിച്ചത്.