Tuesday, September 17, 2024
Homeകേരളംഅച്ഛാ രക്ഷിക്കൂ’ ഫോണിൽ മകന്റെ കരച്ചിൽ: വ്യാജകോളിൽ മലയാളിക്ക് 40,000 നഷ്ടം.

അച്ഛാ രക്ഷിക്കൂ’ ഫോണിൽ മകന്റെ കരച്ചിൽ: വ്യാജകോളിൽ മലയാളിക്ക് 40,000 നഷ്ടം.

‘‘അച്ഛാ… ഇവർ എന്നെ അടിക്കുന്നു…രക്ഷിക്കൂ…’’ ഫോണിൽ മകന്റെ കരച്ചിൽ കേട്ടപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തോമസ് എബ്രഹാം അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം 40,000 രൂപ അയച്ചുകൊടുത്തു. പിന്നീടാണ് മകന്റെ ശബ്ദം വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നും തോമസ് എബ്രഹാം തിരിച്ചറിഞ്ഞത്.

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലാണ് സംഭവം. മാൻപാഡ പോലീസ് സ്റ്റഷനുസമീപം നികിത ഹൗസിങ് സൊസൈറ്റി നിവാസി തോമസ് എബ്രഹാമിനാണ് പണം നഷ്ടമായത്. ‘‘വാട്‌സാപ്പ് വിളിയാണ് ആദ്യം വന്നത്. അപ്പോൾ സ്‌ക്രീനിൽ കണ്ടത് പോലീസുകാരന്റെ ചിത്രം. നിങ്ങളുടെ മകൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും മറ്റു മൂന്നു പേരോടൊപ്പം പിടിയിലാണെന്നും 80,000 രൂപ തന്നാൽ വിട്ടയയ്ക്കാമെന്നുമായിരുന്നു ‘പോലീസുകാരൻ’ പറഞ്ഞത്. രാവിലെ കോളേജിലേക്കുപോയ മകൻ എങ്ങനെ കേസിൽപ്പെട്ടെന്ന് സംശയംതോന്നി. മകനോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ഫോണിൽ മകന്റെ ശബ്ദംകേൾപ്പിച്ചു. അതും മലയാളത്തിൽ.

രക്ഷിക്കണമെന്ന് അവൻ കരഞ്ഞു പറഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. 80,000 രൂപ കൈയിലില്ലെന്ന് പറഞ്ഞപ്പോൾ 40,000 രൂപയാക്കി കുറച്ചു. യു.പി.ഐ. അക്കൗണ്ട് വിവരങ്ങളും നൽകി. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 12,000 രൂപ പെട്ടെന്ന് അയച്ചു. ഒരു സുഹൃത്തിനെ വിളിച്ച് 28,000 രൂപ അദ്ദേഹത്തെക്കൊണ്ടും അയപ്പിച്ചു.’’ -തോമസ് എബ്രഹാം പറഞ്ഞു.

അപ്പോഴും വാട്‌സാപ്പ് വിളി തുടർന്നെന്നും താൻ വന്നിട്ട് മകനെ വിട്ടാൽ മതിയെന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ, ഭാര്യയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മകൻ കോളേജിലുണ്ടെന്ന് അറിഞ്ഞതായി തോമസ് എബ്രഹാം പറഞ്ഞു. പിന്നീട് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് മരിച്ചുപോയ പോലീസുകാരന്റെ ചിത്രമാണ് വാട്‌സാപ്പ് വിളിക്കായി ഉപയോഗിച്ചതെന്ന് മനസ്സിലായത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകി. സർവീസ് ചാർജ് കിഴിച്ച് ബാക്കിപണം തിരികെക്കിട്ടുമെന്ന് തോമസ് എബ്രഹാം പറഞ്ഞു. മകന്റെശബ്ദം കൃത്യമായി എങ്ങനെ ഫോണിലൂടെ കേട്ടു എന്ന സംശയം ഇപ്പോഴും തീർന്നിട്ടില്ലെന്നും തോമസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments