തൃശൂർ: താന്ന്യത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്‌എസ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. താന്ന്യം കുറ്റിക്കാട്ട് സതീഷ്–- മായ ദമ്പതികളുടെ മകൻ ആദർശ് (22) നെ കൊലപ്പെടുത്തിയ കേസിലാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് കെ ഇ സാലിഹ് ശിക്ഷ വിധിച്ചത്.
പടിയം മുറ്റിച്ചൂർ നിജിൽ എന്ന കുഞ്ഞാപ്പു (27), മണത്തല ഇത്തിപറമ്പിൽ പ്രജിൽ (28), മുറ്റിച്ചൂർ പെരിങ്ങാടൻ വീട്ടിൽ ഹിരാത് എന്ന മനു (27), കണ്ടശാങ്കടവ് താനിക്കൽ വീട്ടിൽ ഷനിൽ (27), മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (30), വടക്കുമുറി കോക്കാമുക്ക് വലപ്പറമ്പിൽ വീട്ടിൽ ബ്രഷ്‌നേവ് (32) എന്നിവരെയാണ് ശിക്ഷിച്ചത്. 2020 ഫെബ്രുവരിയിലായരുന്നു സംഭവം. നിജിൽ, പ്രജിൽ, ഹിരത്ത്, ഷനിൽ എന്നിവർ ചേർന്ന് താന്ന്യം കുറ്റിക്കാട്ട് അമ്പല പരിസരത്തുള്ള അന്തോണി മുക്കുള്ള സ്ഥലത്ത് മുൻ വൈരാഗത്തിന്റെ പേരിൽ ആദർശിനെ വാളുകൾ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഒന്നു മുതൽ നാല് പ്രതികളെ സഹായിച്ചതിനും ഗൂഢാലോചനയ്‌ക്കുമാണ് അഞ്ചാം പ്രതി ഷിഹാബ്, ആറാം പ്രതി ബ്രഷ്നോവ് എന്നിവരേയും ശിക്ഷിച്ചത്.
പ്രതികൾ അന്തിക്കാട് ദീപക് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അഞ്ചാം പ്രതി ഷിഹാബ് കാപ്പ നടപടികൾ നേരിടുന്ന ആളാണ്. സിസി ടിവി ദൃശ്യങ്ങളും വിരലടയാള പരിശോധന സൈബർ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു എന്നിവർ ഹാജരായി.