മലപ്പുറം :- മലപ്പുറം ജില്ലയിലെ ഏറനാട് കാരക്കുന്ന് സ്വദേശി ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീം (26) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിനാണ് യുവാവിനെ ഇടുക്കി സൈബർ പൊലീസ് അറസ്റ്റുചെയ്തത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങിന്റെ വീഡിയോയ്ക്ക് താഴെ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ച് മോശമായി അഭിപ്രായപ്രകടനം നടത്തിയ കുറ്റത്തിനാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശി നൽകിയ പരാതി പ്രകാരമാണ് അറസ്റ്റ്.
പ്രകോപനപരമായ അഞ്ചോളം കമന്റുകള്‍ ഇയാൾ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിസിആർബി ഡിവൈഎസ്‌പി കെ ആർ ബിജുവിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി എ സുരേഷും സംഘവുമാണ് മലപ്പുറത്തു നിന്ന് അറസ്റ്റുചെയ്തത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.