Friday, September 13, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 03, 2024 ഞായർ

വാർത്തകൾ ഒറ്റനോട്ടത്തിൽ – മാർച്ച് 03, 2024 ഞായർ

തയ്യാറാക്കിയത്: കപിൽ ശങ്കർ

🔹സര്‍ക്കാര്‍ ജീവനക്കാര്‍ക്കു രണ്ടാം തിയതിയും ശമ്പളം നല്‍കാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആദ്യ രണ്ടു ദിവസങ്ങളിലായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മൂന്നര ലക്ഷത്തോളമായി. ഇന്നലെ അധ്യാപകര്‍ക്കും ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുമാണു ശമ്പളം നല്‍കേണ്ടിയിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി രണ്ടര ലക്ഷത്തോളം ജീവനക്കാരുണ്ട്. മൊത്തം 5.25 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

🔹സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവര്‍ പിടിയിലായി. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

🔹മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് എറണാകുളത്ത്. 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴിലാളികള്‍, വനിതാ പ്രതിനിധികള്‍, യുവജനങ്ങള്‍ തുടങ്ങിവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിരുന്നു.

🔹78 വയസുള്ള സരോജിനിയമ്മയെ പുറത്താക്കി മകള്‍ വീടുപൂട്ടിപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൈക്കൂടം സ്വദേശിനിയായ സരോജിനി അമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മരട് പൊലീസ് എസ്.എച്ച്. ഒ അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

🔹രാമേശ്വരം കഫെ സ്ഫോടനകേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റു പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട് . പ്രതിയ്ക്കെതിരെ യുഎപിഎ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തി.

🔹പാകിസ്താന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ചൈനയില്‍നിന്ന് പാകിസ്താനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈ തീരത്ത് തടഞ്ഞ് ഇന്ത്യന്‍ സുരക്ഷാ സേന. പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് മുംബൈയിലെ നവാഷേവ തുറമുഖത്ത് സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞത്.

🔹ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

🔹വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🔹സുരേഷ് ഗോപി തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രലിൽ സമർപ്പിച്ച ‘സ്വർണ്ണ കിരീടത്തിലെ ” കള്ളി പുറത്താകുന്നു. ചെമ്പുതകിടിൽ സ്വർണ്ണം പൂശിയതാണ് കിരീടമെന്നും ഇതിന് രണ്ട് ഗ്രാം സ്വർണംമാത്രം മതിയാകുമെന്നാണ് കഴിഞ്ഞ മാസം ചേർന്ന കത്തീഡ്രൽ പാരീഷ് കൗൺസിലിൻ്റെ വിലയിരുത്തൽ. അതിനാൽ ഇതു സംബന്ധിച്ച് കൃത്യമായ മൂല്യനിർണയം നടത്താനുള്ള നീക്കത്തിലാണ് ഭാരവാഹികൾ. അല്ലാത്ത പക്ഷം തുടർന്നു വരുന്ന കൗൺസിലിൽ ഈ ’ “സ്വർണ കിരീട ” ത്തെപ്പറ്റി ഇവർക്ക് മറുപടി പറയേണ്ടിവരും. എല്ലാ മാധ്യമങ്ങളും കൊട്ടിഘോഷിച്ച് വാർത്ത നൽകിയ കിരീട സമർപ്പണത്തിൻ്റെ നിജസ്ഥിതി അറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.

🔹മഹാരാജാസ് കോളേജിലെ പഴയ ചങ്ങാതി കൂട്ടത്തിനൊപ്പം ഒത്തുകൂടി മമ്മൂട്ടി. സുഹൃത്തുക്കളുമായി പഴയ ഓർമകൾ, തമാശകൾ, പുതിയ വിശേഷങ്ങൾ എല്ലാം പങ്കിട്ട് മൂന്നര മണിക്കൂർ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡോ. വി.പി. ഗംഗാധരൻ, കൊൽക്കത്ത മുൻ ഡി.ജി.പി. വി.വി. തമ്പി, ഡോക്യുമെന്ററി ഫിലിം മേക്കർ ഡോ കെ.പി. ജയശങ്കർ, ബാലചന്ദ്രൻ കണ്ണമ്പള്ളി, കേരള ചേംബർ ഓഫ് കൊമേഴ്സ് മുൻ സെക്രട്ടറി എസ്.എ. മൻസൂർ, മുൻ സീനിയർ ഗവ. പ്ളീഡർ അഡ്വ. ബഞ്ചമിൻ പോൾ, ആർട്ടിസ്റ്റ് കെ.പി. തോമസ് തുടങ്ങി 28 പേർ കൂട്ടായ്മയിൽ പങ്കെടുത്തു. മഹാരാജാസിലെ പൂർവ വിദ്യാർഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ സജീവമായ മമ്മൂട്ടി രണ്ടുവർഷം മുൻപ് അബാദ് പ്ളാസ ഹോട്ടലിൽ നടന്ന സൗഹൃദ കൂട്ടായ്മയിലും പങ്കെടുത്തിരുന്നു.

🔹ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്‍-സുരാജ് കൂട്ടുകെട്ട്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ‘നടന്ന സംഭവം’ മാര്‍ച്ച് 22ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments