കൽപറ്റ: വയനാട് സൺറൈസ് വാലിയിൽ നടത്തിയ തെരച്ചിലിൽ ഇന്നും ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തഭൂമിയിൽ നിന്നും അകലെ വളരെ ദുർഘടമായ മേഖലയായിരുന്നു ഇവിടം. കെടാവർ ഡോഗുകൾക്കൊപ്പമാണ് ഇന്നലെയും ഇന്നും തെരച്ചിൽ സംഘം സൺറൈസ് വാലിയിലേക്ക് പോയത്. കഴിഞ്ഞ ദിവസങ്ങളിൽ 12 അംഗ സംഘങ്ങളാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. എന്നാൽ ഇന്നത്തെ തെരച്ചിൽ സംഘത്തിൽ 25 അംഗങ്ങളുണ്ടായിരുന്നു. കൂടാതെ ഇന്ന് സൺറൈസ് വാലിയിലേക്ക് പോയ സംഘത്തിൽ കേരളത്തിന്റെ കെടാവർ നായ്ക്കളായ മായയും മർഫിയുമുണ്ടായിരുന്നു. സ്ഥലത്തെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു ദൗത്യ സംഘം തിരികെയത്തും.
അതേ സമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതി ഇടപെടൽ. വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രിക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. അനധികൃത ഖനനം, പ്രളയമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്നും കോടതി വ്യക്തമാക്കി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് വയനാട് ഉരുൾപൊട്ടലിൽ സ്വമേധയാ കേസെടുക്കുന്നത്. കേസ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നാളെ രാവിലെ കേസ് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും.