മൊബൈലിൽ വീഡിയോ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും സൈബർ തട്ടിപ്പ് നടത്തുന്ന പല സംഭവങ്ങളും അടുത്തകാലത്തായി നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഒരുതരം തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പോലീസ്. വിദേശത്ത് നിന്നുമുള്ള വാട്‌സാപ്പ് കോളുകളിലൂടെ സ്‌ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെയാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
അശ്ലീല വീഡിയോകള്‍ കാണുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും താങ്കള്‍ പോലീസ് നിരീക്ഷണത്തിലാണെന്നും സൂചിപ്പിച്ചാണ് കോളുകള്‍ വരിക. സൈബർ ഡിവൈഎസ്പി എന്ന് പറഞ്ഞാണ് ഇത്തരം കോളുകള്‍ ചെയ്യുന്നവർ പരിചയപ്പെടുത്തുക. ഇതോടെ ഭയപ്പെടുന്ന സ്‌ത്രീകളോട് കേസ് ഒഴിവാക്കാൻ പണം നല്‍കണം എന്ന് ആവശ്യപ്പെടാറുണ്ടെന്നും ഇത്തരം തട്ടിപ്പില്‍ പെടാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കുന്നു.
തട്ടിപ്പ് രീതി…
വാട്‌സാപ്പില്‍ വിളിച്ച് സൈബർ സെല്ലില്‍ നിന്നാണെന്ന് അറിയിക്കും. താങ്കളുടെ ഫോണ്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. ഇത് കുറ്റകരമായ പ്രവൃത്തി ആയതിനാല്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും അറിയിക്കും.
ഇതോടെ ഭയന്നു പോകുന്ന സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളില്‍ വിളിച്ച് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും. ആരോടും പറയാതെ പണം നല്‍കി പുലിവാൽ ഒഴിവാക്കിയവരാണ് ഏറെയും. സൈബർ സെല്ലില്‍ നിന്നാണെന്നറിയിച്ചുള്ള ഇത്തരം കോളുകൾ ലഭിച്ചാല്‍ ഉടൻ തങ്ങളെ അറിയിക്കണമെന്ന് പോലീസ് വ്യക്തമാക്കി. പരിചയമില്ലാത്തെ കോളുകള്‍ അറ്റൻഡ് ചെയ്യരുത്. സന്ദേശങ്ങള്‍ക്ക് മറുപടിയും നല്‍കരുത്. സന്ദേശങ്ങളായി എത്തുന്ന ലിങ്കുകള്‍ തുറക്കാനും ശ്രമിക്കരുത്. ഇത്തരം കോളുകൾ ലഭിച്ചാല്‍ ഉടൻ പോലീസിന്റെ 1090 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കുക.