ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ഇപ്പോൾ കുറ്റവാസനയില്ലെന്നും ഷെറിന് മാനസാന്തരം ഉണ്ടായെന്നും ജയിലിലെ നല്ല നടപ്പു കൊണ്ടാണ് ഷെറിനെ ശിക്ഷാ ഇളവിന് പരിഗണിച്ചതെന്നും കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എംവി സരള പറഞ്ഞു.ഷെറിന് പ്രത്യേകമായ പരിഗണന കൊടുത്തിട്ടില്ലെന്നും എംവി സരള പറഞ്ഞു.
ഷെറിൻ പരമാവധി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റൊരു തരത്തിലുള്ള പരാതിയും ഇല്ലാത്തതിന്റെ ഭാഗമായാണ് ശിക്ഷ ഇളവ് നകിയത്. ഷെറിന് മാനസാന്തരം വന്നിട്ടുണ്ട്. ശരിയായ ഒരു ജീവിതത്തിലേക്ക് വരുമ്പോൾ അത് പറ്റില്ല നിങ്ങൾ പണ്ടത്തെപ്പോലെ തന്നെ ജീവിക്കണം എന്ന് പറയാൻ പറ്റുമോ എന്നും എംവി സരള ചോദിച്ചു. ശിക്ഷായിളവിൽ തീരുമാനം ഏകകണ്ഠേന എടുത്തതെന്ന് സരള വ്യക്തമാക്കി.
14 വർഷം തടവ് പൂർത്തീകരിച്ച സാഹചര്യത്തിലും, സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ഷെറിൻ സമർപ്പിച്ച അപേക്ഷയും നല്ലനടപ്പും പരിഗണിച്ചാണ് ശിക്ഷയിൽ ഇളവു ചെയ്ത് ജയിൽ മോചനത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയത്. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ സൂചിപ്പിച്ചിരുന്നു.
ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ട കേസിലാണ് മകൻ ബിനു പീറ്ററിന്റെ ഭാര്യ ഷെറിൻ ശിക്ഷിക്കപ്പെട്ടത്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് കൊല്ലപ്പെട്ടത്. ഷെറിനായിരുന്നു ഒന്നാം പ്രതി. ധനിക കുടുംബാംഗമായിരുന്ന ശാരീരിക വെല്ലുവിളികളുള്ള ബിനുവുമായി 2001ലാണ് ഷെറിൻ വിവാഹിതയായത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഷെറിൻ. ഏറെ വൈകാതെ ഇരുവരുടെയും ബന്ധം മോശമായി.
ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി. ഷെറിന്റെ മറ്റു ബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭർതൃപിതാവ് വധിക്കപ്പെട്ടു. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.