2020 ഓഗസ്റ്റ് ഏഴിന് രാത്രി കരിപ്പൂരുകാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മറയില്ല. കൊവിഡിന്‍റെ അടച്ച് പൂട്ടലുകള്‍ക്കിടെ അന്ന് രാത്രി അണമുറിയാതെ തോര്‍ന്ന പെരുമഴയത്ത് ആകാശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ ദുരന്തമായി ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. 21 ജീവനുകള്‍ അന്നില്ലാതായി.
150 ല്‍ പരം പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍. അവരില്‍ പലരും ഇന്ന് പാതിജീവിതം ജീവിക്കുന്നു. മരണമടഞ്ഞവരില്‍ ഏറെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരായിരുന്നു. നിരവധി പ്രവാസി കുടുംബങ്ങളുടെ അത്താണിയാണ് അന്ന് ഊരിത്തെറിച്ചത്.രാത്രി 7.40-ന് മഴ തിമര്‍ത്ത് പെയ്യുന്നതിനിടെയായിരുന്നു ദുരന്തം. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോകം മൊത്തം അടച്ച് തുടങ്ങിയപ്പോള്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനായുളള ‘ വന്ദേ ഭാരത് ദൗത്യ’ത്തിന്‍റെ ഭാഗമായി ദുബായില്‍ നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ എഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടു.
റണ്‍വേയില്‍ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട വിമാനം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും തെന്നി എയര്‍പോര്‍ട്ട് മതിലിലിടിക്കുകയും തുടര്‍ന്ന് ചരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയുമായിരുന്നെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ അപകട കാരണം സംബന്ധിച്ച ഔദ്ധ്യോഗിക അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്ത് വന്നിട്ടില്ല. വിമാനം റണ്‍വേയില്‍ താഴ്ന്നിറക്കുന്നതിലുണ്ടായ പിഴവാണ് അപകടകാരണമെന്ന് അന്ന് പ്രചരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഡി.വി. സാഥേ, കോ പൈലറ്റ് അഖിലേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.