Sunday, September 15, 2024
Homeകേരളംകര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി

പത്തനംതിട്ട —പി.സി. ജോര്‍ജിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലുടെ ബിജെപി നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാംതട്ടയിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് ആണ് ശ്യാമിനെ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന-ജില്ലാ നേതാക്കളെ അധിക്ഷേപിക്കുന്ന തരത്തിലാണ് ശ്യാം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

പി.സിക്ക് സീറ്റ് ലഭിക്കില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞ് ശ്യാം രണ്ടു ദിവസം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ പി.സിയെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക് തടസമെന്തെന്നായിരുന്നു ശ്യാം ജോര്‍ജിന്റെ പടകം സഹിതം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശ്യാം താന്‍ നേതൃത്വത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പോസ്റ്റ് ഇട്ടിരുന്നു. അതിങ്ങനെ:

ആസന്നമായ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന ജില്ലാ ചുമതലയിലിരുന്ന് വ്യക്തി പരമായ അഭിപ്രവയങ്ങള്‍ രേഖപ്പെടുത്താന്‍ പാടില്ല എന്ന സംഘടന അച്ചടക്കം പാലിക്കാതെ പൊതു ഇടത്തില്‍ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയത് ഡിലീറ്റ് ചെയ്ത് തെറ്റ് തിരുത്തുന്നു. ഒപ്പം ഇത്തരത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം ചെയ്തിട്ട് സംഘടന നിശ്ചയിച്ച പാര്‍ട്ടി ചുമതലയില്‍ തുടരാന്‍ അര്‍ഹനല്ലാത്തതിനാല്‍ സ്വയം ഒഴിവാകുന്നു.

ഒപ്പം എന്‍ഡിഎ ദേശീയ നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പാര്‍ട്ടിക്കൊപ്പം അടിയുറച്ച് ഈ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുമെന്നും കൂടാതെ എന്റെ ഈ പോസ്റ്റ് നിമിത്തം സഹപ്രവര്‍ത്തകരില്‍ ഏതെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയപൂര്‍വ്വം ഒരിക്കല്‍ കൂടി ഖേദം പ്രകടിപ്പിക്കുന്നു.

ഇന്നലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ ശ്യാം വീണ്ടും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായവുമായി വന്നു. ഞായറാഴ്ച ഉച്ചയ്ക്ക് എഫ്ബി ലൈവില്‍ വന്ന് ജോര്‍ജിന് വേണ്ടി സംസാരിച്ചിരുന്നു. പിന്നാലെ നേതൃത്വത്തെ വിമര്‍ശിച്ച് വീണ്ടും പോസ്റ്റിട്ടു. അതിങ്ങനെ:

ജനതയുടെ ആഗ്രഹവും ആവശ്യവും തിരിച്ചറിയാന്‍… പ്രസ്ഥാനമേ നിങ്ങള്‍ എല്ലാവരെയും ഫോണില്‍ വിളിച്ചില്ലേ…? നിങ്ങള്‍ സര്‍വേ നടത്തിയില്ലേ?
എല്ലായിടത്തും ഉയര്‍ന്ന ശബ്ദം പി സി ജോര്‍ജിനൊപ്പമായിരുന്നു സാര്‍ എന്നിട്ടും ഇല്ലാന്നത് നിങ്ങള്‍ പറയുമായിരിക്കും…?
പക്ഷേ അനില്‍ ആന്റണി എന്ന ഈ കൂതറയുടെ പേര് അരും സ്വപ്നത്തില്‍ പോലും പറഞ്ഞില്ല പിന്നെ പാവം മോദി നിശ്ചയിച്ചു എന്ന തള്ള് മറ്റേടത്ത് പറഞ്ഞാല്‍ മതി. ബാക്കി എല്ലായിടത്തും മോദിയല്ല നിശ്ചയിച്ചത്. പാര്‍ട്ടി സംസഥാന നേതൃത്വം തന്നെയാണ് പക്ഷേ അവിടുത്തെ പൊതു സ്വീകാര്യത ഉള്‍ക്കൊണ്ടു.പക്ഷേ ഇവിടെ അയ്യന്റെ നാട്ടില്‍ പത്തനംതിട്ടയില്‍ ജില്ലാ നേതൃത്വം ആര് നിന്നാല്‍ എന്താ, എവിടാ നിന്നാല്‍ എന്താ, ഇവിടെ ജയിക്കില്ല എന്ന പടുപാഴുകള്‍ തൃശൂരെപ്പോലെ രണ്ട് വര്‍ഷം മുന്‍പേ മുതല്‍ ആരെയും ഉയര്‍ത്തിക്കാട്ടിയില്ല അല്ലെങ്കില്‍ പൊട്ടനായ പ്രസിഡന്റ് സൂരജിന് ഇങ്ങനൊരു ചിന്തയുമില്ല. ഇനി ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കത്തുമില്ല പിന്നെ എന്ത് എം പി ആരുടെ എം പി കാട്ടുകള്ളന്‍ ആന്റോ ആന്റണിക്ക് എതിരെ ഒരു സമരം പോലും നടത്താതെ കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് തട്ടാന്‍ അവസരം കൊടുത്തത് എല്ലാം കച്ചോടമല്ലാതെ എന്താണ് സാര്‍…?
എല്ലാം പച്ചയ്ക്ക് പത്ര സമ്മേളനത്തില്‍ തെളിവ് സഹിതം പറയും എല്ലാരും കേട്ടാട്ടെ.

ജില്ലാ പ്രസിഡന്റിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് ശ്യാമിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ പ്രസ്താവന വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments