കൊച്ചി : കാലടിയിൽ 100 ഗ്രാം എം ഡി എം എയുമായി കാലടി മറ്റൂർ കാഞ്ഞിലക്കാടൻ വീട്ടിൽ ബിന്ദു (40 ), പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് (44) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാലടി മരോട്ടിച്ചോട് ഭാഗത്തു നിന്നുമാണ് ബിന്ദുവിനെ പൊലീസ് പിടി കൂടിയത്.
ബെംഗളുരുവിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ശേഷം സ്കൂട്ടറിൽ പോവുകയായിരുന്നു ഇവർ. ബിന്ദുവിനെ ചോദ്യം ചെയ്തതോടെ ഇരുവരും ഒരുമിച്ചാണ് ബെംഗളുരുവിൽ പോയതെന്നും മയക്കുമരുന്ന് വാങ്ങിയ ശേഷം ഷെഫീക്ക് ബിന്ദുവിനെ ബസ്സിൽ കയറ്റി വിട്ടതായും സമ്മതിച്ചു.
ഷെഫീഖ് മറ്റൊരു ബസ്സിൽ ബെംഗളൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് ഷെഫീക്കിനെയും പിടികൂടി. ബെംഗളൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു ഇവരുടെ പതിവ്.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷെഫീക്. പെരുമ്പാവൂർ എ എ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്നാണ് ലഹരി കടത്ത് പിടികൂടിയത്.