പാലക്കാട്:പാലക്കാട് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിലാണ് പികെ ശശി ഇനി തുടരുക. നേരത്തെ അച്ചടക്ക നടപടിയെടുത്ത് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നെങ്കിലും ബ്രാഞ്ച് നിശ്ചയിച്ച് നൽകിയിരുന്നില്ല. അതിനാൽ കഴിഞ്ഞ സമ്മേളന കാലത്ത് അദ്ദേഹത്തെ സമ്മേളനങ്ങളിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇനി പാർട്ടിയുടെ മേൽക്കമ്മിറ്റികളിലേക്കെത്താൻ പികെ ശശി താഴേത്തട്ട് മുതൽ വീണ്ടും പ്രവർത്തിക്കേണ്ടി വരും.
പാർട്ടി വിരുദ്ധ പ്രവർത്തനം, സാമ്പത്തിക തിരിമറി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് കൂടെ പരിഗണിച്ചാണ് ശശിയെ പാർട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിയത്. സിപിഎം ജില്ലാ സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ ലഭിച്ചതായി കഴിഞ്ഞ സെപ്തംബറിൽ നടന്ന പാലക്കാട് മേഖല റിപ്പോർട്ടിംഗിനിടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിരുന്നു. പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
കമ്മീഷൻ്റെ പരിശോധനയ്ക്കിടെയാണ് പി.കെ ശശി സി പി എം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്. ചിറ്റൂരിൽ വ്യാപക സ്പിരിറ്റ് വേട്ട നടന്നപ്പോൾ സുരേഷ് ബാബുവിന് അതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശശി ശ്രമം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. സുരേഷ് ബാബുവിൻ്റെ ബന്ധുക്കൾ കള്ളു വ്യവസായ മേഖലയിൽ നിന്നുള്ളവരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
കോയമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ എന്നയാൾ പ്രതിയായ സ്ത്രീപീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയുടെ പേര് സുരേഷ് ബാബു എന്ന് മാറ്റി ജില്ലാ സെക്രട്ടറിക്കെതിരെ പ്രചാരണം നടത്താനും ശ്രമമുണ്ടായി. ഇതിനായി ദേശീയ മാധ്യമത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനെ കൂട്ടുപിടിച്ചു. ശശിയുടെ പ്രവൃത്തിയിലെ കള്ളത്തരം തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകൻ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതിൻ്റെ തെളിവുകളും നേതൃത്വത്തിന് ലഭിച്ചു. ഇതോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി എന്ന തീരുമാനത്തിൽ എത്തിയത്.
ശശി മുതിർന നേതാവായത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതെന്നും മേഖലാ റിപ്പോർട്ടിംഗിനിടെ എം.വി ഗോവിന്ദൻ വിശദീകരിച്ചിരുന്നു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ശശി ഉപയോഗിച്ചു, പലവട്ടം തിരുത്താൻ അവസരം നൽകിയിട്ടും തയ്യാറായില്ലെന്നും മേഖല റിപ്പോർട്ടിംഗിൽ അദ്ദേഹം പറഞ്ഞിരുന്നു. പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ ജില്ല നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്. ബ്രാഞ്ച് അംഗം മാത്രമായ വ്യക്തി ഈ സ്ഥാനത്ത് തുടരുന്നതിൽ അപാകത ഉണ്ടെന്ന പൊതുവികാരമാണ് നേതാക്കൾക്ക്.