തൃശൂരില്‍ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഗർഭിണിയായ രഹസ്യം നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് അനീഷ നടന്നിരുന്നതെന്ന് പൊലീസ് പറയുന്നു.
2020 ലാണ് സമൂഹമാധ്യമത്തീലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്. തുടർന്നാണ് 2021 ൽ ആദ്യ ആൺകുഞ്ഞിനെ പ്രസവിക്കുന്നത്.
നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയിൽ വെച്ച് പ്രസവിച്ച കുഞ്ഞ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് മരിച്ചുവെന്നായിരുന്നു അനീഷ പോലീസിനോട് പറഞ്ഞത്.
തുടർന്ന് ഈ കുട്ടിയെ വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു എന്നായിരുന്നു അനീഷ പോലീസിനോട് ആദ്യം പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി.
പിന്നീടും ഭവിനുമായി ബന്ധം തുടർന്ന അനീഷ 2024-ൽ വീണ്ടും ഗർഭിണിയായി. ഏപ്രിൽ 24-ന് വീട്ടിലെ മുറിയിൽ വെച്ച് രണ്ടാമതും ഒരാൺകുഞ്ഞിനെ പ്രസവിച്ചു.
എന്നാൻ കുഞ്ഞ് കരഞ്ഞതോടെ അനീഷ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രസവശേഷം കുഞ്ഞിന്‍റെ മൃതദേഹം സ്വന്തം സ്കൂട്ടറിലാണ് അനിഷ ഭവിന്‍റെ വീട്ടിലെത്തിച്ചതെന്ന് പറയുന്നു.
തുടർന്ന് കുഞ്ഞിന്‍റെ മൃ.തദേഹം ഭവിന്‍റെ ആമ്പല്ലൂരിലെ വീട്ടുപറമ്പിൽ ഇരുവരും ചേർന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്.
അതേസമയം അമ്മയോടൊപ്പം താമസിച്ചിരുന്ന അനീഷയുടെ രഹസ്യബന്ധവും ഗർഭകാലവും പ്രസവവും അമ്മയോ അയൽവീട്ടുകാരോ അറിഞ്ഞില്ല എന്ന മൊഴി ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.