വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് സഭയില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ 1200 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെട്ടു. 47 വ്യക്തികളെ കാണാതായി. 145 വീടുകള്‍ പൂര്‍ണമായും 170 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 217 കോടിയുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടല്‍ അതിജീവിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
ദുരന്തം ഉണ്ടായതിന് ശേഷം ദുരന്തബാധിതകര്‍ക്ക് കൃത്യമായി അടിയന്തരസഹായം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അതിജീവിച്ചവരെ ചേര്‍ത്തുപിടിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ജീവിതം നല്‍കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമായാണ് കേരളത്തില്‍ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും ദുരന്തങ്ങളെയും പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ രൂപീകരിച്ചു. ദുരന്തങ്ങളെ അതിജീവിക്കാന്‍ പൊതുസമൂഹത്തിന്റേയും ശാസ്ത്ര സമൂഹത്തിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുക എന്നത് മാത്രമാണ് നിയമസഭയുടെ ഇന്നത്തെ അജണ്ട. അത് ഒഴിച്ച് നിര്‍ത്തിയാല്‍ ആകെ സഭ സമ്മേളിക്കുക എട്ട് ദിവസം മാത്രം. അതിനുള്ളില്‍ സഭയെ പിടിച്ചു കുലുക്കാന്‍ പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ അനവധി. മലപ്പുറം വിവാദ പരാമര്‍വും പിന്നാലെ ഉണ്ടായ, പിആര്‍ ഏജന്‍സി വിവാദവും ന്യായീകരിച്ച് സര്‍ക്കാര്‍ വശംകെടും.