Saturday, October 12, 2024
Homeകേരളംനവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ്.

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്; കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ്.

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മറ്റൊരു വഴിത്തിരിവ്.കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് പോലീസിൽ മൊഴിനൽകി. സംഭവത്തിൽ പ്രതികളായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിൽവാങ്ങി പോലീസ് ചോദ്യംചെയ്യുന്നതിനിടെയാണിത്.

കേസിലെ ഒന്നാംപ്രതിയായ കുഞ്ഞിന്റെ അമ്മ, പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാർഡ് കായിപ്പുറത്തുവീട്ടിൽ ആശാ മനോജിനെയും (35) സുഹൃത്ത് രാജേഷാലയത്തിൽ രതീഷിനെയും (39) തെളിവുശേഖരണത്തിനായാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരെയും ചോദ്യംചെയ്തപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തിൽ ആശയക്കുഴപ്പമുയർന്നു.
പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ മറ്റൊരു യുവാവും യുവതിയുടെ സുഹൃത്താണെന്ന് പോലീസിനു വിവരംകിട്ടി. വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോൾ കുട്ടിയുടെ പിതൃത്വമേറ്റെടുത്ത് ആ യുവാവ് മൊഴിനൽകിയതായാണ് പോലീസ് പറയുന്നത്.

ഇതോടെ ഡി.എൻ.എ. പരിശോധനയ്ക്കായി പോലീസ് എല്ലാവരുടെയും സാംപിളുകൾ അയച്ചിരിക്കുകയാണ്. കഴിഞ്ഞ 31-ന് ആശുപത്രി വിട്ടശേഷം ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു.
സന്ധ്യമയങ്ങിയശേഷമാണ് രതീഷിനെ വിളിച്ചുവരുത്തി പള്ളിപ്പുറത്തുവെച്ച് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം രാത്രിതന്നെ രതീഷ് ആശയെ വിളിച്ചറിയിച്ചു.അതിനുശേഷമാണ് ആശ ഉറങ്ങിയതെന്നും പോലീസ് പറയുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ അലസിപ്പിക്കാനെന്ന പേരിലും പ്രസവസമയത്തും രതീഷിൽനിന്ന് ആശ രണ്ടുലക്ഷത്തോളം രൂപ വാങ്ങിയതായും മൊഴിയുണ്ട്.

തിങ്കളാഴ്ചവരെ ഇരുവരും കസ്റ്റഡിയിലുണ്ടാകും. 31-ന് രാത്രി 8.30-ഓടെ രതീഷ് തന്റെ വീട്ടിൽവെച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പ്രേരണയും പിന്തുണയും നൽകിയെന്നതാണ് ആശയുടെ പേരിലുള്ള കുറ്റം.
കൊലപാതകവിവരം രണ്ടിനാണ് പുറത്തറിഞ്ഞത്. അന്നുതന്നെ ഇരുവരെയും പോലീസ് പിടികൂടുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ചേർത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments